Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശൈഖ് ഹസീനയുടെ 'രക്ഷപ്പെടൽ' ദൃശ്യങ്ങളെടുത്തെന്ന ആരോപണമുളള മുൻ വ്യോമസേനാ ഉദ്യോഗസ്ഥനെ നദിയിൽ മരിച്ച നിലയിൽ കണ്ടെത്തി

text_fields
bookmark_border
ശൈഖ് ഹസീനയുടെ രക്ഷപ്പെടൽ ദൃശ്യങ്ങളെടുത്തെന്ന ആരോപണമുളള  മുൻ വ്യോമസേനാ ഉദ്യോഗസ്ഥനെ നദിയിൽ മരിച്ച നിലയിൽ കണ്ടെത്തി
cancel

ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ശൈഖ് ഹസീന രാജ്യം വിട്ടതിന്റെ ദൃശ്യങ്ങളുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട മുൻ ബംഗ്ലാദേശ് വ്യോമസേനാ ഉദ്യോഗസ്ഥൻ കെ.എം തഹ്സിഫ് സൂരിയെ ധാക്കയിലെ തുരാഗ് നദിയിൽ മരിച്ച നിലയിൽ കണ്ടെത്തി. 28കാരനായ മുൻ ഫ്ലൈറ്റ് ലെഫ്റ്റനന്റ് തഹ്സിഫ് സൂരിയുടെ മൃതദേഹം ബുധനാഴ്ചയാണ് കണ്ടെത്തിയത്. ഒക്ടോബർ 27 മുതൽ സൂരിയെ കാണാനില്ലായിരുന്നു.

ഹസീന രാജ്യം വിടുന്നതിന്റെ വീഡിയോ ചിത്രീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്തതുമായി സൂരിക്ക് ബന്ധമുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. മരണത്തിൽ കൊലപാതക സാധ്യത ആരോപിച്ച് സൂരിയുടെ ബന്ധുവും രംഗത്തെത്തി. എന്നാൽ, മരണത്തിന് ഹസീനയുടെ വീഡിയോയുമായുള്ള ബന്ധം ഇതുവരെ അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടില്ല.

ബംഗ്ലാദേശ് ദിനപത്രമായ ദ ഡെയ്‌ലി സ്റ്റാർ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ദേശീയ അടിയന്തര ഹെൽപ്‌ലൈനിന് ലഭിച്ച വിവരത്തെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് രാജാബാരി ഘട്ടിന് സമീപത്തുനിന്ന് മൃതദേഹം കണ്ടെത്തിയത്. പോക്കറ്റിൽനിന്ന് ലഭിച്ച ഐഫോണിലൂടെയാണ് സൂരിയെ തിരിച്ചറിഞ്ഞത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഷഹീദ് സുഹ്‌റവാർദി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

മുങ്ങിമരിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനമെങ്കിലും മരണകാരണം പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ വ്യക്തമാകൂ. അപകടമരണമാണോ ആത്മഹത്യയാണോ കൊലപാതകമാണോ എന്നതും അന്വേഷണത്തിൽ വ്യക്തമായിട്ടില്ല. സംഭവത്തിൽ അന്വേഷണം നടക്കുന്നതിനാൽ ഇപ്പോൾ പ്രതികരിക്കാനില്ലെന്ന് ബംഗ്ലാദേശ് ആഭ്യന്തരമന്ത്രി സലാഹുദ്ദീൻ അഹമ്മദ് പറഞ്ഞു. പ്രാഥമിക അന്വേഷണം പൂർത്തിയാക്കുകയും പോസ്റ്റ്മോർട്ടം നടത്തുകയും ചെയ്തശേഷം കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

