തെരുവിൽ നിന്ന് 35 ഡോളറിന് വാങ്ങിയ ചീനപാത്രത്തിന് കോടികൾ വിലയിട്ട് ലേല സ്ഥാപനം; അപൂർവ്വങ്ങളിൽ അപൂർവ്വമെന്ന് സോതെബി
text_fieldsന്യൂയോർക്ക്: അമേരിക്കയിലെ തെരുവ് കച്ചവടക്കാരനിൽ നിന്ന് 35 ഡോളറിന് വാങ്ങിയ ചീനപ്പാത്രം കോടികൾ വിലയിട്ട് ലേലത്തിന് വയ്ക്കുന്നു. മൂന്നു മുതൽ അഞ്ച് ലക്ഷം ഡോളർ വിലയാണ് പാത്രത്തിന് പ്രതീക്ഷിക്കുന്നത്. അമേരിക്കയിലെ വടക്കുകിഴക്കൻ സംസ്ഥാനമായ കണക്റ്റിക്കട്ടിലാണ് അപൂർവ്വ കച്ചവടം നടന്നത്. വഴിയോരത്തുനിന്ന് അതിലോലമായ പുഷ്പ രൂപങ്ങളുള്ള മൺപാത്രം വാങ്ങുേമ്പാൾ ഉടമ ഒരിക്കലും തനിക്കിത് ഇത്രവലിയ ഭാഗ്യം കൊണ്ടുവരുമെന്ന് വിചാരിച്ചിരുന്നില്ല. അവസാനം പ്രമുഖ ലേല സ്ഥാപനമായ സോതെബീസാണ് പാത്രത്തിന്‍റെ വില നിർണയിച്ചത്.
സോതെബീസിലെ സെറാമിക്സ് വിദഗ്ധരാണ് പാത്രം 15ാം നൂറ്റാണ്ടിലേതാണെന്ന് കണ്ടെത്തിയത്. ആദ്യം ഫോട്ടോകൾ അയച്ച ഉടമ പിന്നീട് പാത്രം നേരിട്ട് ലേല സ്ഥാപനത്തിലേക്ക് കൊണ്ടുപോവുകയായിരുന്നു. പാത്രത്തിന്‍റെ ഉടമ ആരെന്നത് വെളിപ്പെടുത്തിയിട്ടില്ല.1402 മുതൽ 1424 വരെ ചൈന ഭരിച്ച മിംഗ് രാജവംശത്തിലെ മൂന്നാമത്തെ ചക്രവർത്തിയായ യോങ്‌ലെ ചക്രവർത്തിയുടെ കൊട്ടാരത്തിനായാണ് പാത്രം നിർമിച്ചതെന്നാണ് വിലയിരുത്തൽ. 'ലോകത്ത് ഇത്തരം ആറ് പാത്രങ്ങൾ മാത്രമേ കണ്ടെത്തിയിട്ടുള്ളൂ. ഇത് ഏഴാമത്തേതാണ്. ഇത് വളരെ എക്സ്ക്ലൂസീവ് ഗ്രൂപ്പാണ്'-ന്യൂയോർക്കിലെ സോതെബീസിലെ ചൈനീസ് കലാസൃഷ്ടികളുടെ തലവൻ ഏഞ്ചല മക്കതീർ എഎഫ്‌പിയോട് പറഞ്ഞു.
സോതെബീസ് പുതുതായി കണ്ടെത്തിയ ഏഴാമത്തെ പാത്രം മാർച്ച് 17ന് ലേലത്തിന് വയ്ക്കും. 300,000 മുതൽ 500,000 ഡോളർ വരെ വില ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിൽ അഞ്ച് പാത്രങ്ങൾ മ്യൂസിയങ്ങളിലാണ്. രണ്ടെണ്ണം തായ്‌വാനിലും രണ്ടെണ്ണം ലണ്ടനിലും ഒന്ന് ടെഹ്‌റാനിലും ഉണ്ട്. ആറാമത്തേത് അവസാനമായി വിപണിയിൽ കണ്ടത് 2007 ലാണ്. അത് സ്വകാര്യവ്യക്തിയുടെ പക്കലാണുള്ളത്. ഇത്തരമൊരു പാത്രം ചൈനയിൽ നിന്ന് അമേരിക്കയിൽ എത്തിയതെങ്ങനെയെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.