യുക്രെയ്നുമായി നേരിട്ട് ചർച്ചക്ക് തയാറെന്ന് പുടിൻ
text_fieldsമോസ്കോ: യുക്രെയ്നുമായി നേരിട്ട് വെടിനിർത്തൽ ചർച്ചക്ക് തയാറാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. ചർച്ചക്കുമുമ്പ് യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കിയെ സ്ഥാനത്തുനിന്ന് നീക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമാധാന നീക്കങ്ങളോട് അനുകൂല നിലപാടാണെന്ന് പലതവണ റഷ്യ വ്യക്തമാക്കിയിട്ടുണ്ട്. യുക്രെയ്ൻ നേതൃത്വത്തിനും അങ്ങനെ തോന്നുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പുടിൻ പറഞ്ഞു. റഷ്യൻ സർക്കാറിന്റെ ഔദ്യോഗിക ചാനലിനോടാണ് പുടിൻ നയം വ്യക്തമാക്കിയത്.
യുക്രെയ്ൻ, ബ്രിട്ടൻ, ഫ്രാൻസ്, യു.എസ് പ്രതിനിധികൾ ലണ്ടനിൽ വെടിനിർത്തൽ പദ്ധതി ചർച്ച ചെയ്യാനിരിക്കെയാണ് പുടിന്റെ നിലപാട് മാറ്റം. നിരുപാധിക വെടിനിർത്തലിന് റഷ്യയുടെമേൽ സമ്മർദം ചെലുത്തണം എന്നതായിരിക്കും ലണ്ടൻ ചർച്ചയുടെ ലക്ഷ്യമെന്ന് സെലൻസ്കി പറഞ്ഞു.
അതേസമയം, റഷ്യക്ക് വളരെ അനുകൂലമായ സമാധാന ഉടമ്പടിക്കാണ് യു.എസ് ഭരണകൂടം നീക്കം നടത്തുന്നതെന്ന് ഗാർഡിയൻ പത്രം റിപ്പോർട്ട് ചെയ്തു. യുക്രെയ്ന് നാറ്റോ അംഗത്വം നൽകില്ലെന്നും 2022ൽ റഷ്യ പിടിച്ചെടുത്ത സപോരിജിയ ആണവ വൈദ്യുതി നിലയം നിഷ്പക്ഷ മേഖലയുടെ ഭാഗമാകുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.
അതിനിടെ, യുക്രെയ്നുനേരെ റഷ്യ തിങ്കളാഴ്ച രാത്രിയും കനത്ത ആക്രമണം നടത്തി. തുറമുഖ നഗരമായ ഒഡേസയിലെ ആക്രമണത്തിൽ മൂന്നുപേർക്ക് പരിക്കേൽക്കുകയും കെട്ടിടങ്ങൾക്ക് നാശം സംഭവിക്കുകയും ചെയ്തു. ഒഡേസയിലെ തിരക്കേറിയ ജനവാസ മേഖലയിലായിരുന്നു വ്യോമാക്രമണമെന്ന് മേയർ ഹെന്നാഡി ട്രൂഖനോവ് പറഞ്ഞു. റഷ്യ പറത്തിയ 54 ഡ്രോണുകളിൽ 38 എണ്ണം വെടിവെച്ചിട്ടതായി യുക്രെയ്ൻ വ്യോമസേന അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.