പട്ടിണി യുദ്ധായുധമാക്കുന്ന ഇസ്രായേൽ നിലപാടിനെതിരെ ഖത്തർ
text_fieldsദോഹ: സാധാരണക്കാരെ പട്ടിണിക്കിടുന്നത് യുദ്ധായുധമാക്കുന്ന ഇസ്രായേൽ നിലപാടിനെതിരെ ഖത്തർ. അന്താരാഷ്ട്ര സംഘടനകൾക്ക് ഗസ്സ മുനമ്പിൽ മാനുഷിക സഹായങ്ങൾ സുരക്ഷിതമായും തടസ്സങ്ങളില്ലാതെയും വിതരണം ചെയ്യുന്നതിന് അവസരമൊരുക്കാൻ, ഇസ്രായേലിനുമേൽ സമ്മർദം ചെലുത്താൻ അന്താരാഷ്ട്ര സമൂഹത്തോട് ഐക്യരാഷ്ട്രസഭയിലെ ഖത്തറിന്റെ സ്ഥിരം പ്രതിനിധി ശൈഖ ആലിയ അഹമ്മദ് ബിൻ സൈഫ് ആൽഥാനി ആവശ്യപ്പെട്ടു. യു.എൻ രക്ഷാസമിതിയുടെ, ഫലസ്തീൻ വിഷയം ഉൾപ്പെടെ മിഡിൽ ഈസ്റ്റിലെ സാഹചര്യം ചർച്ച ചെയ്യാൻ നടന്ന തുറന്ന സംവാദത്തിൽ സംസാരിക്കുകയായിരുന്നു അവർ.
ഗസ്സയിലെ സാഹചര്യം വിവരണാതീതമാണ്. പട്ടിണി, അടിസ്ഥാന സൗകര്യങ്ങളുടെയും ആരോഗ്യ സംവിധാനത്തിന്റെയും തകർച്ച, രോഗവ്യാപനം തുടങ്ങി ദുരിതപൂർണമാണ് അവസ്ഥ. ആശുപത്രികൾ, സ്കൂളുകൾ, റെസിഡൻഷൽ പ്രദേശങ്ങൾ എന്നിവയുൾപ്പെടെയുള്ള സിവിലിയന്മാരുടെ അടിസ്ഥാന സൗകര്യങ്ങൾക്കുനേരെ ഇസ്രായേൽ തുടരുന്ന ആക്രമണങ്ങളെ ഖത്തർ ശക്തമായി അപലപിക്കുന്നു. ഫലസ്തീനികളെ നിർബന്ധിച്ച് കുടിയറക്കുന്നത് അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെ നഗ്നമായ ലംഘനമാണെന്നും അവർ പറഞ്ഞു.
ഗസ്സയിൽ വെടിനിർത്തൽ യാഥാർത്ഥ്യമാക്കുന്നതിന് ഈജിപ്തുമായും അമേരിക്കയുമായും സഹകരിച്ച് ഖത്തർ ശ്രമങ്ങൾ നടത്തുകയാണ്. അടിയന്തര വെടിനിർത്തൽ കരാർ ഉറപ്പാക്കാൻ മധ്യസ്ഥ ശ്രമങ്ങൾ തുടരുകയാണെന്നും അവർ ചൂണ്ടിക്കാട്ടി.
സാധാരണക്കാരെ സംരക്ഷിക്കാനും ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കാനും അടിയന്തര നടപടിയടുക്കണമെന്നും അവർ ആവശ്യപ്പെട്ടു.
അൽ അഖ്സ പള്ളിയിലേക്ക് അതിക്രമിച്ചുകയറിയതും ഇബ്രാഹിമി മസ്ജിദിന്റെ അധികാരം ജൂയിഷ് റിലിജിയസ് കൗൺസിലിന് കൈമാറിയതും ഉൾപ്പെടെയുള്ള ഇസ്രായേൽ അധിനിവേശ ശ്രമങ്ങളെ ഖത്തർ അപലപിക്കുന്നതായി അവർ ആവർത്തിച്ചു.
സിറിയക്കെതിരായ ഇസ്രായേലിന്റെ ആക്രമണങ്ങളെ അപലപിച്ച അവർ ലെബനീസ് പ്രദേശങ്ങളിൽനിന്ന് ഇസ്രായേൽ അധിനിവേശ സേനയെ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു. സൗദി അറേബ്യയും ഫ്രാൻസ് റിപ്പബ്ലിക്കും സംയുക്തമായി നടത്തുന്ന ഫലസ്തീൻ പ്രശ്ന പരിഹാര ശ്രമങ്ങളെയും ദ്വിരാഷ്ട്ര പരിഹാരത്തിനായുള്ള വരാനിരിക്കുന്ന ഐക്യരാഷ്ട്രസഭ ഉന്നതതല സമ്മേളനത്തെയും സ്വാഗതം ചെയ്യുന്നതായും അവർ പ്രസ്താവിച്ചു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.