പാക്-അഫ്ഗാൻ സമാധാന ചർച്ച: മൂന്നാംനാളിലും പരിഹാരമായില്ല
text_fieldsഅങ്കാറ: തുർക്കിയയിലെ ഇസ്തംബൂളിൽ നടക്കുന്ന പാകിസ്താൻ-അഫ്ഗാനിസ്താൻ സമാധാന ചർച്ചയിൽ മൂന്നാം ദിവസവും പരിഹാരമായില്ല.
ഇരു രാജ്യങ്ങളും തമ്മിൽ അതിർത്തിയിൽ സംഘർഷം രൂക്ഷമായതിനെ തുടർന്നാണ് തുർക്കിയയുടെ മധ്യസ്ഥതയിൽ സമാധാന ശ്രമങ്ങൾ ആരംഭിച്ചത്. ചർച്ചയിൽ പുരോഗതിയുണ്ടെങ്കിലും പരിഹാരം ഉരുത്തിരിഞ്ഞില്ലെന്ന് തുർക്കിയയിലെ നയതന്ത്ര ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതിർത്തി സംഘർഷത്തിൽ ഇരു രാജ്യങ്ങളുടെയും സൈനികരും സിവിലിയന്മാരുമുൾപ്പെടെ 20ഓളം പേർ കൊല്ലപ്പെട്ടിരുന്നു.
വിഷയത്തിൽ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇടപെടുകയും പ്രശ്ന പരിഹാരത്തിന് ശ്രമിക്കുമെന്ന് പ്രസ്താവിക്കുകയും ചെയ്തിരുന്നു.
തുടർന്നാണ് ആദ്യം ഖത്തറിലും പിന്നീട് തുർക്കിയയിലും വെടിനിർത്തൽ ചർച്ച ആരംഭിച്ചത്. ഒക്ടോബർ 19ന് ഇരു രാജ്യങ്ങളും തമ്മിൽ വെടിനിർത്തലിന് ധാരണയായെങ്കിലും ഇത് പൂർണമായും യാഥാർഥ്യമായില്ല. അഫ്ഗാനിലെ താലിബാൻ സർക്കാർ അതിർത്തിയിൽ ഭീകരരെ തുറന്നുവിട്ടിരിക്കുകയാണെന്നാണ് പാകിസ്താന്റെ ആരോപണം.
ഇക്കാര്യം അഫ്ഗാൻ സർക്കാർ നിഷേധിച്ചിട്ടുണ്ട്. പാകിസ്താൻ അതിർത്തിയിൽ പ്രവർത്തിക്കുന്ന തെഹ്‍രീകെ താലിബാനെ നിയന്ത്രിക്കണമെന്നാണ് പാകിസ്താന്റെ പ്രധാന ആവശ്യം.
തുർക്കിയയിൽ വീണ്ടും ഭൂകമ്പം; കെട്ടിടങ്ങൾ തകർന്നു
അങ്കാറ: പടിഞ്ഞാറൻ തുർക്കിയയിലെ സിന്ദിർഗിയിൽ ഭൂകമ്പത്തിൽ മൂന്നു കെട്ടിടങ്ങളും കടയും തകർന്നു. 22 പേർക്ക് പരിക്കേറ്റു. 6.1 തീവ്രതയാണ് രേഖപ്പെടുത്തിയത്. സിന്ദിർഗിയിൽ ആഗസ്റ്റിലുണ്ടായ ഭൂകമ്പത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ഉയർന്ന ഭൂകമ്പ സാധ്യതയുള്ള മേഖലയിലാണ് തുർക്കിയ സ്ഥിതി ചെയ്യുന്നത്. 2023ൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ രാജ്യത്ത് 53,000 പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് കെട്ടിടങ്ങൾ തകരുകയും ചെയ്തിരുന്നു. അയൽ രാജ്യമായ സിറിയയിൽ 6000 പേർ മരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

