‘പഹൽഗാം ഭീകരാക്രമണത്തിൽ നിഷ്പക്ഷവും സുതാര്യവുമായ അന്വേഷണത്തിന് തയാർ’; മൗനം വെടിഞ്ഞ് പാകിസ്താൻ പ്രധാനമന്ത്രി
text_fieldsശഹബാസ് ശരീഫ്
ഇസ്‌ലാമാബാദ്: അയൽരാജ്യവുമായുള്ള ബന്ധം ഉലയുന്നതിനിടെ പഹൽഗാം ഭീകരാക്രമണത്തിൽ നിഷ്പക്ഷവും സുതാര്യവുമായ അന്വേഷണത്തിന് തയാറാണെന്ന് പാകിസ്താൻ പ്രധാനമന്ത്രി ശഹബാസ് ശരീഫ്. വിഷയത്തിൽ ആദ്യമായാണ് പാക് പ്രധാനമന്ത്രി പ്രതികരിക്കുന്നത്. സമാധാനത്തിനാണ് തങ്ങൾ മുൻഗണന നൽകുന്നതെന്നും എന്നാൽ ഏത് അനിഷ്ട സംഭവത്തെയും നേരിടാൻ പാകിസ്താൻ സജ്ജമാണെന്നും ശഹബാസ് ശരീഫ് പറഞ്ഞു. ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യ സ്വീകരിച്ച നടപടികളിൽ വിമർശനവുമായി പാകിസ്താനിലെ മന്ത്രിമാരടക്കം രംഗത്തുവരുന്നതിനിടെയാണ് ശഹബാസ് ശരീഫിന്‍റെ പ്രതികരണമെന്നത് ശ്രദ്ധേയമാണ്.
“പഹൽഗാമിലെ ആക്രമണവുമായി ബന്ധപ്പെട്ട് നിഷ്പക്ഷവും സുതാര്യവുമായ ഏത് അന്വേഷണത്തിനും പാകിസ്താൻ തയാറാണ്. തെളിവില്ലാതെ ഇന്ത്യ പാകിസ്താനെ കുറ്റപ്പെടുത്തുന്നു. സമാധാനത്തിനാണ് ഞങ്ങൾ മുൻഗണന നൽകുന്നത്. രാജ്യത്തിന്‍റെ അഖണ്ഡതയും സുരക്ഷയുമായി ബന്ധപ്പെട്ട ഒരു കാര്യത്തിലും ഞങ്ങൾ വിട്ടുവീഴ്ച ചെയ്യില്ല” -ശഹബാസ് ശരീഫ് വ്യക്തമാക്കി. അന്താരാഷ്ട്ര ഏജൻസികൾ നടത്തുന്ന ഏതൊരു അന്വേഷണവുമായും ഇസ്‌ലാമാബാദ് സഹകരിക്കാൻ തയാറാണെന്ന് പാകിസ്താൻ പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് ന്യൂയോർക്ക് ടൈംസിനോട് പറഞ്ഞതിന് പിന്നാലെയാണ് ശരീഫിന്റെ പ്രസ്താവന.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച പഹൽഗാമിനടുത്തുള്ള ബൈസരൻ പുൽമേടിൽ ഭീകരരുടെ വെടിയേറ്റ 26 പേർ സംഭവസ്ഥലത്ത് കൊല്ലപ്പെട്ടു. പരിക്കേറ്റ മൂന്ന് പേർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയും മരണത്തിന് കീഴടങ്ങി. ഭീകരതക്ക് മറുപടിയായി, പാകിസ്താനുമായി നയതന്ത്ര ബന്ധത്തിൽ പിന്നോട്ടുപോകാനുള്ള തീരുമാനം ഇന്ത്യ സ്വീകരിച്ചിരുന്നു. സിന്ധുനദീജല കരാർ ഉൾപ്പെടെ മരവിപ്പിച്ച ഇന്ത്യ, പാകിസ്താൻ പൗരരോട് സ്വന്തം രാജ്യത്തേക്ക് മടങ്ങിപ്പോകാൻ ആവശ്യപ്പെടുകയും ചെയ്തു. അട്ടാരി അതിർത്തിയിലെ സംയോജിത ചെക്ക് പോയിന്റും അടച്ചുപൂട്ടി.
പിന്നാലെ ഇന്ത്യക്കെതിരെ വലിയ വിമർശനങ്ങളുമായി പാക് മന്ത്രിമാർ രംഗത്തെത്തി. സിന്ധുനദീജല കരാറിൽനിന്ന് പിന്മാറാനുള്ള ഏകപക്ഷീയ തീരുമാനം അംഗീകരിക്കാനാകില്ലെന്നാണ് പാകിസ്താന്‍റെ നിലപാട്. എന്നാൽ ഭീകരാക്രമണം ഇന്ത്യയുടെ ആത്മാവിനേറ്റ മുറിവാണെന്ന് പറഞ്ഞ പ്രധാനമന്ത്രി മോദി, ഭീകരതയെ പിന്തുണക്കുന്ന പാകിസ്താനോട് ദയ കാണിക്കാനാകില്ലെന്ന് വ്യക്തമാക്കി. ഭീകരാക്രമണത്തിന് ഉപയോഗിക്കുന്ന പ്രദേശങ്ങൾ മുഴുവൻ തുടച്ചുനീക്കുമെന്നും 140 കോടി ഭാരതീയരുടെ ഇച്ഛാശക്തി ഭീകരവാദികൾക്ക് കനത്ത അടി നൽകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.