റേ-ബാൻ ഉടമ ലിയോനാർഡോ ഡെൽ വെച്ചിയോ അന്തരിച്ചു
text_fieldsവാഷിങ്ടൺ: ഒരു കുഞ്ഞു കണ്ണട കടയിൽനിന്ന് ലോകം ജയിച്ച 'റേ-ബാൻ' കണ്ണട വ്യവസായ ശൃംഖലയുടെ ഉടമയായി വളർന്ന പ്രമുഖ ഇറ്റാലിയൻ സംരംഭകൻ ലിയോനാർഡോ ഡെൽ വെച്ചിയോ അന്തരിച്ചു. 87 വയസ്സായിരുന്നു.
അതിദരിദ്ര കുടുംബത്തിൽ പിറന്ന് ഏഴാം വയസ്സിൽ മിലാനിലെ ഒരു അനാഥാലയത്തിലെത്തിയ ഡെൽ വെച്ചിയോ പിന്നീട് വെനീസിലെ അഗോർഡോയിൽ ഒരു കണ്ണട കടയുമായാണ് തുടങ്ങിയത്. പരിസരങ്ങളിലെ കണ്ണട നിർമാതാക്കൾക്ക് ഫ്രെയിമുകൾ വിൽപന നടത്തലായിരുന്നു ജോലി. ഇത് പിന്നീട് വളർന്നുവലുതായി എസ്സിലോർലക്സോട്ടിക എന്ന പേരിൽ ഈ രംഗത്ത് ചോദ്യം ചെയ്യപ്പെടാത്ത വ്യവസായ സാമ്രാജ്യമായി വളർന്നു. മാധ്യമങ്ങളിൽനിന്ന് മാറിനിൽക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി.
റേ-ബാൻ, ഓക്‍ലി തുടങ്ങിയ മുൻനിര ബ്രാൻഡുകൾ എസ്സിലോർലക്സോട്ടികക്കു കീഴിൽ പുറത്തിറങ്ങി. ജൂൺ ഒന്നിലെ കണക്കുകൾ പ്രകാരം 2570 കോടി ഡോളർ (2,01,700 കോടി രൂപ) ആണ് ഡെൽ വെച്ചിയോയുടെ ആസ്തി. 1,80,000 പേർ ജീവനക്കാരായുള്ള എസ്സിലോർലക്സോട്ടികയിൽ 32 ശതമാനമായിരുന്നു അദ്ദേഹത്തിന്റെ പങ്കാളിത്തം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.