ടെക്സസിൽ ചെറുവിമാനം തകർന്ന് അഞ്ച് മരണം; മരിച്ചത് പിക്ക്ൾബാൾ താരങ്ങൾ
text_fieldsടെക്സസ്: യു.എസിലെ ടെക്സസിൽ പിക്ക്ൾബാൾ താരങ്ങളുമായി പോയ ചെറുവിമാനം തകർന്ന് അഞ്ചുമരണം. ടെക്സസ് ഹിൽ കൺട്രിയിലെ വനപ്രദേശത്താണ് വിമാനം തകർന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന പൈലറ്റും യാത്രക്കാരും അപകടസ്ഥലത്തുവെച്ച് തന്നെ മരിച്ചതായി പബ്ലിക് സേഫ്റ്റി വകുപ്പ് അറിയിച്ചു.
വ്യാഴാഴ്ച രാത്രി 11 മണിയോടെ ഓസ്റ്റിനിൽനിന്ന് തെക്കുപടിഞ്ഞാറുള്ള വിംബർലിയിലാണ് അപകടമുണ്ടായത്. മരിച്ചവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ടെക്സസിലെ അമറില്ലോ പിക്ക്ൾബാൾ ക്ലബിലെ അംഗങ്ങളാണ് മരിച്ചതെന്ന് ക്ലബ് ഭാരവാഹികൾ സ്ഥിരീകരിച്ചു. ടൂർണമെന്റിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് അപകടമുണ്ടായത്.
അമറില്ലോയിൽനിന്ന് പറന്നുയർന്ന സെസ്ന 421 സി എന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. ന്യൂ ബ്രൗൺഫെൽസ് നാഷനൽ വിമാനത്താവളത്തിലേക്കായിരുന്നു ഇവരുടെ യാത്ര. വിമാനം വനപ്രദേശത്ത് പൂർണമായും തകർന്നു കിടക്കുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നു. അമറില്ലോയിൽനിന്ന് രണ്ടു വിമാനങ്ങളിലായാണ് താരങ്ങൾ പുറപ്പെട്ടത്. അതിൽ രണ്ടാമത്തെ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തിരുന്നു. ഫെഡറൽ അധികൃതർ അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

