കൂട്ടക്കൊലക്ക് ഒരുക്കം
text_fieldsഗസ്സ സിറ്റി/ജറൂസലം: വടക്കൻ ഗസ്സയിലെ 11 ലക്ഷം ജനങ്ങളോട് 24 മണിക്കൂറിനകം ഒഴിഞ്ഞുപോകണമെന്ന ഇസ്രായേലിന്റെ മനുഷ്യത്വവിരുദ്ധ അന്ത്യശാസനത്തിനെതിരെ ഐക്യരാഷ്ട്രസഭയും അറബ് രാഷ്ട്രങ്ങളും. മുന്നറിയിപ്പിനെ തുടർന്ന് വടക്കൻ ഗസ്സയിൽനിന്ന് ആയിരങ്ങൾ വാഹനങ്ങളിലും നടന്നും തെക്കൻ മേഖലയിലേക്ക് നീങ്ങുന്നതായി അൽജസീറ റിപ്പോർട്ട് ചെയ്തു. ഐക്യരാഷ്ട്ര സഭയുടെ വാഹനങ്ങളിൽ ആളുകൾ നീങ്ങുകയാണെന്നും വഴിയിൽ ബോംബിങ് നടക്കുന്നുവെന്നും റിപ്പോർട്ടുണ്ട്.
അതിഭയാനക മാനുഷിക പ്രത്യാഘാതമുണ്ടാക്കുന്ന ഉത്തരവ് പിൻവലിക്കണമെന്ന് ഐക്യരാഷ്ട്രസഭ ഇസ്രായേലിനോട് ആവശ്യപ്പെട്ടു. നിരവധി അറബ് രാജ്യങ്ങളും ഉത്തരവിനെതിരെ മുന്നറിയിപ്പ് നൽകി. അതേസമയം, ഇസ്രായേൽ സേന ഉത്തരവ് പിൻവലിച്ചിട്ടില്ല. ഗസ്സ നിവാസികൾ സ്വന്തം മണ്ണ് വിട്ട് എങ്ങോട്ടും പോകില്ലെന്നാണ് ഹമാസ് ഇതിനോട് പ്രതികരിച്ചത്. ‘‘ഞങ്ങൾക്ക് രണ്ടു വഴികളാണുള്ളത്. അധിനിവേശകരെ തോൽപിക്കുക, അല്ലെങ്കിൽ പിറന്ന മണ്ണിൽ മരിച്ചുവീഴുക’’ -ഹമാസിന്റെ രാഷ്ട്രീയ-അന്താരാഷ്ട്ര കാര്യ തലവൻ ബാസിം നഈം പ്രസ്താവിച്ചു. ഒഴിഞ്ഞുപോകണമെന്ന മുന്നറിയിപ്പ് മനശ്ശാസ്ത്രയുദ്ധമാണെന്നും ഇതിൽ വീഴരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, വെള്ളിയാഴ്ചയും ആക്രമണം തുടർന്ന ഗസ്സയിൽ മരണസംഖ്യ 1,800 കവിഞ്ഞു. 6,388 പേർക്ക് പരിക്കേറ്റു. വെസ്റ്റ് ബാങ്കിൽ 44 പേരും കൊല്ലപ്പെട്ടു. ഇസ്രായേലിൽ മരണസംഖ്യ 1300 കവിഞ്ഞു. 3400 പേർക്ക് പരിക്കുണ്ട്. ലബനാൻ അതിർത്തിയിൽ ഇസ്രായേലിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ചവരും സൈന്യവും തമ്മിൽ ഏറ്റുമുട്ടി. ആളപായം സംബന്ധിച്ച് വിവരമില്ല. അതിർത്തി മതിൽ തകർക്കാനും ശ്രമിച്ചു. തെക്കൻ ലബനാനിൽ ഇസ്രായേൽ ഷെല്ലാക്രമണത്തിൽ റോയിട്ടേഴ്സ് വിഡിയോഗ്രാഫർ ഇസ്സാം അബ്ദുല്ല കൊല്ലപ്പെട്ടു. ഇസ്രായേൽ-ഹമാസ് സംഘർഷത്തിന്റെ അടിസ്ഥാനകാരണം ഫലസ്തീൻകാരോടുള്ള ചരിത്രപരമായ നീതിനിഷേധമാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പറഞ്ഞു.
ഇതിനിടെ ഫലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ഗസ്സയിലെ നരനായാട്ട് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് വെള്ളിയാഴ്ച ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വൻ റാലികൾ നടന്നു. ലോകമെങ്ങും ഇസ്ലാംമത വിശ്വാസികൾ ജുമുഅ ഖുതുബയിൽ ഗസ്സ നിവാസികൾക്കുവേണ്ടി പ്രാർഥിച്ചു.
ഇസ്രായേൽ ആക്രമണം തുടരുകയാണെങ്കിൽ മറ്റു യുദ്ധമുഖങ്ങൾ കൂടി തുറക്കേണ്ടി വരുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. സമയമായാൽ ഹമാസിനൊപ്പം ചേർന്ന് പൊരുതാൻ തയാറാണെന്ന് ലബനാനിലെ ഹിസ്ബുല്ലയും പ്രഖ്യാപിച്ചു. ഫലസ്തീനികളെ ഈജിപ്തിലേക്ക് നീക്കാനാണ് ഇസ്രായേൽ ഇതിലൂടെ ശ്രമിക്കുന്നതെന്ന് നിരീക്ഷകർ ആരോപിക്കുന്നു. ഗസ്സയിൽ കര വഴി അധിനിവേശം നടത്താൻ അതിർത്തിയിൽ സജ്ജരായിരിക്കുകയാണ് ഇസ്രായേൽ സേന. അതേസമയം, ഇത്രയും ജനങ്ങൾക്ക് ഇത്ര ചുരുങ്ങിയ സമയത്ത് ഒഴിഞ്ഞുപോകാനാകില്ലെന്ന് ഇസ്രായേൽ സൈന്യം തന്നെ സമ്മതിക്കുന്നുണ്ട്. നിർബന്ധിത ഒഴിപ്പിക്കൽ എതിർക്കുന്നുവെന്ന് ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്, യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി ജോർഡനിൽ നടത്തിയ ചർച്ചയിൽ അറിയിച്ചു. ഒഴിഞ്ഞുപോകാനുള്ള അന്ത്യശാസനം അംഗീകരിക്കാനാകില്ലെന്നും ഉടൻ പിൻവലിക്കണമെന്നും തുർക്കിയ പ്രതികരിച്ചു. ജനങ്ങൾക്ക് മാറാൻ ഇസ്രായേൽ മാന്യമായ മുന്നറിയിപ്പാണ് നൽകിയതെന്നും പക്ഷേ ഇത്ര കുറഞ്ഞ സമയത്തിൽ ഇവിടം വിട്ടുപോകൽ ഏറെ ശ്രമകരമാണെന്നാണ് വൈറ്റ്ഹൗസ് പറഞ്ഞത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.