നെതന്യാഹുവിനെതിരെ പടയൊരുക്കം; രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ്
text_fieldsതെൽഅവീവ്: ഒക്ടോബർ ഏഴ് ആക്രമണം തടയാൻ കഴിയാതിരുന്ന ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു രാജിവെക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് യാഇർ ലാപിഡ്. നെതന്യാഹുവിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനും മറ്റൊരു പ്രധാനമന്ത്രിക്കു കീഴിൽ പുതിയ സർക്കാർ രൂപവത്കരിക്കാനും അദ്ദേഹം ആഹ്വാനംചെയ്തു. ‘നെതന്യാഹു ഉടൻ സ്ഥാനമൊഴിയണം. ഞങ്ങൾക്കൊരു മാറ്റം വേണം, ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ട അദ്ദേഹത്തിന് പ്രധാനമന്ത്രിയായി തുടരാൻ കഴിയില്ല’ -ഇസ്രായേലി ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്ര ക്രിമിനൽ കോടതി ഇടപെടണം -യു.എൻ മനുഷ്യാവകാശ കമീഷണർ
യുനൈറ്റഡ് നേഷൻസ്: ഗസ്സ യുദ്ധത്തിലെ ഇസ്രായേലി അതിക്രമങ്ങൾ രേഖപ്പെടുത്തണമെന്നും അന്താരാഷ്ട്ര ക്രിമിനൽ കോടതി വിഷയത്തിൽ ഇടപെടണമെന്നും യു.എൻ മനുഷ്യാവകാശ കമീഷണർ വോൾകർ തുർക്. രക്ഷപ്പെട്ടോടുന്നവർക്കുമേൽ ബോംബിടുന്ന ഇസ്രായേൽ ക്രൂരതയിൽ ഏറെ ആശങ്കാകുലനാണ്. അൽ ശിഫ ആശുപത്രി അതിക്രമത്തെയും ശക്തമായി അപലപിക്കുന്നു.
ആശുപത്രികളും സ്കൂളുകളും സംരക്ഷിക്കപ്പെടണമെന്ന അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗസ്സയിൽ അടിയന്തര വെടിനിർത്തലിന് ഇടപെടൽ വേണം. ബന്ദികളെ മോചിപ്പിക്കണം. ദുരിതബാധിതർക്ക് സഹായമെത്തിക്കണം. യു.എന്നിന്റെ 103 ജീവനക്കാർ ഗസ്സയിൽ കൊല്ലപ്പെട്ടുവെന്നത് ഏറെ ആശങ്കജനകമാണ്. ഗസ്സയിലെ എല്ലാ മനുഷ്യാവകാശ ലംഘനങ്ങളും അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.