യുക്രെയ്ൻ അധിനിവേശത്തിന് പിറകിലെ പുടിന്റെ വിശ്വസ്തർ
text_fieldsറഷ്യൻ അധിനിവേശത്തിന് ഉത്തരവിട്ട റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ മനസ്സിലെന്താണുള്ളതെന്ന് തലപുകക്കുകയാണ് വിദഗ്ധർ. റഷ്യൻ അധികാരകേന്ദ്രമായ ക്രെംലിനിൽ നിന്ന് വിവരങ്ങൾ ചോർന്നു കിട്ടുക എളുപ്പമല്ല. ഏതെങ്കിലും മാധ്യമത്തിലൂടെ അനൗദ്യോഗിക വിവരങ്ങൾ റിപ്പോർട്ട് ചെയ്യുന്നവരെ ശിക്ഷിക്കാൻ പുടിൻ നിയമം കൊണ്ടുവരുകയാണ്.
പുടിന്റെ ഉപദേശകർ
റഷ്യയിലെ 30 അംഗ സുരക്ഷ കൗൺസിലാണ് പുടിന്റെ ഉന്നത ഉപദേശക സംഘം. ഈ കൗൺസിലിനോടാണ് പുടിൻ കൂടുതലും സംസാരിക്കുക. ക്രെംലിൻ പുറത്തുവിട്ട ചിത്രങ്ങളിലേതുപോലെ ഈ യോഗങ്ങളിൽ പോലും പുടിൻ ഉപദേശകരിൽ നിന്ന് സ്വയം അകന്നുനിൽക്കുകയാണെന്ന് കരുതപ്പെടുന്നു.
വളരെ കുറച്ച് ആളുകൾക്കെ ഇപ്പോൾ പുടിനുമായി സംസാരിക്കാൻ കഴിയൂവെന്നും അദ്ദേഹത്തിന്റെ തലക്കുള്ളിലെ ലോകം അദ്ദേഹത്തിന്റേത് മാത്രമാണെന്നും പേരു വെളിപ്പെടുത്താത്ത ക്രെംലിൻ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈം മാഗസിൻ ഫെബ്രുവരിയിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പറയുന്നു. എന്നാൽ മാധ്യമ റിപ്പോർട്ടുകൾ പുടിന്റെ ചെവികളായി പറയപ്പെടുന്ന അഞ്ച്-ആറ് ആളുകളെ ചൂണ്ടിക്കാട്ടുന്നു. പുടിന്റെ ആന്തരിക വൃത്തത്തെ 'സിലോവിക്കി' എന്ന് വിളിക്കുന്നു. നടപ്പാക്കുന്നവർ അല്ലെങ്കിൽ കരുത്തർ എന്നർഥമുള്ള റഷ്യൻ പദമാണിത്. പുടിന്റെ ജന്മനാടായ സെന്റ് പീറ്റേഴ്സ്ബർഗിൽ നിന്നുള്ള മൂന്നുപേരും ഈ സംഘത്തിലുണ്ടത്രേ.
നിക്കോളായ് പത്രുഷേവ്
സെന്റ് പീറ്റേഴ്സ്ബർഗിൽ നിന്നുള്ള പുടിന്റെ മൂന്ന് സഹായികളിൽ ഒരാളാണ് 1970 മുതൽ ഒപ്പമുള്ള 70 കാരനായ നിക്കോളായ് പത്രുഷേവ്. റഷ്യൻ സുരക്ഷ സമിതിയുടെ സെക്രട്ടറിയാണ്. പുടിന്റെ ഉപദേശകരിൽ മുമ്പനാണ്. റഷ്യൻ ചാരസംഘടന കെ.ജി.ബിയിൽ വർഷങ്ങൾ പുടിനൊപ്പം പ്രവർത്തിച്ചു. റഷ്യൻ ഫെഡറൽ സെക്യൂരിറ്റി സർവിസിന്റെ തലവനായി. ആഗോള താൽപര്യം അവഗണിച്ച് യുക്രെയ്നിൽ തീവ്രമായ നിലപാട് സ്വീകരിക്കാൻ പുടിനെ പ്രേരിപ്പിച്ചത് പത്രുഷേവാണെന്നാണ് വിലയിരുത്തൽ.
അലക്സാണ്ടർ ബോർട്ട്നിക്കോവ്
പുടിന്റെ കെ.ജി.ബി കാലത്തെ മറ്റൊരു വ്യക്തിയാണ് 70കാരനായ അലക്സാണ്ടർ ബോർട്ട്നിക്കോവ്. പത്രുഷേവിൽ നിന്ന് ചുമതലയേറ്റ അദ്ദേഹം എഫ്.എസ്.ബി തലവനാണ്. ബോർട്ട്നിക്കോവിനെയാണ് പുടിന് കൂടുതൽ വിശ്വാസമെന്ന് പറയപ്പെടുന്നു.
സെർജി നരിഷ്കിൻ
67 കാരനായ സെർജി നരിഷ്കിൻ ആണ് സെന്റ് പീറ്റേഴ്സ്ബർഗ് ത്രയത്തിലെ ഒരാൾ. റഷ്യൻ വിദേശ രഹസ്യാന്വേഷണ ഏജൻസിയായ എസ്.വി.ആറിന്റെ തലവനാണ്.
സെർജി ഷോയ്ഗു
പ്രതിരോധമന്ത്രിയും അടുത്ത സുഹൃത്തുമാണ് 66കാരനായ സെർജി ഷോയ്ഗു. പുടിന്റെ തീരുമാനങ്ങൾ നടപ്പാക്കുന്നതിൽ പ്രധാനിയായാണ് കരുതപ്പെടുന്നത്. ക്രിമിയ പിടിച്ചെടുത്തതിന്റെ സൂത്രധാരനും യുക്രെയ്ൻ അധിനിവേശ പദ്ധതി നടപ്പാക്കുന്നതിന്റെ ചുമതലയുള്ളയാളുമാണ്.
സെർജി ഗരാസിമോവ്, സെർജി ലാവ്റോവ്
റഷ്യയുടെ സൈനിക മേധാവിയായ 66കാരനായ സെർജി ഗരാസിമോവ്, 2004 മുതൽ റഷ്യൻ വിദേശകാര്യ മന്ത്രിയും പുടിൻ മന്ത്രിസഭയിലെ പഴയ അംഗവുമായ സെർജി ലാവ്റോവ് എന്നിവരാണ് മറ്റ് അടുപ്പക്കാർ.
വലന്റിന മത്വിയെങ്കോ
സെന്റ് പീറ്റേഴ്സ് ബർഗിൽനിന്നുള്ള പുടിന്റെ വിശ്വസ്ത വലന്റിന മത്വിയെങ്കോ ആണ് പുടിന്റെ വിശ്വസ്തസംഘത്തിലെ വനിത മുഖം. 72കാരിയായ മത്വിയെങ്കോ ആണ് 2011 മുതൽ ഫെഡറൽ കൗൺസിൽ അധ്യക്ഷ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.