ശ്രീലങ്കക്ക് സഹായവുമായി ഓപറേഷൻ സാഗർ ബന്ധു; വ്യോമമാർഗം സഹായമെത്തിച്ച് ഇന്ത്യ
text_fieldsശ്രീലങ്കയിലെ ഗാംപോളയിൽ പ്രളയത്തിൽ തകർന്ന കെട്ടിടം
കൊളംബോ: ചുഴലിക്കാറ്റ് കനത്ത നാശം വിതച്ച ശ്രീലങ്കയിൽ ബെയ്ലി പാലവും ജല ശുദ്ധീകരണ യൂനിറ്റുകളും വ്യോമമാർഗം എത്തിച്ചതായി ഇന്ത്യൻ ദൗത്യസംഘം. ദിത്വ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും 479 പേരാണ് ശ്രീലങ്കയിൽ ഇതുവരെ മരിച്ചത്. 350ഓളം പേരെ കാണാതായി. രാജ്യത്തെ നിരവധി ജില്ലകൾ ഒറ്റപ്പെടുകയും അടിസ്ഥാന സൗകര്യങ്ങൾ തകരുകയും ചെയ്തു. ശ്രീലങ്കയുടെ അഭ്യർഥനയെ തുടർന്ന് ഇന്ത്യൻ വ്യോമസേനയുടെ സി-17 ഗ്ലോബ്മാസ്റ്റർ വിമാനത്തിൽ ബെയ്ലി പാലവും 500ലധികം ജലശുദ്ധീകരണ യൂനിറ്റുകളും എത്തിച്ചതായി ഇന്ത്യൻ ഹൈകമീഷൻ അറിയിച്ചു.
പാലം സ്ഥാപിക്കാൻ വിദഗ്ധ എൻജിനീയമാരും ആശുപത്രി പ്രവർത്തനങ്ങൾക്കായി മെഡിക്കൽ സംഘവും ഉൾപ്പെടെ 22 പേർ വിമാനത്തിലുണ്ട്. ഓപറേഷൻ സാഗർ ബന്ധു എന്ന പേരിലാണ് ഇന്ത്യ ശ്രീലങ്കക്ക് സഹായം എത്തിക്കുന്നത്. വ്യോമ, നാവിക, കരസേനാംഗങ്ങൾ രക്ഷാപ്രവർത്തനത്തിനുണ്ടെന്നും അവർ അറിയിച്ചു. പ്രളയത്തിൽ തകർന്ന ശ്രീലങ്കക്ക് ഇന്ത്യ നൽകുന്ന പിന്തുണക്കും സഹായത്തിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ സമൂഹ മാധ്യമത്തിലൂടെ നന്ദി അറിയിച്ചു.
ദുരന്തത്തിൽ നാലര ലക്ഷത്തിലധികം കുടുംബങ്ങളിൽനിന്നുള്ള 16 ലക്ഷം പേർ ഒറ്റപ്പെട്ടതായി ദേശീയ ദുരന്ത നിവാരണ കേന്ദ്രം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

