വെടിനിർത്തലിന് സമ്മർദം; നിർത്തില്ലെന്ന് ഇസ്രായേൽ
text_fieldsഗസ്സയിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടിലൂടെ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട കുഞ്ഞിന്റെ മൃതദേഹവുമായി നീങ്ങുന്ന ഫലസ്തീനി
ഗസ്സ സിറ്റി: ഗസ്സയിൽ വെടിനിർത്തലിന് അന്താരാഷ്ട്ര സമ്മർദം ശക്തമാകുമ്പോഴും കൂസലില്ലാതെ ഇസ്രായേൽ. വ്യാഴാഴ്ച ചേർന്ന യൂറോപ്യൻ യൂനിയൻ ഉച്ചകോടിയിൽ സംസാരിച്ച സ്പെയിൻ, ബെൽജിയം, മാൾട്ട, അയർലൻഡ് തുടങ്ങിയ രാജ്യങ്ങളുടെ ഭരണാധികാരികൾ വെടിനിർത്തൽ ആവശ്യം ശക്തമായി ഉയർത്തിയതും വെസ്റ്റ് ബാങ്കിൽ അക്രമം നടത്തുന്ന ഇസ്രായേലി കുടിയേറ്റക്കാർക്ക് വിസ നൽകില്ലെന്ന് യു.കെ പ്രഖ്യാപിച്ചതും ഇസ്രായേലിന് തിരിച്ചടിയായി.
എന്നാൽ, ലോകത്തിന്റെ പൊതുവികാരത്തെ അവഗണിച്ച് വിജയം നേടുന്നതുവരെ യുദ്ധം തുടരാനുള്ള തീരുമാനത്തിലാണ് ഇസ്രായേൽ. ഹമാസിനെ പൂർണമായി തകർക്കുന്നതുവരെ ഗസ്സയിൽ യുദ്ധം തുടരുമെന്നും അതിൽ ഒരു ചോദ്യവുമില്ലെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു കഴിഞ്ഞ ദിവസം പറഞ്ഞു. തങ്ങളെ തടയാൻ ഒന്നിനും കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിനിടെ, തെക്കൻ ഗസ്സയിൽ ഈജിപ്തുമായുള്ള അതിർത്തിയിലെ റഫയിലും ഇസ്രായേൽ ആക്രമണം ശക്തമാക്കി. വടക്കൻ ഗസ്സയും മധ്യ ഗസ്സയും തകർത്ത ഇസ്രായേൽ സൈന്യം തെക്കൻ ഗസ്സയിലേക്കും ആക്രമണം വ്യാപിപ്പിക്കുന്നത് സ്ഥിതിഗതികൾ രൂക്ഷമാക്കും. റഫയിൽ കഴിഞ്ഞദിവസം രാത്രി രണ്ടു പാർപ്പിട സമുച്ചയങ്ങളിൽ ഇസ്രായേൽ ആക്രമണത്തിൽ 20 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. കുട്ടികൾ ഉൾപ്പെടെ നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി അൽജസീറ റിപ്പോർട്ട് ചെയ്തു.
ഗസ്സയിൽ കഴിഞ്ഞ ദിവസമുണ്ടായ ഇസ്രായേൽ ആക്രമണത്തിൽ 179 പേർ കൊല്ലപ്പെടുകയും 303 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ആരോഗ്യമന്ത്രാലയം വക്താവ് അഷ്റഫുൽ ഖുദ്ര പറഞ്ഞു. ഒക്ടോബർ ഏഴിനുശേഷം ഇതുവരെ 18,787 പേരാണ് ഗസ്സയിൽ കൊല്ലപ്പെട്ടത്. 50,897 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
അതേസമയം, കരയുദ്ധത്തിൽ ഹമാസിന്റെ പോരാളികൾ ശക്തമായി തിരിച്ചടിക്കുന്നതായാണ് റിപ്പോർട്ട്.
ആറാഴ്ച പിന്നിടുന്ന യുദ്ധത്തിൽ വടക്കൻ ഗസ്സയിലെ പല ഭാഗങ്ങളും തകർക്കുകയും ഗസ്സക്കുമേൽ ഇസ്രായേൽ സമ്പൂർണ ഉപരോധം ഏർപ്പെടുത്തുകയും ചെയ്തിട്ടും ഹമാസിന്റെ പോരാട്ടശേഷി അവസാനിച്ചിട്ടില്ലെന്നാണ് വിലയിരുത്തൽ. ഫലസ്തീൻ ജനതക്കിടയിൽ ഹമാസിന് പിന്തുണ വർധിക്കുകയും സാധാരണക്കാർ കൊല്ലപ്പെടുന്നതിൽ അമേരിക്ക ആശങ്ക പ്രകടിപ്പിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇസ്രായേൽ സമ്മർദത്തിലാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.