ഇസ്രായേൽ-ഫലസ്തീൻ; ദ്വിരാഷ്ട്ര പരിഹാരം വേണമെന്ന് ആവർത്തിച്ച് മാർപാപ്പ
text_fieldsഇസ്തംബൂൾ: ഇസ്രായേൽ-ഫലസ്തീൻ സംഘർഷം അവസാനിപ്പിക്കാൻ ദ്വിരാഷ്ട്ര പരിഹാരമാണ് മാർഗമെന്ന് ആവർത്തിച്ച് ലിയോ പതിനാലാമൻ മാർപാപ്പ. തുർക്കിയ സന്ദർശനം പൂർത്തിയാക്കി ലബനാനിലേക്കുള്ള യാത്രക്കിടെയാണ് അദ്ദേഹം ഇക്കാര്യം പ്രസ്താവിച്ചത്.
തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാനുമായുള്ള കൂടിക്കാഴ്ചയിൽ ഗസ്സ, യുക്രെയ്ൻ യുദ്ധങ്ങൾ പരാമർശിച്ചോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, ഇരു സംഘർഷങ്ങളും അവസാനിപ്പിക്കാൻ തുർക്കിയക്ക് നിർണായക പങ്കുവഹിക്കാൻ കഴിയുമെന്നായിരുന്നു പ്രതികരണം.
ഇസ്രായേൽ-ഫലസ്തീൻ സംഘർഷം അവസാനിപ്പിക്കാൻ ദ്വിരാഷ്ട്ര പരിഹാരം വേണമെന്നതാണ് വത്തിക്കാെന്റ ദീർഘകാല നിലപാടെന്ന് മാർപാപ്പ പറഞ്ഞു. ഈ ഘട്ടത്തിൽ ഇസ്രായേൽ ആ പരിഹാരം അംഗീകരിക്കുന്നില്ലെന്ന് നമുക്കറിയാം. എന്നാൽ, ഇതിന് മാത്രമാണ് ശാശ്വത പരിഹാരമുണ്ടാക്കാൻ കഴിയുക. ഇസ്രായേലിെന്റയും സുഹൃത്തുക്കളാണ് വത്തിക്കാൻ. അതിനാൽ, എല്ലാവർക്കും നീതി എന്ന തത്ത്വത്തിലൂന്നി ഇരു കൂട്ടരെയും സമാധാനത്തിെന്റ പാതയിലേക്ക് കൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിറക് ശേഖരിക്കാനിറങ്ങിയ സഹോദരങ്ങളായ കുരുന്നുകളെ ബോംബിട്ട് കൊന്ന് ഇസ്രായേൽ
ഗസ്സക്കുള്ളിൽ ഇസ്രായേൽ സേന തങ്ങളുടേതായി നിശ്ചയിച്ച അതിർത്തി കടന്നെന്നാരോപിച്ച് എട്ടും 11ഉം വയസ്സുള്ള സഹോദരങ്ങളെ ബോംബിട്ട് കൊന്നു. ഖാൻ യൂനുസിലെ ബനൂ സുഹൈലയിലാണ് ഫാദി അബൂ അസി, ജുമാ എന്നീ കുരുന്നുകൾ ക്രൂരമായി കൊല്ലപ്പെട്ടത്. വെടിനിർത്തൽ കരാറിന്റെ ഭാഗമായി ഇസ്രായേൽ നിശ്ചയിച്ച അതിർത്തി കടന്നെന്നായിരുന്നു ഇവർക്കെതിരെ ആരോപണം. അടുപ്പ് കത്തിക്കാൻ വിറക് തേടി പോയതായിരുന്നു മക്കളെന്ന് പിതാവ് മുഹമ്മദ് അബൂ അസി പറഞ്ഞു.
സമാനമായി റഫയിലും ഇസ്രായേൽ സൈനിക ആക്രമണത്തിൽ ഒരു ഫലസ്തീനി കൊല്ലപ്പെട്ടു. ഗസ്സക്കുള്ളിൽ നിലയുറപ്പിച്ച ഇസ്രായേൽ സൈനികരുടെ പരിസരത്തെത്തിയെന്നാണ് ഇയാൾക്കെതിരായ കുറ്റം. വെടിനിർത്തലിനുശേഷം ഗസ്സയുടെ പകുതി ഭാഗം പൂർണമായി ഇസ്രായേൽ സൈനിക നിയന്ത്രണത്തിലാണ്. ഈ പ്രദേശങ്ങളിൽ ഫലസ്തീനികൾക്ക് പ്രവേശനം വിലക്കിയത് ജീവിതം ദുസ്സഹമാക്കിയിട്ടുണ്ട്. ഹമാസ് നിരായുധീകരിക്കപ്പെടുകയും അന്താരാഷ്ട്ര സേന ഇവിടെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്യുന്നതോടെ ഇവിടെനിന്ന് പിന്മാറുമെന്നാണ് ഇസ്രായേൽ വാഗ്ദാനം.
ഗസ്സയിൽ ഇസ്രായേൽ തുടരുന്ന കുരുതിയിൽ മരണസംഖ്യ 70,103 ആയിട്ടുണ്ട്. ഇവരിലേറെയും കുട്ടികളും സ്ത്രീകളുമാണ്. പുതുതായി കൊല്ലപ്പെടുന്നതിന് പുറമെ കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ തുടരുന്ന തെരച്ചിലിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തുന്നതും തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരാളുടെ മൃതദേഹം ലഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

