Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇംറാന്‍റെ യോർക്കറിൽ...

ഇംറാന്‍റെ യോർക്കറിൽ പ്രതിപക്ഷം ഔട്ട്

text_fields
bookmark_border
ഇംറാന്‍റെ യോർക്കറിൽ പ്രതിപക്ഷം ഔട്ട്
cancel

കുമ്മായവരക്കുള്ളിലെ പോരാട്ടവീര്യം ഇംറാൻ രാഷ്ട്രീയക്കളരിയിലും പയറ്റിയപ്പോൾ അവസാനിച്ചത് ലോങ് ഓഫിന് മുകളിലൂടെ പ്രതിയോഗിയെ സിക്സർ പറത്താമെന്ന പ്രതിപക്ഷ പാർട്ടികളുടെ മോഹം

ഇസ്‍ലാമാബാദ്: പിച്ചിന്റെ സ്വഭാവമോ എതിരാളിയുടെ ആവനാഴിയിലെ ആയുധങ്ങളോ കളിക്കളത്തിൽ ഇംറാൻ ഖാൻ എന്ന ക്രിക്കറ്റ് താരത്തെ ഒരിക്കലും അലോസരപ്പെടുത്തിയിട്ടില്ല. മൂളിപാറി വരുന്ന ഇൻസ്വിങ് യോർക്കറുകൾ കുറ്റിയും പിഴുത് പോകുമ്പോഴാണ് എതിരാളിയും അറിയുക. തനിക്ക് ഡ്രസിങ് റൂമിലേക്ക് മടങ്ങാം എന്ന കാര്യം. കുമ്മായവരക്കുള്ളിലെ പോരാട്ടവീര്യം ഇംറാൻ രാഷ്ട്രീയക്കളരിയിലും പയറ്റിയപ്പോൾ അവസാനിച്ചത് ലോങ് ഓഫിന് മുകളിലൂടെ പ്രതിയോഗിയെ സിക്സർ പറത്താമെന്ന പ്രതിപക്ഷ പാർട്ടികളുടെ മോഹം കൂടിയാണ്. ഭൂരിപക്ഷം നഷ്ടപ്പെട്ടിട്ടും തനിക്കെതിരായ അവിശ്വാസ പ്രമേയം തടയാനും പാർലമെന്റിനെ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിലേക്ക് വഴിതുറക്കാനും ഇംറാന് കഴിഞ്ഞത് പ്രതിപക്ഷ നേതാക്കളെ ഒരുപോലെ ഞെട്ടിച്ചു.

2018ൽ അധികാരമേറ്റ ശേഷമുള്ള ഏറ്റവും കഠിനമായ രാഷ്ട്രീയ പരീക്ഷണമാണ് ഇംറാൻ നേരിട്ടത്. പാർട്ടിയിലെ കൂറുമാറ്റങ്ങളും ഭരണസഖ്യത്തിലെ വിള്ളലുകളും കാരണം നിരന്തരം ഭീഷണി നേരിടുകയായിരുന്നു അദ്ദേഹം. ഞായറാഴ്ച പാർലമെന്റിൽ അവിശ്വാസപ്രമേയം നേരിട്ടാൽ തീർച്ചയായും താൻ 'റണ്ണൗട്ടാകാ'നുള്ള സാധ്യത 69കാരനായ ഇംറാൻ തിരിച്ചറിഞ്ഞിരുന്നു. തെരഞ്ഞെടുപ്പിലൂടെ പാകിസ്താനെ ഭരണഘടനാപരവും രാഷ്ട്രീയവുമായ അനിശ്ചിതത്വത്തിലേക്ക് തള്ളിവിട്ടാണെങ്കിലും താൽക്കാലിക രാഷ്ട്രീയവിജയം കൈവരിക്കാൻ അദ്ദേഹത്തിനായി. ഒരു പന്തിൽ മൂന്നു വിക്കറ്റ് വീഴ്ത്തുന്നതിന് തുല്യമായാണ് ഈ നീക്കത്തെ അദ്ദേഹത്തെ പിന്തുണയ്ക്കുന്നവർ വിശേഷിപ്പിച്ചത്.

