പാക്-അഫ്ഗാൻ സമാധാന ചർച്ച പരാജയം
text_fieldsഅങ്കാറ: തുർക്കിയയിലെ ഇസ്തംബൂളിൽ നടക്കുന്ന പാകിസ്താൻ-അഫ്ഗാനിസ്താൻ സമാധാന ചർച്ച പരാജയപ്പെട്ടു.
നാലുദിവസം നീണ്ട ചർച്ചയിൽ പ്രായോഗിക പരിഹാരമായില്ലെന്ന് പാകിസ്താൻ വാർത്താ വിതരണ വകുപ്പ് മന്ത്രി അതാഉല്ലാ തരാർ ‘എക്സി’ൽ കുറിച്ചു. പാകിസ്താന്റെ സമാധാന നിർദേശങ്ങളോട് താലിബാൻ സർക്കാർ നിഷേധാത്മക നിലപാട് സ്വീകരിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിഷയത്തിൽ ഇതുവരെ അഫ്ഗാൻ സർക്കാർ പ്രതികരിച്ചിട്ടില്ല. ഇരു രാജ്യങ്ങളും തമ്മിൽ അതിർത്തിയിൽ സംഘർഷം രൂക്ഷമായതിനെ തുടർന്നാണ് ആദ്യം ഖത്തറിലെ ദോഹയിലും പിന്നീട് തുർക്കിയയിലും സമാധാന ചർച്ച നടന്നത്.
ഒക്ടോബർ 19ന് ഇരു രാജ്യങ്ങളും വെടിനിർത്തലിന് പ്രാഥമിക കരാറിലേർപ്പെട്ടിരുന്നു. എന്നാൽ, തുടർന്നും സംഘർഷം റിപ്പോർട്ട് ചെയ്തു. കഴിഞ്ഞദിവസങ്ങളിൽ തുർക്കിയ ചർച്ചയിൽ കാര്യമായ പുരോഗതിയുണ്ടായിരുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ, നാലാം നാൾ ചർച്ച പരിഹാരമാകാതെ പിരിഞ്ഞു.
അതിർത്തി സംഘർഷത്തിൽ ഇരു രാജ്യങ്ങളുടെയും സൈനികരും സിവിലിയന്മാരുമുൾപ്പെടെ 20ഓളം പേർ കൊല്ലപ്പെട്ടിരുന്നു. അഫ്ഗാനിലെ താലിബാൻ സർക്കാർ അതിർത്തിയിൽ ഭീകരരെ തുറന്നുവിട്ടിരിക്കുകയാണെന്നാണ് പാകിസ്താന്റെ ആരോപണം. ഇക്കാര്യം അഫ്ഗാൻ സർക്കാർ നിഷേധിച്ചിട്ടുണ്ട്. പാകിസ്താൻ അതിർത്തിയിൽ പ്രവർത്തിക്കുന്ന തെഹ്‍രീകെ താലിബാനെ നിയന്ത്രിക്കണമെന്നാണ് പാകിസ്താന്റെ പ്രധാന ആവശ്യം.
ട്രംപ് നിയമിച്ച അറ്റോണി ജനറലിനെ അയോഗ്യനാക്കി
ലോസ് ആഞ്ജലസ്: യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിയമിച്ച ഒരു അറ്റോണി ജനറൽ കൂടി അയോഗ്യനായി.
ഇടക്കാല ആക്ടിങ് അറ്റോണി ജനറലായിരുന്ന സതേൺ കാലിഫോർണിയയിലെ ബിൽ എസ്സായിലിയെയാണ് കാലാവധിക്കുശേഷവും പദവിയിൽ തുടരുന്നതായി കണ്ടെത്തിയതിനാൽ അയോഗ്യനാക്കിയത്. യു.എസ് ജില്ല ജഡ്ജി മിഖായേൽ സീബ്രൈറ്റിന്റേതാണ് നടപടി.
ഫെഡറൽ നിയമമനുസരിച്ച് ആക്ടിങ് അറ്റോണി ജനറലിന് 120 ദിവസമാണ് പദവിയിലിരിക്കാൻ കഴിയുക. ജൂലൈ 29ന് എസ്സായിലിയുടെ കാലാവധി കഴിഞ്ഞിട്ടും മൂന്ന് ക്രിമിനൽ പ്രോസിക്യൂഷൻ നടപടികൾക്ക് അദ്ദേഹം മേൽനോട്ടം വഹിച്ചിരുന്നു. ഇത് കോടതി റദ്ദ് ചെയ്തു.നവാദയിലും ന്യൂജേഴ്സിയിലും സമാനമായ രീതിയിൽ ട്രംപിന്റെ നോമിനികളായ അറ്റോണി ജനറൽമാരെ ജില്ല കോടതികൾ നേരത്തെ അയോഗ്യരാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

