പഹൽഗാം: ഇന്ത്യയും പാകിസ്താനും സംയമനം പാലിക്കണം; സമാധാനപരമായി പ്രശ്നം പരിഹരിക്കണം -യു.എൻ
text_fieldsവാഷിങ്ടൺ: പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യക്കും പാകിസ്താനുമിടയിലുണ്ടായ സംഘർഷ സാഹചര്യം കൂടുതൽ മോശമാകാതിരിക്കാൻ ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്ന് യു.എൻ. സ്ഥിതിഗതികൾ കൂടുതൽ വഷളാവാതിരിക്കാൻ ഇരു രാജ്യങ്ങളും ജാഗ്രത പുലർത്തണമെന്ന് അഭ്യർഥിക്കുകയാണെന്നും യു.എൻ വക്താവ് സ്റ്റീവാനെ ദുജറാറിക് പറഞ്ഞു.
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്നങ്ങൾ ചർച്ചകളിലൂടെ സമാധാനപരമായി പരിഹരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ഇന്ത്യയും പാകിസ്താനും തമ്മിൽ നിലനിൽക്കുന്ന സാഹചര്യവും അദ്ദേഹം വിശദീകരിച്ചു.
ജമ്മുകശ്മീരിലെ പഹൽഗാമിൽ ഭീകരർ നടത്തിയ വെടിവെപ്പിൽ 26 പേർ കൊല്ലപ്പെട്ടതോടെയാണ് ഇന്ത്യയും പാകിസ്താനും തമ്മിൽ സംഘർഷസാഹചര്യം ഉടലെടുത്തത്.തുടർന്ന് സിന്ധുനദീജല കരാർ ഇന്ത്യ റദ്ദാക്കുകയും അട്ടാരി അതിർത്തി അടക്കുകയും ചെയ്തു.
പാകിസ്താൻ പൗരൻമാർക്കുള്ള വിസ ഇന്ത്യ റദ്ദാക്കുകയും ചെയ്തു. ഇതിന് മറുപടിയായി വ്യോമാതിർത്തി അടച്ച പാകിസ്താൻ സിന്ധുനദീജലം തടയുന്നത് യുദ്ധപ്രഖ്യാപനമായി കണക്കാക്കുമെന്നും വ്യക്തമാക്കിയിരുന്നു.
Live Updates
- 25 April 2025 7:57 AM IST
സിന്ധു നദീജല കരാർ മരവിപ്പിച്ച് വിജ്ഞാപനമിറക്കി; പാക് അധികൃതർക്ക് കൈമാറി
പഹൽഗാം ഭീകരാക്രമണത്തിെന്റ പശ്ചാത്തലത്തിൽ പാകിസ്താനുമായുള്ള 1960ലെ സിന്ധു നദീജല കരാർ മരവിപ്പിച്ച് കേന്ദ്ര സർക്കാർ ഔദ്യോഗിക വിജ്ഞാപനമിറക്കി. വിജ്ഞാപനം പാകിസ്താൻ അധികൃതർക്ക് കൈമാറി. അതിർത്തി കടന്നുള്ള ഭീകരതയെ പിന്തുണക്കുന്നത് ഉപേക്ഷിക്കുന്നതു വരെയാണ് സിന്ധു നദീജല കരാർ റദ്ദാക്കുന്നത്. കരാർ മരവിപ്പിക്കുന്നത് പാകിസ്താന് തിരിച്ചടിയാകും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.