പഹ്ലവിയെ വീണ്ടും കുടിയിരുത്തുമോ?; തിരികെ വരുമെന്ന വാക്കുമായി ‘നാടുകടത്തപ്പെട്ട കിരീടാവകാശി’
text_fieldsബിന്യമിൻ നെതന്യാഹു, ഭാര്യ സാറ, ഇസ്രായേൽ ഇന്റലിജൻസ് ഓഫിസർ ഗിലാ ഗാംലിയേൽ (വലത്) എന്നിവർക്കൊപ്പം റിസ പഹ്ലവി 2023ൽ ഇസ്രായേൽ സന്ദർശനത്തിനിടെ
ഇസ്രായേലിനൊപ്പം, ഇറാൻ ആക്രമിക്കാൻ യു.എസ് തയാറെടുക്കുന്നെന്ന വാർത്തകൾക്ക് പിന്നാലെ, പഴയ ഭരണാധികാരി ഷായുടെ പിന്മുറക്കാരന്റെ വാക്കുകളും ചർച്ചയാകുന്നു. ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ പതനം ആസന്നമായെന്നും ശേഷം ഇറാനി ജനതക്കുവേണ്ടി ജനാധിപത്യസർക്കാർ രൂപവത്കരിക്കാൻ തയാറാണെന്നും വ്യക്തമാക്കി നാടുകടത്തപ്പെട്ട മുൻ കിരീടാവകാശി റിസ പഹ്ലവി.
അവസാന പഹ്ലവി ഭരണാധികാരി മുഹമ്മദ് റിസ ഷായുടെ മകനായ റിസ പഹ്ലവി 1979ലെ ഇസ്ലാമികവിപ്ലവത്തോടെയാണ് നാടുകടത്തപ്പെട്ടത്. ഇപ്പോൾ അമേരിക്കയിൽ താമസിക്കുന്ന അദ്ദേഹം ഇറാൻ സർക്കാറിന്റെ വിമർശകനാണ്. ഇസ്രായേൽ ആക്രമണത്തിനു പിന്നാലെ ‘എക്സി’ൽ അദ്ദേഹം എഴുതിയ കുറിപ്പുകൾ വലിയ ചർച്ചയായിരുന്നു. കഴിഞ്ഞ ദിവസം, യു.എസ് പ്രസിഡന്റ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയെ ലക്ഷ്യമിട്ട് നടത്തിയ പ്രസ്താവനയോടെ, ഇറാനിൽ ഷാ ഭരണം ‘പുനഃസ്ഥാപിക്കുക’ എന്ന ലക്ഷ്യംകുടി യു.എസിനും ഇസ്രായേലിനുമുണ്ടോ എന്ന സംശയവും ഉയരുകയാണ്. ഇറാനിലെ ഇസ്ലാമിക് റിപ്പബ്ലിക് തകർന്നാൽ നേതൃതലത്തിൽ വരാൻ സാധ്യതയുള്ള നേതാവാണ് അദ്ദേഹം.
ഇറാനിലെ ഇസ്ലാമിക് റിപ്പബ്ലിക് അവസാനത്തിലെത്തിയെന്നും പേടിച്ചരണ്ട എലിയെപ്പോലെ ഖാംനഈ മാളത്തിൽ ഒളിച്ചതായും റിസ പഹ്ലവി എക്സിൽ കുറിച്ചു. ഇറാൻ രാഷ്ട്രത്തിനെതിരായ ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ 46 വർഷം നീണ്ട യുദ്ധത്തിന്റെ അവസാനമാണിത്. ഭരണകൂടത്തിന്റെ അടിച്ചമർത്തൽ ഉപകരണം തകരുകയാണ്. അതിന്റെ പതന ശേഷം ഇറാൻ ആഭ്യന്തര യുദ്ധത്തിലേക്കോ അസ്ഥിരതയിലേക്കോ വീഴില്ല. ഇറാന്റെ ഭാവിക്കും അഭിവൃദ്ധിക്കുംവേണ്ടി ഞങ്ങൾക്ക് പദ്ധതിയുണ്ട്. പതനത്തിനു ശേഷമുള്ള ആദ്യ നൂറുനാളുകൾക്കകം ദേശീയ ജനാധിപത്യ സർക്കാർ സ്ഥാപിക്കാൻ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ മാസം ആദ്യം, ഇസ്രായേലുമായുള്ള യുദ്ധത്തിലേക്ക് ഇറാനെ വലിച്ചിഴച്ചതിന് ഖാംനഈയെ പഹ്ലവി കുറ്റപ്പെടുത്തിയിരുന്നു. തെഹ്റാനിലെ സർക്കാറിനെ ‘ദുർബലവും വിഭജിതവും’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ‘അത് ഉടൻ തകരാം. ഇറാൻ നിങ്ങളുടേതാണ്, തിരിച്ചുപിടിക്കേണ്ടത് നിങ്ങളാണ്. ഞാൻ നിങ്ങളോടൊപ്പമുണ്ട്. ശക്തരായിരിക്കുക, നമ്മൾ വിജയിക്കും’-അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. ഇറാനിൽ വീണ്ടും ഭരണഘടനാപരമായ രാജവാഴ്ച സ്ഥാപിക്കുന്നതിനായി താൻ അടുത്തിടെ ഒരു പ്രവാസ സർക്കാർ രൂപവത്കരിച്ചതായി 1986 മേയ് ഒന്നിന് പഹ്ലവി പ്രഖ്യാപിച്ചിരുന്നു.
നെതന്യാഹുവിന്റെ അടുത്ത സുഹൃത്തുകൂടിയാണ് പഹ്ലവി. 2023 ഏപ്രിലിൽ പഹ്ലവിയെ അദ്ദേഹം ഇസ്രായേലിലേക്ക് കൊണ്ടുവന്നിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.