കൂട്ടക്കുരുതിക്കെതിരെ എരിയുന്നു... പ്രതിഷേധക്കനൽ
text_fieldsകൈറോ: ലോകത്തെ കണ്ണീരണിയിച്ച് ഗസ്സയിലെ ആശുപത്രിയിൽ ബോംബിട്ട് നൂറുകണക്കിന് നിരപരാധികളുടെ ജീവനെടുത്ത ഇസ്രായേൽ ക്രൂരതക്കെതിരെ പശ്ചിമേഷ്യയിൽ രോഷം അണപൊട്ടുന്നു. ആക്രമണത്തിനു പിന്നാലെ ചൊവ്വാഴ്ച രാത്രി ജോർഡൻ തലസ്ഥാനമായ അമ്മാനിലെ ഇസ്രായേൽ എംബസിയിലേക്ക് ജനം കയറാൻ ശ്രമംനടത്തിയെങ്കിലും പൊലീസ് തടഞ്ഞു. കൈറോയിലെ യു.എസ്, യു.കെ എംബസികൾക്ക് മുന്നിൽ പ്രതിഷേധങ്ങൾ നടന്നു.
ബൈറൂതിൽ യു.എസ് എംബസിക്കു മുന്നിൽ പ്രതിഷേധിച്ചവർ കവാടത്തിനു മുകളിൽ ഫലസ്തീൻ പതാക നാട്ടി. ലബനാൻ അതിർത്തിയിൽ ഇസ്രായേൽ സേനക്കെതിരെ ഹിസ്ബുല്ല വെടിവെപ്പ് നടത്തി. തെഹ്റാനിൽ ഫ്രഞ്ച്, ബ്രിട്ടീഷ് എംബസികൾക്ക് മുന്നിലായിരുന്നു പ്രതിഷേധം. തുർക്കിയ നഗരമായ ഇസ്തംബൂളിൽ ഇസ്രായേൽ കോൺസുലേറ്റിലേക്ക് ഇരച്ചുകയറിയവർക്കുനേരെ ജലപീരങ്കി പ്രയോഗിച്ചു.
ജോർഡനിലും വെസ്റ്റ് ബാങ്കിലും ഭരണകൂടത്തിന്റെ നിസ്സംഗതയിൽ പ്രതിഷേധിച്ച് തെരുവിലിറങ്ങിയ ജനം അക്രമാസക്തരായി. ലബനാൻ, ഇറാഖ്, കുവൈത്ത്, മൊറോക്കോ, തുണീഷ്യ, ഈജിപ്ത് എന്നിവിടങ്ങളിലും പ്രതിഷേധങ്ങൾ അരങ്ങേറി. സൗദി, ജോർഡൻ, ഈജിപ്ത്, യു.എ.ഇ, ഇറാഖ് തുടങ്ങിയ രാജ്യങ്ങൾ ആക്രമണത്തെ കടുത്ത ഭാഷയിൽ അപലപിച്ചു.
നിരപരാധികളെ വേട്ടയാടി ഇസ്രായേൽ ബോംബ് വർഷം തുടരുന്നതിനിടെ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ദിവസങ്ങളോളം മേഖലയിൽ തങ്ങി വിവിധ നേതാക്കളെ കണ്ട് ഇസ്രായേലിന്റെ പ്രതിച്ഛായ സംരക്ഷിക്കാൻ ശ്രമംനടത്തിയിരുന്നു. സമീപകാലത്ത് അറബ് രാജ്യങ്ങളുമായി ഇസ്രായേൽ നയതന്ത്രബന്ധം സ്ഥാപിക്കുന്ന നടപടികളും അവസാന ഘട്ടത്തിലായിരുന്നു. ഇതിനിടെയുണ്ടായ കൂട്ടക്കുരുതി ഇത്തരം നീക്കങ്ങൾക്ക് തൽക്കാലം തിരശ്ശീലവീഴ്ത്തുമെന്നാണ് യു.എസിന്റെ ആധി.
അത്യപകടകരമായ ഘട്ടത്തിലെത്തിയ ഈയുദ്ധം മേഖലയെ വാക്കുകൾക്ക് വിശദീകരിക്കാനാകാത്ത ദുരന്തത്തിലേക്ക് തള്ളിയിടുമെന്ന് ജോർഡൻ രാജാവ് അബ്ദുല്ല മുന്നറിയിപ്പ് നൽകി. ആക്രമണം മഹാദുരന്തമായതിനു പിന്നാലെ ഇസ്‍ലാമിക് ജിഹാദ് സംഘടനക്കുമേൽ പഴിചാരി രക്ഷപ്പെടാൻ ഇസ്രായേൽ പ്രചാരണം സജീവമാണെങ്കിലും അറബ് ലോകം ഒറ്റക്കെട്ടായി ഇതിനെതിരെ രംഗത്തുണ്ട്.
അറബ് രാജ്യങ്ങളുമായി ബന്ധം സാധാരണ നിലയിലാക്കിയതായി കഴിഞ്ഞമാസം യു.എൻ പൊതുസഭയിൽ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു അഭിമാനപൂർവം പ്രഖ്യാപിച്ചിരുന്നു. ശാന്തിയുടെ പുതുയുഗപ്പിറവിയാണിതെന്നായിരുന്നു വാക്കുകൾ. എന്നാൽ, ഗസ്സയിൽ ദിവസങ്ങളായി തുടരുന്ന ക്രൂരതകൾക്ക് പാരമ്യംകുറിച്ച് ആശുപത്രി ബോംബിട്ട് തകർത്തതോടെ അറബ് ലോകത്ത് സമീപകാലത്തൊന്നും ഇസ്രായേലിന് അനുകൂല അന്തരീക്ഷം സൃഷ്ടിച്ചെടുക്കാനാകില്ലെന്ന സ്ഥിതി സൃഷ്ടിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.