ഹംഗറിയിൽ അട്ടിമറി ജയം നേടി പീറ്റർ മഗ്യാർ; ട്രംപിന്റെ വിശ്വസ്തൻ വിക്ടർ ഓർബന് പരാജയം
text_fieldsതെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ ദേശീയ പതാകയുമായി പീറ്റർ മഗ്യാർ
ബുഡാപെസ്റ്റ്: ലോകശ്രദ്ധ കവർന്ന് ഹംഗറിയുടെ തെരഞ്ഞെടുപ്പ് ഫലം. തീവ്ര വലതുപക്ഷക്കാരനും ഡോണൾഡ് ട്രംപിന്റെ ഉറ്റ സഖ്യകക്ഷിയുമായ പ്രധാനമന്ത്രി വിക്ടർ ഓർബനെ കടപുഴക്കി മധ്യ വലതുപക്ഷക്കാരനും യുവാവുമായ പീറ്റർ മഗ്യാർ രാജ്യത്തെ നയിക്കാനുള്ള യോഗ്യത തെളിയിച്ചു. കൂറ്റൻ ഭൂരിപക്ഷത്തോടെയാണ് പഴയ വിശ്വസ്ത നേതാവായ ഓർബന്റെ 16 വർഷം നീണ്ട ഭരണത്തിന് പീറ്റർ മഗ്യാർ അന്ത്യം കുറിച്ചത്.
199 സീറ്റുള്ള പാർലമെന്റിൽ, മഗ്യാറിന്റെ മധ്യ വലതുപക്ഷ ‘ടിസ്സ’ പാർട്ടി 53.6 ശതമാനം വോട്ടുനേടി 138 സീറ്റുകളിൽ വിജയം കൊയ്തു. ഓർബന്റെ ക്രിസ്ത്യൻ നാഷനലിസ്റ്റ് പാർട്ടിയായ ‘ഫിഡെസി’ന് 55 സീറ്റുകൾ മാത്രമാണ് ലഭിച്ചത്.
ഒരുകാലത്ത് ഓർബന്റെ അടുത്ത വിശ്വസ്തനായിരുന്നു മഗ്യർ. 1989ൽ സോവിയറ്റ് യൂനിയനും റഷ്യൻ പിന്തുണയുള്ള കമ്യൂണിസ്റ്റ് നേതൃത്വത്തിനുമെതിരെ ഹംഗറിയുടെ ജനാധിപത്യ അനുകൂല പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയതാണ് ചെറുപ്പത്തിൽതന്നെ ഓർബനിലും അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിലും പ്രചോദിതനാവാൻ കാരണം. ഓർബന്റെ നീതിന്യായ മന്ത്രിയായി സേവനമനുഷ്ഠിച്ച ജൂഡിറ്റ് വർഗയെ ആണ് മഗ്യാർ വിവാഹം കഴിച്ചത്.
2024ലെ ഒരു സംഭവം ഭരണകക്ഷിയായ പാർട്ടിയുമായുള്ള അദ്ദേഹത്തിന്റെ ബന്ധം വഷളാക്കി. ശിശുഭവനിലെ ലൈംഗിക പീഡന കേസ് മറച്ചുവെക്കാൻ സഹായിച്ച സംഭവത്തിൽ നീതിന്യായ മന്ത്രിയായ വർഗയും ഉൾപ്പെട്ടിരുന്നു. തുടർന്ന് ഇരുവരും വിവാഹമോചനം നേടി. ആ സമയത്ത് അഴിമതിക്കെതിരായ പൊതുജനരോഷത്തിന്റെ മുഖമായി മഗ്യാർ ഉയർന്നുവന്നു. 2024 ഏപ്രിലിൽ അദ്ദേഹം 2024ലെ യൂറോപ്യൻ പാർലമെന്റ് തെരഞ്ഞെടുപ്പിലും 2026ലെ ഹംഗറിയുടെ ദേശീയ തെരഞ്ഞെടുപ്പിലും മധ്യ-വലതുപക്ഷ ടിസ്സ പാർട്ടിയുടെ സ്ഥാനാർഥിയായി. ഈ പാർട്ടിയെ പ്രതിനിധീകരിച്ച് യൂറോപ്യൻ പാർലമെന്റിലും സീറ്റ് നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

