Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇറാൻ യുദ്ധത്തിൽ...

ഇറാൻ യുദ്ധത്തിൽ യു.എസിന് ചെലവ് 2.44 ലക്ഷം കോടി; സൈനിക താവളങ്ങൾക്കുണ്ടായ നാശത്തിന്‍റെ യഥാർഥ കണക്ക് പുറത്തുവിടാതെ സൈന്യം

text_fields
bookmark_border
US Iran War
cancel

വാഷിങ്ടൺ: പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷത്തിന്‍റെ കാർമേഘങ്ങൾ ഉരുണ്ടുകൂടുന്നതിനിടെ, ഇറാനുമായുള്ള യുദ്ധത്തിൽ യു.എസിന് 2.44 ലക്ഷം കോടി രൂപ (29 ബില്യൺ ഡോളർ) ഇതുവരെ ചെലവായതായി പെന്‍റഗൺ.

ചൊവ്വാഴ്ച നടന്ന സെനറ്റ് കമ്മിറ്റി ഹിയറിങ്ങിനിടെ പെന്റഗൺ കംപ്ട്രോളർ ജൂൾസ് ഹർസ്റ്റാണ് പുതിയ കണക്ക് വെളിപ്പെടുത്തിയത്. യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തും ഹിയറിങ്ങിൽ പങ്കെടുത്തിരുന്നു. ഏപ്രിൽ അവസാനം ജൂൾസ് കോൺഗ്രസ് അംഗങ്ങൾക്ക് കൈമാറിയ റിപ്പോർട്ടിൽ 25 ബില്യൺ ഡോളറായിരുന്നു ചെലവ്. അന്നായിരുന്നു ട്രംപ് ഭരണകൂടം ഔദ്യോഗികമായി യുദ്ധത്തിലുണ്ടായ സാമ്പത്തിക നഷ്ടം ആദ്യമായി പുറത്തുവിട്ടത്.

പെന്‍റഗൺ പുറത്തുവിട്ട കണക്കിൽ സംശയം പ്രകടിപ്പിച്ച് പലരും രംഗത്തുവന്നിരുന്നു. യഥാർഥ കണക്ക് ഇതിനേക്കാൾ വളരെ കൂടൂതലായിരിക്കുമെന്നാണ് വിമർശകർ പറയുന്നത്. ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികളും മാറ്റിസ്ഥാപിക്കലും പ്രവർത്തന ചെലവും കാരണമാണ് മുമ്പത്തേ കണക്കിൽ വർധനയുണ്ടായതെന്നാണ് പെന്‍റഗണിന്‍റെ വിശദീകരണം. ഫെബ്രുവരി 28നാണ് അമേരിക്കയും ഇസ്രായേലും ഇറാനെതിരെ യുദ്ധം ആരംഭിച്ചത്. ഏപ്രിൽ എട്ടു മുതൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതോടെ സംഘർഷത്തിൽ അയവുവന്നിരുന്നു.

അതേസമയം, ഇറാൻ തിരിച്ചടിയിൽ മിഡിൽ ഈസ്റ്റിലുടനീളമുള്ള യു.എസ് സൈനിക താവളങ്ങൾക്കുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ചോ, ആയുധശേഖരത്തെ കുറിച്ചോ യു.എസ് ഭരണകൂടം ഇതുവരെ വ്യക്തമായ ചിത്രം പുറത്തുവിട്ടിട്ടില്ല. ഹുർമുസ് കടലിടുക്കിലെ നിയന്ത്രണംമൂലം ജനം അനുഭവിക്കുന്ന വിലക്കയറ്റം ഉൾപ്പെടെയുള്ള സാമ്പത്തിക ആഘാതങ്ങളും യുദ്ധത്തിന്‍റെ ചെലവിൽ ഉൾപ്പെടുത്തണമെന്നാണ് പലരും ആവശ്യപ്പെടുന്നത്. യുദ്ധത്തിന്റെ ആകെ ചെലവ് ഒരു ട്രില്യൺ ഡോളറോളം വരുമെന്നാണ് പ്രമുഖ ഹാർവാർഡ് സാമ്പത്തിക ശാസ്ത്രജ്ഞ ലിൻഡ ബിൽമസ് പറയുന്നത്.

പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായുള്ള നിർദേശങ്ങൾ യു.എസും ഇറാനും പരസ്പരം റദ്ദാക്കിയതാണ് മേഖലയിൽ വീണ്ടും സംഘർഷ സാധ്യത സൃഷ്ടിച്ചത്. യു.എസിന്റെ 14 ഇന നിർദേശങ്ങൾക്ക് മറുപടിയായുള്ള ഇറാന്റെ വ്യവസ്ഥകൾ തള്ളിയതിന് പിന്നാലെ, നിലവിലുള്ള വെടിനിർത്തൽ ‘വെന്റിലേറ്ററി’ലാണെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. ഇറാന്റെ നിയന്ത്രണത്തിലുള്ള ഹുർമുസിൽ കപ്പലുകൾക്ക്‍ സുരക്ഷയൊരുക്കാൻ യു.എസ് നാവിക സേനയുടെ ഇടപെടൽ പുനരാരംഭിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

മറുവശത്ത്, ഹുർമുസിൽ ഇറാൻ നിയന്ത്രണം കടുപ്പിക്കുകയും ചെയ്തു. കടലിടുക്കിൽ തങ്ങളുടെ പരമാധികാരം ഉറപ്പിക്കുന്നതിനായി ഇറാൻ പുതിയ നിയമസംഹിത ഔദ്യോഗികമായി നടപ്പാക്കി. മിഡിൽ ഈസ്റ്റിലെ നിലവിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ പേർഷ്യൻ ഗൾഫ് സ്ട്രെയിറ്റ് അതോറിറ്റി എന്ന പേരിൽ ഒരു പുതിയ സംവിധാനം രൂപവത്കരിച്ചാണ് ഇറാൻ ജലപാതയുടെ നിയന്ത്രണം ഏറ്റെടുത്തിരിക്കുന്നത്. ഇനി മുതൽ ഈ പാതയിലൂടെ സഞ്ചരിക്കുന്ന എല്ലാ കപ്പലുകളും മുൻകൂട്ടി അനുമതി വാങ്ങുകയും നിശ്ചിത ടോൾ തുക അടക്കുകയും ചെയ്യേണ്ടത് നിർബന്ധമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Donald TrumpPete HegsethUS Attack on IranUS Iran War
News Summary - Pentagon gives new $29bn Iran war price tag
Next Story