പിറക്കാതെപോയ 'നയാ പാകിസ്താൻ'

'നയാ പാകിസ്താൻ' സൃഷ്ടിക്കുമെന്ന വാഗ്ദാനങ്ങളോടെയാണ് 2018ൽ ഇംറാന്റെ പാർട്ടിയായ പാകിസ്താൻ തെഹ്‌രീകെ ഇൻസാഫ് (പി.ടി.ഐ) അധികാരമേറ്റത്. എന്നാൽ, ഭക്ഷ്യസാധനങ്ങളുടെ വില നിയന്ത്രിക്കുന്നതിലും മികച്ച വിദേശനയങ്ങൾ സ്വീകരിക്കുന്നതിലും അദ്ദേഹം ദയനീയമായി പരാജയപ്പെട്ടു. പാകിസ്താനെ ഇസ്‍ലാമിക ക്ഷേമരാഷ്ട്രമാക്കുന്നതിനെക്കുറിച്ച് ആവർത്തിച്ചുപറഞ്ഞു. എന്നാൽ, സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയും ചരക്കുകളുടെ വില നിയന്ത്രണവും അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിലും പരാജയപ്പെട്ടു.

26 വർഷത്തെ രാഷ്ട്രീയ ജീവിതത്തിൽ മിക്കവാറും എല്ലാ പ്രതിപക്ഷ നേതാക്കളോടും ആക്ഷേപകരമായാണ് ഇംറാൻ പെരുമാറിയത്. പ്രതിപക്ഷ കക്ഷികൾക്ക് ഒരു കൊടിക്കീഴിൽ ഒന്നിക്കാനും ഇംറാൻ സർക്കാറിനെ അട്ടിമറിക്കുന്ന തരത്തിൽ വളരാനുമാണ് ഇതു വഴിവെച്ചത്. പല ഭരണകക്ഷി അംഗങ്ങളും പ്രതിപക്ഷത്തിനൊപ്പം നിലയുറപ്പിച്ചു. പാകിസ്താൻ മുസ്‍ലിം ലീഗ്-നവാസ് (പി.എം.എൽ-എൻ), പാകിസ്താൻ പീപ്ൾസ് പാർട്ടി (പി.പി.പി) എന്നിവയുടെ ആധിപത്യം തകർക്കാൻ ഇംറാന്റെ പി.ടി.ഐക്കാവാത്തതും തിരിച്ചടിയായി.

രാഷ്ട്രീയക്കളരിയിലെ ഇൻസ്വിങ്ങർ

നീതിക്കുവേണ്ടിയുള്ള പ്രസ്ഥാനം എന്ന പേരിൽ 1996ലാണ് ഇംറാൻ ഖാൻ പി.ടി.ഐ എന്ന പാർട്ടി ആരംഭിക്കുന്നത്. 2002ലെ തെരഞ്ഞെടുപ്പിൽ ഖാൻ പാർലമെന്റ് അംഗമായി. 2013ലെ തെരഞ്ഞെടുപ്പിൽ വീണ്ടും ദേശീയ അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പി.ടി.ഐ രാജ്യത്തെ രണ്ടാമത്തെ വലിയ പാർട്ടിയായും വളർന്നു.

തെരഞ്ഞെടുപ്പിന് ഒരു വർഷത്തിനുശേഷം, 2014 ആഗസ്റ്റിൽ പ്രധാനമന്ത്രി നവാസ് ശരീഫിന്റെ രാജി ആവശ്യപ്പെട്ട് ലാഹോറിൽനിന്ന് ഇസ്‍ലാമാബാദിലേക്ക് ഇംറാൻ നടത്തിയ റാലി രാഷ്ട്രീയ വളർച്ചയിൽ നിർണായകമായി. നവാസ് ശരീഫിന്റെ നേതൃത്വത്തിലുള്ള ഭരണകക്ഷിയായ പാകിസ്താൻ മുസ്‍ലിം ലീഗ് വോട്ടെടുപ്പിൽ കൃത്രിമം നടത്തിയതായും രാജിവെക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു റാലി. ഒടുവിൽ 2018ലെ പൊതുതെരഞ്ഞെടുപ്പിൽ അധികാരത്തിലെത്തി. ഒരു വിദേശ ശക്തിയാണ് പാക്ഭരണകൂടത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്നതെന്നാണ് കഴിഞ്ഞ ദിവസം അമേരിക്കയെ പേരെടുത്തുപറയാതെ അദ്ദേഹം പറഞ്ഞത്. ഈ പ്രസ്താവന സൈന്യം ഉടൻ തിരുത്തിയിരുന്നു. തുടർന്ന് മൂന്നു നിർദേശങ്ങൾ സൈന്യം ഇംറാന് മുന്നിൽവെച്ചു. രാജിവെക്കുക, അവിശ്വാസ പ്രമേയത്തെ നേരിടുക, അതുമല്ലെങ്കിൽ തെരഞ്ഞെടുപ്പിനെ നേരിടുക. ഒടുവിൽ സ്വന്തം കളിമികവിൽ അപ്രതീക്ഷിതമായി പാർലമെന്റ് പിരിച്ചുവിടാനും തെരഞ്ഞെടുപ്പിന് വഴിയൊരുക്കാനും ഇംറാന് കഴിഞ്ഞു.

