പുതിയ പോർമുഖം തുറന്ന് ലബനാൻ
text_fieldsബൈറൂത്: ഗസ്സയെയും ഹമാസിനെയും തീർത്ത് മേഖലയിൽ കരുത്തുകൂട്ടാനിറങ്ങിയ ഇസ്രായേലിനു മുന്നിൽ ലബനാൻ പുതിയ പോർമുഖം തുറക്കുമോ? ലബനാനുമായി അതിർത്തിപങ്കിടുന്ന മേഖലകളിൽനിന്ന് ആളുകളോട് ഒഴിഞ്ഞുപോകാൻ ഇസ്രായേൽ നിർദേശം നൽകിയ സാഹചര്യത്തിലാണ് മേഖലയിൽ പുതിയ യുദ്ധമേഘങ്ങൾ രൂപപ്പെടുന്നുവെന്ന സംശയങ്ങൾക്ക് കനംവെച്ചത്. ഗസ്സക്കുമേൽ ആക്രമണം ഇസ്രായേൽ അവസാനിപ്പിക്കണമെന്നും ഇല്ലാത്തപക്ഷം മധ്യപൗരസ്ത്യ ദേശത്ത് മറ്റു മേഖലകളിലേക്കും യുദ്ധം പടരുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു.
മേഖലയിൽ തങ്ങളുടെ ഏറ്റവും വലിയ ശത്രുവായി ഇസ്രായേൽ കാണുന്ന ഹിസ്ബുല്ലയുടെ വശം പതിനായിരക്കണക്കിന് റോക്കറ്റുകളും മിസൈലുകളുമുണ്ടെന്നാണ് കണക്കുകൂട്ടൽ. സിറിയയിലെ 12 വർഷം നീണ്ട ആഭ്യന്തരയുദ്ധത്തിലുൾപ്പെടെ ഇടപെട്ട പരിചയസമ്പത്തുള്ള ആയിരക്കണക്കിന് പോരാളികളും ഹിസ്ബുല്ലക്കുണ്ട്. ഒന്നര പതിറ്റാണ്ടിലേറെ മുമ്പ് ലബനാനിൽ ഇസ്രായേൽ നടത്തിയ ആക്രമണം കാര്യമായ വിജയം വരിക്കാനാകാതെ പിന്മാറേണ്ടിവന്നിരുന്നു.
ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിനുപിന്നാലെ ഗസ്സക്കുമേലുള്ള ആക്രമണങ്ങൾക്കൊപ്പം ലബനാനിലും ഇസ്രായേൽ ബോംബുകൾ വർഷിക്കുന്നത് തുടരുകയാണ്. പ്രത്യാക്രമണമെന്നോണം ഹിസ്ബുല്ലയും ആക്രമണം തുടരുന്നുണ്ട്.
ഇത് തുറന്നപോരാട്ടമായി മാറുമോയെന്നാണ് ലോകം ഉറ്റുനോക്കുന്നത്. ഏറ്റവുമൊടുവിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ രണ്ടുപേർ കൊല്ലപ്പെട്ടിരുന്നു. ബൈറൂതിൽ ഹമാസ് നേതാവ് സാലിഹ് അറൂരി, ഫലസ്തീനിലെ ഇസ്ലാമിക് ജിഹാദ് നേതാവ് സിയാദ് നഖ്ലിഹ് എന്നിവരുമായി ഇറാൻ വിദേശകാര്യ മന്ത്രി അമീറബ്ദുല്ലാഹിയൻ ചർച്ചകൾ നടത്തിയത് ഇസ്രായേൽ കരുതലോടെയാണ് വീക്ഷിച്ചത്.
അൽപം ചരിത്രം
1948ലെയും 1967ലെയും വലിയ യുദ്ധങ്ങളിലുൾപ്പെടെ പരസ്യമായി ഇസ്രായേലിനെതിരെ ഇറങ്ങാത്ത പാരമ്പര്യമാണ് ലബനാന്റേത്. രാഷ്ട്രപിതാക്കളായ റിയാദ് അൽസുൽഹ്, ബെക്കറ അൽഖൂരി എന്നിവർ പക്ഷേ, ഇസ്രായേലിനെ അനുകൂലിക്കേണ്ടതില്ലെന്നും തീരുമാനമെടുത്തിരുന്നു. എന്നാൽ, ഫലസ്തീനി പോരാട്ടസംഘടനകളുടെ കൂട്ടായ്മയായ പി.എൽ.ഒ ആസ്ഥാനം ലബനാൻ തലസ്ഥാനമായ ബൈറൂത് ആയതോടെ അവിടെനിന്നാണ് ഇസ്രായേലിനെതിരായ നീക്കങ്ങൾ ഏകോപിപ്പിച്ചിരുന്നത്. ഇതിനെതിരെ ഇസ്രായേൽ കടന്നുകയറ്റങ്ങളും പതിവായി തുടർന്നു.
1982ൽ തലസ്ഥാനനഗരമായ ബൈറൂത് വരെയെത്തിയ ഇസ്രായേൽ ആക്രമണവും നടന്നു. അതേ വർഷമാണ് ആയിരങ്ങൾ കുരുതി ചെയ്യപ്പെട്ട സബ്റ-ശതീല കൂട്ടക്കൊലക്ക് ഇസ്രായേൽ നേതൃത്വം നൽകുന്നത്. യു.എൻ കാർമികത്വത്തിൽ ഈ ഘട്ടത്തിൽ പി.എൽ.ഒ ലബനാൻ വിട്ടെങ്കിലും പകരം ഇറാൻ റവലൂഷനറി ഗാർഡ് പിന്തുണയോടെയുള്ള ഹിസ്ബുല്ലയെത്തി. 1993ലും 1996ലും സമാനമായി ഇസ്രായേൽ കൂട്ടക്കുരുതികൾ നടത്തി. 2000ൽ ദക്ഷിണ ലബനാനിൽനിന്ന് ഇസ്രായേൽ പിന്മാറ്റവും കണ്ടു. അന്ന് പിന്മാറിയ മേയ് 25 ഇപ്പോഴും ലബനാനിൽ പൊതു അവധി ദിനമാണ്. 2006ൽ ഹിസ്ബുല്ല ഒരുവശത്തും ഇസ്രായേൽ സേന മറുവശത്തും നിന്ന ആക്രമണം 34 നാൾ നീണ്ടുനിന്നു. ലബനാനിൽ 1200 പേർക്കും ഇസ്രായേലിന് 158 പേർക്കും സംഭവത്തിൽ ജീവൻ നഷ്ടമായി. അതിനുശേഷം പൊതുവെ വലിയ ആക്രമണങ്ങളില്ലാതെ നിന്ന നാടാണ് ഒരിക്കൽ കൂടി യുദ്ധമുഖത്തുനിൽക്കുന്നത്.
കാര്യങ്ങൾ കൈവിടുമ്പോൾ ഹമാസ് കാര്യമായ എതിരാളിയാകില്ലെന്ന് ഉറപ്പാണെങ്കിലും ഹിസ്ബുല്ല അമരത്തിരിക്കുന്ന ലബനാനിൽ എങ്ങനെ കാര്യങ്ങൾ വരുതിയിലാക്കുമെന്ന ആലോചനയിലാണ് ഇസ്രായേൽ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.