പാക് അധീന കശ്മീരിലെ പ്രക്ഷോഭങ്ങളെക്കുറിച്ചുള്ള വാർത്തകൾക്ക് പിന്നാലെ അൽ ജസീറക്ക് വിലക്കേർപ്പെടുത്തി പാകിസ്താൻ
text_fieldsഅൽ ജസീറ
ഇസ്ലാമാബാദ്: പാക് അധീന കശ്മീരിലെ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളെക്കുറിച്ചും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളെക്കുറിച്ചും വാർത്തകൾ പുറത്തുവിട്ടതിന് പിന്നാലെ അൽ ജസീറക്ക് പാകിസ്താൻ വിലക്ക് ഏർപ്പെടുത്തിയതായി റിപ്പോർട്ട്. പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫ് ഔദ്യോഗികമായി നിരോധനം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, പാകിസ്താനിൽ ഉടനീളമുള്ള നിരവധി ഉപയോക്താക്കൾക്ക് അൽ ജസീറയുടെ ഇംഗ്ലീഷ് വെബ്സൈറ്റ് ആക്സസ് ചെയ്യാൻ കഴിയുന്നില്ലെന്ന് സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ തെരഞ്ഞെടുപ്പ് പ്രക്രിയയെ തെറ്റായ രീതിയിൽ ചിത്രീകരിക്കുന്നുവെന്നും മാധ്യമത്തിന്റെ ഭാഗത്തുനിന്നും പക്ഷപാതപരമായ റിപ്പോർട്ടിങ്ങാണ് ഉണ്ടായതെന്നും ആരോപിച്ച് പാകിസ്താൻ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം രംഗത്തെത്തിയിട്ടുണ്ട്. പ്രദേശത്ത് നീണ്ടുനിൽക്കുന്ന ഇന്റർനെറ്റ് വിച്ഛേദിക്കലുകളും ജനങ്ങളുടെ പ്രതിഷേധങ്ങളും മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഈ റിപ്പോർട്ടിങ് 'മഞ്ഞ മാധ്യമപ്രവർത്തനമാണെന്നും' തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. മുസഫറാബാദിലെ തിരഞ്ഞെടുത്ത ചില പോളിങ് സ്റ്റേഷനുകളിൽ നിന്ന്മാത്രം അൽ ജസീറ വാർത്തകൾ നൽകിയെന്നും, ബോധപൂർവ്വം തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രാലയം എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ച പ്രസ്താവനയിൽ ആരോപിച്ചു.
മുസഫറാബാദിൽ കനത്ത സുരക്ഷയിലും കടകൾ അടഞ്ഞുകിടക്കുന്ന അനിശ്ചിതാവസ്ഥയിലുമാണ് തെരഞ്ഞെടുപ്പ് നടന്നത്. ജമ്മു കശ്മീർ ജോയിന്റ് ആവാമി ആക്ഷൻ കമ്മിറ്റിയുടെ (JAAC) നേതൃത്വത്തിൽ നടന്ന പ്രക്ഷോഭങ്ങളും തെരഞ്ഞെടുപ്പ് ബഹിഷ്കരണാഹ്വാനങ്ങളും മേഖലയിൽ വലിയ സംഘർഷങ്ങൾക്ക് വഴിവെച്ചിരുന്നു. പ്രക്ഷോഭങ്ങളെ തുടർന്നുണ്ടായ സംഘർഷങ്ങളിൽ നിരവധി പേർ കൊല്ലപ്പെടുകയും, ഇന്റർനെറ്റ് സേവനങ്ങൾ തടസ്സപ്പെടുകയും ചെയ്തിരുന്നു. ഈ സംഭവവികാസങ്ങൾ പുറത്തുവിട്ടതിനാണ് അൽ ജസീറയുടെ വെബ്സൈറ്റിന് പാകിസ്താൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.
കൂടാതെ, വിദേശ മാധ്യമപ്രവർത്തകർ പാകിസ്താനിൽ നിന്നും പാക് അധീന കശ്മീരിൽ നിന്നും വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിന് മുൻകൂട്ടി അനുമതി നേടുന്നത് നിർബന്ധമാക്കിക്കൊണ്ട് സർക്കാർ പുതിയ നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

