യുക്രെയ്ൻ നഗരങ്ങൾക്കുനേരെ ആക്രമണം കടുപ്പിച്ച് റഷ്യ
text_fieldsയുക്രെയ്ൻ തലസ്ഥാനമായ കിയവിൽ നിന്ന് നാടുവിടുന്നവർ. അധിനിവേശം തുടങ്ങി ഒമ്പതുദിവസത്തിനിടെ 12 ലക്ഷം പേരാണ് അഭയാർഥികളായത്
കിയവ്: വിവിധ യുക്രെയ്ൻ നഗരങ്ങൾക്കുനേരെ റഷ്യൻ സേനയുടെ ആക്രമണം തുടരുകയാണ്. തലസ്ഥാനമായ കിയവിൽ വെള്ളിയാഴ്ച ഉച്ചയോടെ നിരവധി വലിയ സ്ഫോടനങ്ങൾ ഉണ്ടായി. കിയവ് ലക്ഷ്യമാക്കി നീങ്ങിയ റഷ്യൻ സൈനിക വ്യൂഹം വെള്ളിയാഴ്ചയും അതേനില തുടരുകയാണ്. മൂന്നുദിവസമായി സൈനിക വ്യൂഹം ഒരിഞ്ചുപോലും മുന്നേറിയിട്ടില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.
15,000 സൈനികരെകൂടി ഈ സൈനിക വ്യൂഹത്തിലേക്ക് കൊണ്ടുവരുമെന്നും സൂചനയുണ്ട്. ഇപ്പോൾ നിർത്തിവെച്ചിരിക്കുകയാണെങ്കിലും ഏതുസമയവും കിയവിന് നേർക്കുള്ള മുന്നേറ്റം പുനരാരംഭിച്ചേക്കാമെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം കീഴടക്കിയ കരിങ്കടൽ തുറമുഖ നഗരമായ ഖെർസോണിൽ സർക്കാർ മന്ദിരങ്ങൾ റഷ്യൻ പട്ടാളം പിടിച്ചെടുത്തു. തെക്കൻ തീരമേഖലയിലെ പ്രദേശങ്ങളൊക്കെ വരുതിയിലാക്കി യുക്രെയ്ന്റെ നാവിക കവാടം അടയ്ക്കാനാണ് റഷ്യൻ ശ്രമം. ഇതിന്റെ ഭാഗമായി മരിയുപോളിലെ ഉപരോധവും കടുപ്പിച്ചിട്ടുണ്ട്. ഖെർസോണിന് 70 കിലോമീറ്റർ വടക്കുള്ള മൈകോലേവ് പട്ടണത്തിന് നേർക്കും വെള്ളിയാഴ്ച സൈനിക നീക്കം തുടങ്ങി. കരിങ്കടൽ മേഖലയിലെ തന്ത്രപ്രധാന കപ്പൽ നിർമാണ കേന്ദ്രവും ട്രാൻസ്പോർട്ടേഷൻ ഹബുമാണ് നാലര ലക്ഷം ജനസംഖ്യയുള്ള മൈകോലേവ്.
മറ്റൊരു തെക്കൻ തുറമുഖ നഗരമായ ഒഡേസക്ക് നേരെ റഷ്യൻ നാവിക സേന ആക്രമണത്തിന് ഒരുങ്ങുന്നതായി യുക്രെയ്ൻ സർക്കാർ വെള്ളിയാഴ്ച അറിയിച്ചു. റഷ്യയുടെ പിടിയിലകപ്പെടാതിരിക്കാൻ ഒരു പടക്കപ്പലിനെ തങ്ങൾതന്നെ മുക്കിയതായും യുക്രെയ്ൻ പ്രതിരോധ മന്ത്രി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.