അഭയാർഥി ബോട്ടുകൾ തകർന്ന് നിരവധി മരണം
text_fieldsതുർക്കിയിൽനിന്ന് പോയ അഭയാർഥി ബോട്ട് ഗ്രീസിലെ കിഥിര ദ്വീപിൽ തകർന്ന് അപകടത്തിൽപെട്ടയാളെ രക്ഷപ്പെടുത്തുന്നു
ആതൻസ്: അഭയാർഥികൾ സഞ്ചരിച്ച രണ്ടു ബോട്ടുകൾ മുങ്ങി നിരവധി മരണം. ഒരപകടത്തിൽ 17 പേരും രണ്ടാമത്തേതിൽ അഞ്ചുപേരും മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. നിരവധി പേരെ കാണാതായി. ഗ്രീസിലെ ലെസ്ബോസ് ദ്വീപിനു സമീപമുണ്ടായ ആദ്യ അപകടത്തിൽ ആഫ്രിക്കൻ വംശജരായ 16 സ്ത്രീകളുടെയും ഒരു പുരുഷന്റെയും മൃതദേഹമാണ് ഇതുവരെ കണ്ടെടുത്തത്.
മരണസംഖ്യ ഉയർന്നേക്കുമെന്നാണ് സൂചന. തുർക്കി തീരത്തുനിന്ന് പുറപ്പെട്ട ബോട്ടാണ് അപകടത്തിൽപെട്ടത്. ഒമ്പതുപേരെ രക്ഷപ്പെടുത്തി. ചുരുങ്ങിയത് 15 പേരെ കാണാതായിട്ടുണ്ട്. കടലിലും കരയിലും രക്ഷപ്പെട്ടവർക്കായി തിരച്ചിൽ തുടരുകയാണെന്ന് ഗ്രീക് തീരദേശ സേന വക്താവ് പറഞ്ഞു.
ഗ്രീസിലെ പൊലോപോണീസ് ഉപദ്വീപിനു സമീപം നടന്ന രണ്ടാമത്തെ അപകടത്തിൽ അഞ്ചുപേർ മരിച്ചതായാണ് കണക്ക്. ശക്തമായ കാറ്റിൽപെട്ട് ബോട്ട് പാറക്കെട്ടിലിടിച്ച് തകരുകയായിരുന്നു. ഇറാഖ്, ഇറാൻ, അഫ്ഗാനിസ്താൻ രാജ്യങ്ങളിൽനിന്ന് നൂറോളം അഭയാർഥികളാണ് ഉണ്ടായിരുന്നത്. 80 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. മറ്റുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്. 20 ഓളം പേരെ കാണാതായതാണ് സൂചന.
ഒരേ ദിവസം നടന്ന രണ്ടപകടങ്ങളിൽ നിരവധി പേർ മരിച്ച സാഹചര്യത്തിൽ അഭയാർഥികളുടെ ഒഴുക്ക് തടയാൻ തുർക്കി അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഗ്രീസ് ആവശ്യപ്പെട്ടു. ഈവർഷം ഇതുവരെ ഒന്നര ലക്ഷത്തിലേറെ പേർ തുർക്കിയിൽനിന്ന് അഭയാർഥികളായി ഗ്രീസിൽ ഇറങ്ങാൻ ശ്രമിച്ചതായും ഗ്രീസ് കുടിയേറ്റ മന്ത്രി പറഞ്ഞു.അതേസമയം, അഭയാർഥികൾക്കുനേരെ ഗ്രീസ് തുടരുന്ന അടിച്ചമർത്തൽ ഈജിയൻ കടലിനെ ശവപ്പറമ്പായി മാറ്റുകയാണെന്ന് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ കുറ്റപ്പെടുത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.