മുഹമ്മദ് നബിയെ നിന്ദിച്ച് ഫേസ്ബുക്ക് കമന്റ്; പ്രവാസിയുടെ വധശിക്ഷ സൗദി അറേബ്യ റദ്ദാക്കി
text_fieldsകൊളംബോ: പ്രവാചക നിന്ദയെ തുടർന്ന് സൗദി അറേബ്യയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട ശ്രീലങ്കൻ പ്രവാസി തൊഴിലാളിയുടെ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കി. ശ്രീലങ്കയിലെ കിഴക്കൻ പ്രവിശ്യയിൽപ്പെട്ട കൽമുനയിൽ നിന്നുള്ള 24കാരനായ അനോജൻ ശിവരാസയുടെ വധശിക്ഷയാണ് ചൊവ്വാഴ്ച സൗദി സുപ്രീം കോടതി റദ്ദാക്കിയത്.
ശ്രീലങ്കൻ സർക്കാരിന്റെയും നയതന്ത്ര ഉദ്യോഗസ്ഥരുടെയും നിരന്തരമായ നിയമപോരാട്ടങ്ങൾക്കും ഇടപെടലുകൾക്കുമൊടുവിലാണ് വധ ശിക്ഷ ഒഴിവാക്കിയത്.കഴിഞ്ഞ ജൂലൈയിലാണ് അനുജൻ ശിവരാസ സൗദി അറേബ്യയിൽ അറസ്റ്റിലായത്.
ശ്രീലങ്കയിലുണ്ടായ ഒരു സംഭവത്തെ തുടർന്ന് രൂപപ്പെട്ട ഓൺലൈൻ വാക്കുതർക്കമാണ് സംഭവങ്ങളുടെ തുടക്കം. ഹിന്ദു തീർഥാടനത്തിനിടയിൽ മുസ്ലിം യുവാവ് നായയെ ചവിട്ടുന്ന ദൃശ്യങ്ങൾ ഉൾപ്പെട്ട വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനെച്ചൊല്ലിയുള്ള തർക്കത്തിനിടയിൽ ഒരാൾ അധിക്ഷേപ കമന്റിട്ടു. ഇതിൽ പ്രകോപിതനായാണ് അനോജൻ പ്രവാചകനെതിരെ തമിഴിൽ അധിക്ഷേപകരമായ കമന്റ് രേഖപ്പെടുത്തിയത്.
കമന്റ് പിന്നീട് അനോജൻ ഡിലീറ്റ് ചെയ്തിരുന്നു. എന്നാൽ, അതിനുമുമ്പേ ഇതിന്റെ സ്ക്രീൻഷോട്ട് സൗദിയിലെ തൊഴിലുടമക്ക് അയച്ചുകൊടുത്തിരുന്നു. തൊഴിലുടമ വിവരം സൗദി അധികൃതരെ അറിയിച്ചതിനെ തുടർന്ന് അനോജനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ആദ്യം അൽ അഹ്സ ക്രിമിനൽ കോടതി അഞ്ച് വർഷത്തെ തടവും 30 ലക്ഷം സൗദി റിയാൽ (ഏകദേശം എട്ട് ലക്ഷം അമേരിക്കൻ ഡോളർ) പിഴയുമാണ് ശിക്ഷ വിധിച്ചത്. എന്നാൽ സെപ്റ്റംബർ 17ന് സൗദി പ്രോസിക്യൂഷൻ ഇതിനെതിരെ അപ്പീൽ നൽകുകയും സൈബർ കുറ്റകൃത്യ നിയമങ്ങൾക്ക് പകരം മതനിന്ദാ നിയമപ്രകാരം കേസ് പരിഗണിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ഇതോടെ കോടതി അനോജന്റെ ശിക്ഷ വധശിക്ഷയായി ഉയർത്തുകയായിരുന്നു. അനോജന്റെ മോചനത്തിനായി നാലംഗ ശ്രീലങ്കൻ നിയമസംഘം ഈ ആഴ്ച സൗദി അറേബ്യയിലേക്ക് തിരിച്ചിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

