രാജ്യദ്രോഹം: പാകിസ്താനിൽ രണ്ട് മുൻ സൈനിക ഓഫിസർമാർക്ക് തടവുശിക്ഷ
text_fieldsഇസ്‌ലാമാബാദ്: രാജ്യദ്രോഹക്കുറ്റം ചുമത്തി, വിരമിച്ച രണ്ട് പാകിസ്താൻ സൈനിക ഓഫിസർമാരെ കോർട്ട് മാർഷൽ ചെയ്യുകയും 14 വർഷം വരെ കഠിന തടവിന് ശിക്ഷിക്കുകയും ചെയ്‌തു. വിദേശത്ത് താമസിക്കുന്നവരും മുതിർന്ന സൈനിക നേതൃത്വത്തെ വിമർശിക്കുന്നവരുമായ മേജർ (റിട്ട.) ആദിൽ ഫാറൂഖ് രാജ, ക്യാപ്റ്റൻ (റിട്ട.) ഹൈദർ റാസ മെഹ്ദി എന്നിവരെ അവരുടെ അഭാവത്തിലാണ് ശിക്ഷിച്ചത്.
സൈനിക ഉദ്യോഗസ്ഥരെ രാജ്യദ്രോഹത്തിന് പ്രേരിപ്പിച്ച കുറ്റത്തിന് 1952ലെ പാകിസ്താൻ ആർമി ആക്‌ട് പ്രകാരം ഫീൽഡ് ജനറൽ കോർട്ട് മാർഷൽ (എഫ്.ജി.സി.എം) മുഖേന ഇവരെ ശിക്ഷിച്ചതായി സൈന്യം പ്രസ്താവനയിൽ പറഞ്ഞു. രാജ്യദ്രോഹത്തിനുപുറമെ, ചാരവൃത്തിക്കുറ്റവും ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്.
മേജർ രാജക്ക് 14 വർഷത്തെ കഠിന തടവും ക്യാപ്റ്റൻ മെഹ്ദിക്ക് 12 വർഷത്തെ കഠിനതടവുമാണ് ശിക്ഷ വിധിച്ചത്. രാജ്യത്തിനുപുറത്ത് കഴിയുന്നതിനാൽ ഇരുവരും ശിക്ഷ അനുഭവിക്കാൻ സാധ്യതയില്ലെന്ന് ഡോൺ പത്രം റിപ്പോർട്ട് ചെയ്തു.
മുൻ പ്രധാനമന്ത്രിയും പാകിസ്താൻ തെഹ്‌രീകെ ഇൻസാഫ് (പി.ടി.ഐ) പാർട്ടി ചെയർമാനുമായ ഇംറാൻ ഖാന്റെ അറസ്റ്റിനെത്തുടർന്ന് രാജ്യവ്യാപകമായി നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ടതാണ് ശിക്ഷാവിധികളെന്നും റിപ്പോർട്ടുകളുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.