സൂരിയുടെ മരണത്തിന് പിന്നാലെ ബന്ധുവായ മൊഷ്ഫെക ജഹാൻ കൊലപാതക ആരോപണം ഉന്നയിച്ചിട്ടുണ്ട്. ഹസീന രാജ്യം വിടുന്നതിന്റെ വീഡിയോ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് സൂരിയെ കൊലപ്പെടുത്തിയതെന്നാണ് അവരുടെ ആരോപണം. വീഡിയോ സൂരി സ്വയം ചിത്രീകരിച്ചതല്ലെന്നും മറ്റൊരു ഉദ്യോഗസ്ഥൻ ചിത്രീകരിച്ച ദൃശ്യങ്ങൾ അദ്ദേഹം പങ്കുവെക്കുക മാത്രമാണ് ചെയ്തതെന്നും അവർ പറഞ്ഞു. വീഡിയോയുമായി ബന്ധപ്പെട്ട് സൂരിക്ക് നിരന്തരം മാനസിക പീഡനം നേരിട്ടിരുന്നുവെന്നും ജഹാൻ ആരോപിച്ചു. വ്യോമസേനയിൽനിന്ന് വിരമിച്ച ശേഷവും രഹസ്യാന്വേഷണ വിഭാഗം അദ്ദേഹത്തെ പിന്തുടർന്നിരുന്നുവെന്നും മരണത്തിന് മുമ്പ് ആരോഗ്യവാനായിരുന്ന സൂരിയെ വീട്ടിൽനിന്ന് പുറത്തേക്ക് വിളിച്ചുവരുത്തിയെന്നും അവർ ആരോപിക്കുന്നു.

2024 ഓഗസ്റ്റ് 5നാണ് 15 വർഷത്തെ ഭരണത്തിന് അന്ത്യം കുറിച്ച് ശൈഖ് ഹസീന ബംഗ്ലാദേശ് വിട്ടത്. രാജ്യത്ത് ശക്തമായ സർക്കാർവിരുദ്ധ പ്രക്ഷോഭം നടന്നതിന് പിന്നാലെയായിരുന്നു ഇത്. സൈനിക വിമാനത്തിൽ ഹസീന രാജ്യം വിടുന്നതിന്റെ ദൃശ്യങ്ങൾ പിന്നീട് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

സൈനിക ഹെലികോപ്റ്ററിൽ ധാക്കയിൽനിന്ന് പുറപ്പെട്ട അവർ പിന്നീട് ബംഗ്ലാദേശ് വ്യോമസേനയുടെ ഹെർക്കുലീസ് വിമാനത്തിൽ ഇന്ത്യയിലെ ഹിൻഡൻ വ്യോമതാവളത്തിലെത്തുകയായിരുന്നു.

അതേസമയം, സൂരി ബംഗ്ലാദേശ് വ്യോമസേനയിൽനിന്ന് വിരമിച്ചതുമായി ബന്ധപ്പെട്ടും ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്. 2025 ഓഗസ്റ്റ് നാലിന് പുറത്തിറക്കിയ പ്രസ്താവനയിൽ, സ്ഥാപനത്തിന്റെ ചട്ടങ്ങൾ അനുസരിച്ചാണ് അദ്ദേഹത്തെ വിരമിപ്പിച്ചതെന്നും അദ്ദേഹത്തിനെതിരെ ആരോപണങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും ബംഗ്ലാദേശ് സൈനിക പബ്ലിക് റിലേഷൻസ് വിഭാഗമായ ഐ.എസ്.പി.ആർവ്യക്തമാക്കിയിരുന്നു.

ഹസീനയുടെ രക്ഷപ്പെടലിന്റെ വീഡിയോയുമായി ബന്ധപ്പെട്ട വിവാദമാണ് അദ്ദേഹത്തിന്റെ സർവീസിൽനിന്നുള്ള വിടവാങ്ങലിന് കാരണമെന്ന തരത്തിൽ റിപ്പോർട്ടുകളും സമൂഹമാധ്യമ ചർച്ചകളും അന്ന് ഉയർന്നിരുന്നു. ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിവരുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മുൻ വ്യോമസേനാ ഉദ്യോഗസ്ഥന്റെ മരണം സംഭവിച്ചിരിക്കുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Former air force officer linked to Sheikh Hasina's escape video found dead in river
Next Story