ബംഗ്ലാദേശിൽ പ്രതിപക്ഷ പ്രക്ഷോഭം ശക്തം; മുൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ നേതാക്കൾ ജയിലിൽ
text_fieldsധാക്ക: ബംഗ്ലാദേശിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭം നയിച്ച പ്രതിപക്ഷ നേതാക്കൾക്ക് ധാക്ക മെട്രോപൊളിറ്റൻകോടതി തടവുശിക്ഷ വിധിച്ചു. മുൻ ആഭ്യന്തര മന്ത്രിയും ബംഗ്ലാദേശ് നാഷനലിസ്റ്റ് പാർട്ടി വൈസ് ചെയർമാനുമായ അൽതാഫ് ഹുസൈൻ ചൗധരിയെ ജയിലിലയക്കാൻ ഞായറാഴ്ച കോടതി ഉത്തരവിട്ടു. കഴിഞ്ഞയാഴ്ച പ്രതിപക്ഷ പാർട്ടികൾ നടത്തിയ റാലിക്കിടെ പാർട്ടി അനുഭാവികളും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ രണ്ടുപേർ മരിക്കുകയും ചീഫ് ജസ്റ്റിസിന്റെ വസതി തകർക്കുകയും ചെയ്ത സംഭവത്തിലാണ് നടപടി.
ബി.എൻ.പി സെക്രട്ടറി ജനറൽ മിർസ ഫക്റുൽ ഇസ്‍ലാം ആലംഗീറും രണ്ടാമത്തെ നേതാവും മുൻ വാണിജ്യ മന്ത്രിയുമായ അമീർ ഖുസ്റു മഹ്മൂദ് ചൗധരിയും ഉൾപ്പെടെ 8,000ത്തോളം പ്രതിപക്ഷ നേതാക്കളും പ്രവർത്തകരും ജയിലിലാണുള്ളത്. രാജ്യത്ത് പ്രതിപക്ഷ പ്രക്ഷോഭം ശക്തമാണ്. സമരത്തെ അടിച്ചമർത്തുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്.
പ്രതിപക്ഷം ആഹ്വാനം ചെയ്ത 48 മണിക്കൂർ രാജ്യവ്യാപക ഗതാഗത ഉപരോധത്തിനിടയിൽ പലയിടത്തും ഏറ്റുമുട്ടലുണ്ടായി. നിരവധി പൊലീസ് വാഹനങ്ങൾക്ക് തീവെച്ചു. ഒക്ടോബർ 28ന് ധാക്കയിൽ പ്രതിപക്ഷം ലക്ഷം പേരുടെ റാലി നടത്തി. ഇതോടനുബന്ധിച്ചുണ്ടായ അക്രമത്തിൽ പൊലീസുകാരൻ ഉൾപ്പെടെ രണ്ടുപേർ കൊല്ലപ്പെട്ടു. ചീഫ് ജസ്റ്റിസിന്റെ വസതി തകർക്കപ്പെടുകയും ചെയ്തു. ശൈഖ് ഹസീന സർക്കാർ രാജിവെച്ച് സുതാര്യമായ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. രാജിയാവശ്യം തള്ളിയ ഹസീന ബി.എൻ.പിയുമായി ഒരു ഒത്തുതീർപ്പ് ചർച്ചക്കുമില്ലെന്നും സമരത്തെ അടിച്ചമർത്തുമെന്നും വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.