പോളണ്ട് തെരഞ്ഞെടുപ്പിൽ ഭരണകക്ഷിക്ക് തകർച്ച
text_fieldsമത്യൂസ് മൊറാവിയകി
വാഴ്സോ: പോളണ്ട് പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ‘ലോ ആൻഡ് ജസ്റ്റിസ് പാർട്ടി’ക്ക് ഭരണത്തുടർച്ചയുണ്ടാകില്ലെന്ന് ഏതാണ്ട് ഉറപ്പായി. വോട്ടുനിലയിൽ മുന്നേറിയെങ്കിലും ഭൂരിപക്ഷം ഉറപ്പിക്കാനായില്ല. ഇതോടെ യൂറോപ്യൻ യൂനിയൻ അനുകൂല, ലിബറൽ കൂട്ടായ്മയായ ‘സിവിക് കോലീഷൻ’ സർക്കാർ രൂപവത്കരണത്തിനുള്ള ശ്രമങ്ങൾ തുടങ്ങി. യാഥാസ്ഥിതിക, ദേശീയവാദി കക്ഷിയായ ലോ ആൻഡ് ജസ്റ്റിസ് പാർട്ടി 35.38 ശതമാനവും സിവിക് കോലീഷൻ 30.7 ശതമാനവും വോട്ടാണ് നേടിയത്.
മധ്യ-വലതുപക്ഷ ആഭിമുഖ്യമുള്ള ‘തേഡ് വെ’ 14.4 ശതമാനവും ‘ന്യൂ ലെഫ്റ്റ്’ 8.61ശതമാനവും വോട്ട് നേടി. തീവ്ര വലതു നിലപാടുള്ള മുന്നണിക്ക് 7.16 ശതമാനം വോട്ട് ലഭിച്ചു. സിവിക് കോലീഷനും ന്യൂലെഫ്റ്റും തേഡ് വെയും ചേർന്ന് സഖ്യ സർക്കാറുണ്ടാക്കാനാണ് ശ്രമിക്കുന്നത്. ഔദ്യോഗിക ഫലപ്രഖ്യാപനമുണ്ടാകുന്നതോടെ ഇതുസംബന്ധിച്ച നീക്കങ്ങൾ തുടങ്ങുമെന്ന് നേതാക്കൾ വ്യക്തമാക്കി. എട്ടുവർഷമായി രാജ്യം ഭരിക്കുന്നത് ലോ ആൻഡ് ജസ്റ്റിസ് പാർട്ടിയാണ്.
ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും പാർട്ടി നേതാവ് ജാരോസ്ലാവ് കസിൻസ്കിക്ക് സർക്കാറുണ്ടാക്കാനുള്ള സാധ്യത തീരെയില്ല.
സോവിയറ്റ് പിന്തുണയുണ്ടായിരുന്ന ഭരണകൂടം തകർന്ന ശേഷം നടന്ന തെരഞ്ഞെടുപ്പുകളിൽ ഏറ്റവുമധികം പോളിങ് നടന്നത് ഇത്തവണയാണ് -75ശതമാനം. രാജ്യത്തിന്റെ ലിബറൽ സ്വഭാവം തകർത്ത കക്ഷിയാണ് ലോ ആൻഡ് ജസ്റ്റിസ്. നിലവിൽ മത്യൂസ് മൊറാവിയകി ആണ് പോളിഷ് പ്രധാനമന്ത്രി.
ഇപ്പോഴത്തെ ഭരണത്തിൽ, ഭരണഘടനാവിരുദ്ധമായി കോടതികളെപ്പോലും നിയന്ത്രിക്കുന്ന സ്ഥിതിയുണ്ടായി. പ്രതിപക്ഷ സ്വരങ്ങളെ അമർച്ച ചെയ്യാൻ പൊതു മാധ്യമസ്ഥാപനങ്ങളെ രാഷ്ട്രീയവത്കരിച്ചത് ഏറെ വിമർശനത്തിന് ഇടയാക്കിയിരുന്നു.
ഡോണൾഡ് ടസ്ക് ആണ് സിവിക് കോലീഷൻ നേതാവ്. 2007-14 കാലത്ത് ഇദ്ദേഹം പോളിഷ് പ്രധാനമന്ത്രിയായിരുന്നു. 2014-19 കാലത്ത് യൂറോപ്യൻ കൗൺസിൽ പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.