'സാക്കിർ നായിക്കിനെ വിലപേശൽ ഉപാധിയാക്കരുത്'; അൻവർ ഇബ്രാഹിം, മോദി കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ ആവശ്യപ്പെട്ട് മലേഷ്യൻ പ്രതിപക്ഷം
text_fieldsനരേന്ദ്ര മോദി, അൻവർ ഇബ്രാഹിം
ക്വാലാലംപൂർ: ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച മതപ്രഭാഷകൻ ഡോ. സാക്കിർ നായിക്കിന്റെ നാടുകടത്തലുമായി ബന്ധപ്പെട്ട് മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമും ഇന്ത്യൻ സർക്കാരും തമ്മിൽ നടന്ന ഉഭയകക്ഷി ചർച്ചകളുടെ വിശദാംശങ്ങൾ പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മലേഷ്യൻ പ്രതിപക്ഷ ഇസ്‌ലാമിസ്റ്റ് പാർട്ടിയായ 'പാസ്' ('പാർട്ടി ഇസ്‌ലാം സെ - മലേഷ്യ') രംഗത്ത്. ന്യൂഡൽഹിയിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അൻവർ ഇബ്രാഹിം നടത്തിയ കൂടിക്കാഴ്ചയിൽ നായിക്കിന്റെ വിഷയം ചർച്ചയായതായി റിപ്പോർട്ടുകൾ പുറത്തുവന്ന പശ്ചാത്തലത്തിലാണ് പാസ് പാർട്ടിയുടെ ഈ നിർണായക ഇടപെടൽ.
ഇന്ത്യ നൽകിയ നാടുകടത്തൽ അപേക്ഷയുടെ നിലവിലെ നിയമപരവും നയതന്ത്രപരവുമായ സ്ഥിതി എന്താണെന്നും, കൂടിക്കാഴ്ചയിൽ ഏതെങ്കിലും തരത്തിലുള്ള ധാരണയിലെത്തിയിട്ടുണ്ടോയെന്നും പാസ് സെക്രട്ടറി ജനറൽ തകിയുദ്ദീൻ ഹസ്സൻ പുറത്തിറക്കിയ പ്രസ്താവനയിൽ സർക്കാരിനോട് ആരാഞ്ഞു. ഇന്ത്യയുമായുള്ള നയതന്ത്ര-വ്യാപാര ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സാക്കിർ നായിക്കിനെ മലേഷ്യ ഒരു "രാഷ്ട്രീയ ഇര"യാക്കുകയോ നയതന്ത്ര വിലപേശൽ ഉപാധിയാക്കുകയോ ചെയ്യരുതെന്ന് തകിയുദ്ദീൻ ഹസ്സൻ മുന്നറിയിപ്പ് നൽകി. സാക്കിർ നായിക്കിനെ വിട്ടുനൽകാൻ ഇന്ത്യയോട് മലേഷ്യ ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ ഉറപ്പുകൾ നൽകിയിട്ടുണ്ടോ എന്ന് സർക്കാർ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
2012 മുതൽ മലേഷ്യയിൽ സ്ഥിരതാമസ പദവി ഉള്ള സാക്കിർ നായിക്കിനെതിരെ ഇന്ത്യ നൽകിയ രേഖകൾ മലേഷ്യൻ നാടുകടത്തൽ നിയമങ്ങൾക്കനുസൃതമാണോയെന്ന് വ്യക്തമാക്കാൻ സർക്കാർ ബാധ്യസ്ഥരാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. സാക്കിർ നായിക്കിന്റെ കേസ് ഒരു വിദേശ രാജ്യവുമായുള്ള സൗഹൃദം ഉറപ്പിക്കാനുള്ള കേവല ഇടപാടായി കാണരുതെന്നും, രാജ്യത്തിന്റെ നിയമവ്യവസ്ഥയുടെയും പരമാധികാരത്തിന്റെയും സുതാര്യത കാത്തുസൂക്ഷിക്കാൻ സർക്കാർ തയ്യാറാകണമെന്നും 'പാസ്' പ്രസ്താവനയിൽ കൂട്ടിച്ചേർത്തു. അതേസമയം, നായിക്കിന്റെ വിഷയം നിയമവാഴ്ചയും ഉഭയകക്ഷി താല്പര്യങ്ങളും മുൻനിർത്തി അതീവ ജാഗ്രതയോടെ മാത്രമേ കൈകാര്യം ചെയ്യുകയുള്ളൂ എന്നായിരുന്നു ന്യൂഡൽഹിയിൽ വെച്ച് അൻവർ ഇബ്രാഹിം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

