'അന്ന് ചായ തന്ന് വിട്ടു, ഇനി അതുണ്ടാവില്ല'; ഇന്ത്യക്ക് കനത്ത തിരിച്ചടി നൽകും, പ്രകോപനവുമായി പാക് മന്ത്രി
text_fieldsലാഹോർ: ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഉണ്ടാവുന്ന ഏത് രീതിയിലുള്ള ആക്രമണവും പ്രതിരോധിക്കാൻ തയാറാണെന്ന് പാക് മന്ത്രി. പഞ്ചാബ് സർക്കാറിലെ മന്ത്രിയായ അസ്മ ബുഖാരിയാണ് ഇന്ത്യക്കെതിരെ രംഗത്തെത്തിയത്. തെറ്റായ ആരോപണത്തിൽ ഇന്ത്യ ആക്രമണം നടത്തിയാൽ വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും അസ്മ ബുഖാരി പറഞ്ഞു. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണം.
കഴിഞ്ഞ തവണ ഞങ്ങൾ ചായ നൽകി. എന്നാൽ, ഇത്തവണ അതുണ്ടാവില്ലെന്നും ബുഖാരി പറഞ്ഞു. 2019ലെ പുൽവാമ ഭീകരാക്രമണം പരാമർശിച്ചായിരുന്നു മന്ത്രിയുടെ പരാമർശം. വല്ലപ്പോഴും വരുന്ന അതിഥികളെ സഹിക്കാവുന്നതാണ്. എന്നാൽ അതിഥികൾ ഇടയ്ക്കിടെ വന്നാൽ, പാകിസ്താൻ സൈന്യത്തിനും അവിടുത്തെ ജനങ്ങൾക്കും സർക്കാരിനും അതിനനുസരിച്ച് എങ്ങനെ പ്രതികരിക്കണമെന്ന് അറിയാമെന്നും ബുഖാരി പറഞ്ഞു.
പഹൽഗാം ഭീകരാക്രമണത്തിൽ ഖേദമുണ്ട്. അതേസമയം, ഇത് പാകിസ്താനെ തെറ്റായി കുറ്റപ്പെടുത്താനുള്ള അവസരമായി ഇന്ത്യ കാണുന്നു. ഇന്ത്യൻ സൈനിക നടപടിയുമായി മുന്നോട്ട് പോയാൽ പാകിസ്താനെ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്നും ബുഖാരി കൂട്ടിച്ചേർത്തു.
പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് പാകിസ്താനെതിരെ കർശന നടപടിയുമായി ഇന്ത്യ രംഗത്തെത്തിയിരുന്നു. പാകിസ്താനുമായി പതിറ്റാണ്ടുകളായി തുടരുന്ന സിന്ധു നദീജല കരാർ അനിശ്ചിത കാലത്തേക്ക് റദ്ദാക്കുന്നതടക്കമുള്ളവ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കാബിനറ്റ് സുരക്ഷ സമിതി യോഗത്തിലാണ് തീരുമാനമായത്.
പാകിസ്താൻ പൗരന്മാരുടെ സാർക്ക് വിസ റദ്ദാക്കുകയും 48 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ ആവശ്യപ്പെടുകയും ചെയ്തു. അട്ടാരിയിലെ ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റ് ഉടനടി അടച്ചുപൂട്ടും. ന്യൂഡൽഹിയിലെ പാകിസ്താൻ ഹൈകമീഷനിലെ പ്രതിരോധ, സൈനിക, നാവിക, വ്യോമ ഉപദേഷ്ടാക്കൾക്ക് ഇന്ത്യ വിടാൻ ഒരാഴ്ച സമയമനുവദിച്ചു. ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമീഷനിൽനിന്ന് ഇന്ത്യ ഉപദേഷ്ടാക്കളെ പിൻവലിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.