എന്തിനുമൊരുങ്ങി പ്രതിപക്ഷം; ഭരണ പ്രതിസന്ധിയിൽ വീണ്ടും പാകിസ്താൻ

ഇസ്‍ലാമാബാദ്: വഴികളടഞ്ഞ് വീണ്ടും തെരഞ്ഞെടുപ്പിലേക്ക് കാര്യങ്ങൾ എത്തിക്കുന്നതിൽ പ്രധാനമന്ത്രി ഇംറാൻ ഖാൻ വിജയിച്ചെങ്കിലും കടുത്ത ഭരണപ്രതിസന്ധിയിൽ പാകിസ്താൻ. പാർലമെന്റ് പിരിച്ചുവിട്ട് മൂന്നു മാസത്തിനകം തെരഞ്ഞെടുപ്പ് നടത്താനാണ് നീക്കം. എന്നാൽ, സഭയിൽ കുത്തിയിരുന്ന് പ്രതിഷേധം കനപ്പിച്ച പ്രതിപക്ഷം പോരാട്ടം സുപ്രീംകോടതിയിൽ തുടരാനാണ് ഒരുങ്ങുന്നത്. തന്റെ കക്ഷിയുടെ പ്രതിനിധിയായ ഡെപ്യൂട്ടി സ്പീക്കറെ വെച്ച് അവിശ്വാസ പ്രമേയം തള്ളുന്നതിൽ ഇംറാൻ വിജയിച്ചെങ്കിലും പ്രതിസന്ധി അവിടെ തുടങ്ങുന്നേയുള്ളൂവെന്ന് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അവിശ്വാസം പരിഗണിക്കാതെ തള്ളുക വഴി ഇംറാൻ ഖാൻ നടത്തിയത് നഗ്നമായ ഭരണഘടന ലംഘനമാണെന്നാണ് പ്രതിപക്ഷ നേതാവ് ഷഹ്ബാസ് ശരീഫിന്റെ ആരോപണം.

സൈന്യത്തിന്റെ അകമഴിഞ്ഞ പിന്തുണയോടെ 2018ൽ പാക് ഭരണത്തിന്റെ അമരത്തെത്തിയ ഇംറാനെ പുതിയ പ്രതിസന്ധിയിൽ സൈന്യം തുണക്കുമോ എന്ന് ലോകം ഉറ്റുനോക്കുന്നു. വിഷയത്തിൽ ഇടപെടാനില്ലെന്ന് സൈന്യം വ്യക്തമാക്കുമ്പോൾ അടിയന്തരമായി പരിഗണിക്കുമെന്നാണ് സുപ്രീംകോടതി നിലപാട്.

ഇംറാൻ ഖാന്‍റെ രാഷ്ട്രീയം: നാൾവഴി

  • 1996: തന്റെ രാഷ്ട്രീയ കക്ഷി പാകിസ്താൻ തഹ്‍രീകെ ഇൻസാഫ് (പി.ടി.ഐ) രൂപവത്കരിക്കുന്നു.
  • 2002: നാഷനൽ അസംബ്ലി അംഗമായി തെരഞ്ഞെടുക്കപ്പെടുന്നു
  • 2013: വീണ്ടും നാഷനൽ അസംബ്ലിയിൽ
  • 2018: പൊതുതെരഞ്ഞെടുപ്പിൽ ജയിച്ച് ഇംറാൻ പ്രധാനമന്ത്രി
  • 2022 മാർച്ച് എട്ട്: അവിശ്വാസ വോട്ടെടുപ്പ് പ്രമേയവുമായി പ്രതിപക്ഷം.
  • 2022 മാർച്ച് 30: സഖ്യകക്ഷികളിലേറെയും കൂറുമാറിയതോടെ ഇംറാന് സഭയിൽ ഭൂരിപക്ഷ നഷ്ടം.
  • 2022 മാർച്ച് 31: അവിശ്വാസ വോട്ടെടുപ്പിന് പാർലമെന്റ് ചേരുന്നു.
  • 2022 ഏപ്രിൽ മൂന്ന്: അവിശ്വാസ വോട്ടെടുപ്പ് ഡെപ്യൂട്ടി സ്പീക്കർ തള്ളുന്നു. സഭ പിരിച്ചുവിടാൻ പ്രസിഡന്റിനോട് ഉപദേശിച്ച് ഇംറാൻ. സഭ പിരിച്ചുവിട്ട് പ്രസിഡന്റ് ആരിഫ് അലവി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pakistan PM Imran Khan
News Summary - Opposition bowled in Imran's Yorker
Next Story