ട്രംപിന്‍റെ ഭീഷണിക്ക് പുല്ലുവില; റഷ്യയിൽനിന്ന് കൂടുതൽ എസ്-400 മിസൈൽ സംവിധാനം വാങ്ങാനുള്ള ചർച്ചയുമായി ഇന്ത്യ മുന്നോട്ട്
text_fieldsഎസ്-400 മിസൈൽ പ്രതിരോധ സംവിധാനം (File Photo)
മോസ്കോ: റഷ്യയുമായുള്ള വ്യാപാര ബന്ധം പ്രോത്സാഹിപ്പിക്കാനാകില്ലെന്ന് കാണിച്ച് യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ 25 ശതമാനം അധിക തീരുവ വകവെക്കാതെയാണ് ഇന്ത്യ തുടർ നടപടികൾ സ്വീകരിച്ചത്. പിന്നാലെ റഷ്യയുമായി സഹകരണം തുടർന്നാൽ ഇന്ത്യക്കുനേരെ കൂടുതൽ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ ചൈനയിൽ നടന്ന എസ്.സി.ഒ ഉച്ചകോടിക്കിടെ മോദിയും പുടിനും കൂടിക്കാഴ്ച നടത്തി. ഇപ്പോൾ റഷ്യൻ മിസൈൽ പ്രതിരോധ സംവിധാനമായ എസ്-400ന്‍റെ കൂടുതൽ യൂണിറ്റുകൾ വാങ്ങാനുള്ള ചർച്ചയുമായി ഇന്ത്യ മുന്നോട്ടുപോകുകയാണെന്ന റിപ്പോർട്ടും പുറത്തുവരുന്നുണ്ട്.
റഷ്യൻ സ്റ്റേറ്റ് ന്യൂസ് ഏജൻസിയായ ടാസിൽ ആ രാജ്യത്തെ പ്രതിരോധ ഉദ്യോഗസ്ഥനാണ് പുതിയ ഡിഫൻസ് ഡീലിനെ സംബന്ധിച്ച വെളിപ്പെടുത്തൽ നടത്തിയത്. പുതിയ യൂണിറ്റുകൾ ലഭ്യമാക്കാൻ ഇന്ത്യ ആവശ്യപ്പെട്ടെന്ന് മിലിറ്ററി ടെക്നിക്കൽ കോഓപറേഷൻ തലവനായ ദിമിത്രി സുഗായേവ് വ്യക്തമാക്കി. ചൈനയുടെ സൈനികശേഷി വർധിക്കുന്ന പശ്ചാത്തലത്തിൽ 2018ലാണ് റഷ്യയിൽനിന്ന് അഞ്ച് യൂണിറ്റ് എസ്-400 മിസൈൽ പ്രതിരോധ സംവിധാനം വാങ്ങാനുള്ള കരാറിൽ ഇന്ത്യ ഒപ്പുവച്ചത്. 5.5 ബില്യൻ ഡോളറിന്‍റെ വമ്പൻ കരാറായിരുന്നു ഇത്. ഇതിൽ മൂന്ന് യൂണിറ്റുകളാണ് ഇതുവരെ ഇന്ത്യക്ക് ലഭിച്ചത്. അടുത്ത രണ്ട് വർഷങ്ങളിലായി ശേഷിക്കുന്ന യൂണിറ്റുകൾ കൈമാറുമെന്നാണ് റഷ്യ അറിയിച്ചിട്ടുള്ളത്.
റഷ്യയുമായുള്ള വ്യാപാരബന്ധം അവസാനിപ്പിക്കണമെന്ന യു.എസിന്‍റെ ആവശ്യത്തിനു മുന്നിൽ മുട്ടുമടക്കാത്ത ഇന്ത്യൻ നിലപാടിനെ അഭിനന്ദിച്ച് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് രംഗത്തെത്തി. ഫ്രാൻസിൽനിന്നും ഇസ്രായേലിൽനിന്നും ആയുധങ്ങൾ ഇറക്കുമതി ചെയ്യുന്നുണ്ടെങ്കിലും ഇപ്പോഴും റഷ്യ തന്നെയാണ് ഇന്ത്യയുടെ പ്രധാന പ്രതിരോധ പങ്കാളി. 2020 മുത്ല് 24 വരെ ഇന്ത്യ ഇറക്കുമതി ചെയ്ത ആകെ ആയുധങ്ങളിൽ 36 ശതമാനവും റഷ്യയിൽനിന്നാണ്.
ദീർഘകാലമായി റഷ്യയുമായി പ്രതിരോധ സഹകരണം തുടരുന്ന ഇന്ത്യ ടി-90 ടാങ്ക്, സുഖോയ് ഫൈറ്റർ ജെറ്റ്, മിഗ് 29, കാമോവ് ഹെലികോപ്റ്റർ, വിമാനവാഹിനിക്കപ്പലായ ഐ.എൻ.എസ് വിക്രമാദിത്യ എന്നിവയെല്ലാം റഷ്യയിൽനിന്നാണ് വാങ്ങിയത്. ഇന്ത്യയിൽ എ.കെ-203 റൈഫിൾ നിർമാണവും ബ്രഹ്മോസ് മിസൈൽ പദ്ധതിയും റഷ്യയുടെ സഹകരണത്തോടെയാണ് നടക്കുന്നത്. മേയിൽ നടന്ന ഓപറേഷൻ സിന്ദൂറിന് പിന്നാലെ പാകിസ്താന്‍റെ ഭാഗത്തുനിന്നുണ്ടായ മിസൈൽ ആക്രമണങ്ങളെ ഫലപ്രദമായി ചെറുക്കാൻ എസ്-400 പ്രതിരോധ സംവിധാനം നിർണായക പങ്കുവഹിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.