കടുത്ത നടപടിയുമായി പാക് സർക്കാർ; തെരഞ്ഞെടുപ്പ് റാലി റദ്ദാക്കി ഇംറാൻ
text_fieldsലഹോർ: പഞ്ചാബ് പ്രവിശ്യാ അസംബ്ലി തെരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിന് തുടക്കമിടാൻ പി.ടി.ഐ ലാഹോറിൽ ബുധനാഴ്ച നടത്താനിരുന്ന റാലി റദ്ദാക്കി ഇംറാൻ ഖാൻ. നിരോധനം ലംഘിച്ച് ഒത്തുചേർന്നതിന് നിരവധി അനുയായികളെ അറസ്റ്റ് ചെയ്തതിനെ തുടർന്നാണ് മുൻ പ്രധാനമന്ത്രി ഇംറാൻ ഖാന്റെ പാകിസ്താൻ തെഹ്‍രീകെ ഇൻസാഫ് പാർട്ടി (പി.ടി.ഐ) റദ്ദാക്കിയത്.
എല്ലാവരും പ്രതിഷേധം അവസാനിപ്പിക്കാനും തെരഞ്ഞെടുപ്പ് തടയാനുള്ള മാർഗമായി സർക്കാർ ഇതിനെ ഉപയോഗിക്കുമെന്ന് താൻ ഭയപ്പെടുന്നതായും ഇംറാൻ ഖാൻ ബുധനാഴ്ച പറഞ്ഞു. അവർ ക്രമസമാധാന പ്രശ്നം സൃഷ്ടിക്കാൻ ശ്രമിക്കുകയാണ്. അതുകൊണ്ടാണ് പ്രതിഷേധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും അനുയായികളെ അഭിസംബോധന ചെയ്ത് ഇംറാൻ പറഞ്ഞു.
ലാഹോറിലെ പി.ടി.ഐ അനുഭാവികളെ പിരിച്ചുവിടാൻ പാക് പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിക്കുകയും റാലികൾക്കേർപ്പെടുത്തിയ നിരോധനം ലംഘിച്ചതിന് 40ലധികം പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
നേരത്തെ ഒത്തുചേരൽ, സമ്മേളനങ്ങൾ, കുത്തിയിരിപ്പ് സമരം, റാലികൾ, ഘോഷയാത്രകൾ, പ്രകടനങ്ങൾ എന്നിവക്ക് പഞ്ചാബ് പ്രവിശ്യ സർക്കാർ നിരോധനം ഏർപ്പെടുത്തിയിരുന്നു. പി.ടി.ഐ റാലിക്ക് മണിക്കൂറുകൾക്ക് മുമ്പാണ് നിയന്ത്രണങ്ങൾ വന്നത്.
പ്രവിശ്യാ അസംബ്ലി പിരിച്ചുവിട്ട് ഏപ്രിൽ 30ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. കഴിഞ്ഞ വർഷം ഏപ്രിലിൽ അവിശ്വാസ വോട്ടെടുപ്പിലൂടെ പുറത്താക്കപ്പെട്ട ഏക പാക് പ്രധാനമന്ത്രിയായ ഇംറാൻ ഖാൻ അധികാരം നഷ്‌ടമായതു മുതൽ തീവ്രവാദം, കൊലപാതകശ്രമം, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ ഒരു കൂട്ടം കേസുകൾ നേരിടുന്നുണ്ട്. ഇംറാനെതിരെ ഭരണസഖ്യം 70 ലധികം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് അൽ ജസീറ ലേഖകൻ ഹൈദർ പറയുന്നു.
പ്രധാനമന്ത്രിയായിരിക്കെ വിദേശത്തുനിന്നു ലഭിച്ച വിലയേറിയ സമ്മാനങ്ങൾ കൂടിയ വിലക്കു വിറ്റെന്നും ഇതിന്റെ കണക്കുകൾ മറച്ചുവച്ച് നികുതി വെട്ടിച്ചെന്നുമുള്ള തോഷഖാന കേസിൽ ചൊവ്വാഴ്ച ഇസ്‍ലാമബാദ് ഹൈക്കോടതി ഇംറാനെതിരായ ജില്ലാ സെഷൻസ് കോടതിയുടെ അറസ്റ്റ് വാറന്റ് റദ്ദാക്കിയിരുന്നു. മാർച്ച് 13 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈകോടതിയുടെ സിംഗിൾ ബെഞ്ച് ഉത്തരവിട്ടു. കേസിൽ മാർച്ച് 13ന് ബന്ധപ്പെട്ട കോടതിയിൽ ഹാജരാകാനും വിധിച്ചു.
പ്രതിഷേധ റാലിക്കിടെ കാലിന് വെടിയേറ്റ ഇംറാൻ നവംബർ മുതൽ ലാഹോറിലാണ് താമസിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.