കനാലിന്റെ പേരിൽ ഒരു വിലപേശലും വേണ്ടെന്ന് പനാമ പ്രസിഡന്റ്
text_fieldsപനാമ സിറ്റി: പനാമ കനാലിന്റെ ഉടമസ്ഥതയെ ചൊല്ലി ഒരു വിലപേശലും വേണ്ടെന്ന് പനാമ പ്രസിഡന്റ് ജോസ് റൗൽ മുലീനോ. യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോയുടെ പനാമ സന്ദർശനത്തിൽ ഇതേക്കുറിച്ച് ചർച്ച ചെയ്യില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പനാമയുടെ നിയന്ത്രണം കൈമാറുക സാധ്യമല്ല. ഇതേക്കുറിച്ച് തനിക്ക് ചർച്ച ചെയ്യാൻ കഴിയില്ല. കനാൽ പനാമയുടെ സ്വന്തമാണെന്നും മുലീനോ വ്യക്തമാക്കി.
പനാമ കനാല്‍ നിയന്ത്രണം തിരിച്ചുപിടിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പലതവണ ഭീഷണിപ്പെടുത്തിയിരുന്നു. കനാല്‍ വഴിയുള്ള ചരക്കുനീക്കത്തിന് പനാമ സര്‍ക്കാര്‍ വന്‍നിരക്ക് ഏർപ്പെടുത്തുന്നെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഭീഷണി. ചൈനയാണ് കനാൽ പ്രവർത്തിപ്പിക്കുന്നതെന്നും ട്രംപ് ആരോപിച്ചിരുന്നു.
അതേസമയം, പനാമ കനാലിന്റെ രണ്ടറ്റത്തെയും തുറമുഖങ്ങൾ കൈകാര്യം ചെയ്യുന്നത് ഹോങ്കോങ് ആസ്ഥാനമായ കൺസോർട്ട്യമാണെന്ന് വെളിപ്പെടുത്തിയ മുലീനോ, കനാലിന്റെ നിയന്ത്രണം പനാമക്ക് തന്നെയാണെന്നും വ്യക്തമാക്കി.
ചൈനയുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചത് തന്റെ മുൻഗാമികളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 82 കിലോമീറ്റര്‍ നീളത്തിലുള്ള മനുഷ്യനിര്‍മിത പനാമ കനാലിലൂടെയാണ് ആഗോള വ്യാപാരത്തിന്റെ നല്ലൊരു ശതമാനവും നടക്കുന്നത്. 1900കളിൽ യു.എസ് നിർമിച്ച കനാലിന്റെ നിയന്ത്രണം 1999 ഡിസംബർ 31നാണ് പനാമക്ക് കൈമാറിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.