യുക്രെയ്നിൽ ആക്രമണം കനപ്പിച്ച് റഷ്യ
text_fieldsകിയവ്: യുക്രെയ്നിൽ അധിനിവേശം നടത്തുന്ന റഷ്യൻ സൈന്യം വിവിധ മേഖലകളിൽ ആക്രമണം കനപ്പിച്ചു. രണ്ടാമത്തെ വലിയ നഗരമായ ഖാർകിവിന് നേരെ അതിശക്തമായ മിസൈലാക്രമണമാണ് ചൊവ്വാഴ്ച ഉണ്ടായത്. ഖാർകിവിലെ സിവിലിയൻ കേന്ദ്രങ്ങൾ വരെ റഷ്യയുടെ ലക്ഷ്യമായി. കർണാടക സ്വദേശിയായ നവീൻ ഉൾപ്പെടെ പത്തിലേറെ പേർ ഇവിടെ മരിച്ചു.
നഗരമധ്യത്തിലെ ഫ്രീഡം സ്ക്വയറിൽ മിസൈൽ വീണ് ഭീകര സ്ഫോടനം ഉണ്ടായി. തലസ്ഥാനമായ കിയവും കടുത്ത ആക്രമണം നേരിടുകയാണ്. നഗരം ലക്ഷ്യമാക്കി റഷ്യയുടെ പടുകൂറ്റൻ സൈനിക വ്യൂഹം നീങ്ങിത്തുടങ്ങി. കിയവിന്റെ വടക്ക് പടിഞ്ഞാറ് മേഖലയിൽ 64 കിലോമീറ്റർ നീളത്തിൽ റഷ്യൻ സൈന്യം മുന്നേറുന്നതിന്റെ ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവന്നു. ഇത്രയും വലിയ സൈനിക നിരയോട് യുക്രെയ്ൻ പിടിച്ചുനിൽക്കില്ലെന്നാണ് യു.എസ് വൃത്തങ്ങളുടെ മുന്നറിയിപ്പ്.
ഖാർകിവിനും കിയവിനും മധ്യേയുള്ള ഒഖ്തിർക സൈനിക കേന്ദ്രത്തിൽ പീരങ്കി ആക്രമണത്തിൽ 70 യുക്രെയ്ൻ സൈനികർ കൊല്ലപ്പെട്ടു. തെക്ക് കിഴക്കൻ തുറമുഖ നഗരമായ മരിയുപോളിൽ പരക്കെ ഷെല്ലിങ്ങുണ്ടായി. തെക്കൻ നഗരമായ ഖെർസൺ റഷ്യൻ സേന സമ്പൂർണമായി വളഞ്ഞിരിക്കുകയാണ്. തുടർ ചർച്ച ആകാമെന്ന ധാരണയിൽ പിരിഞ്ഞ ബെലറൂസ് അതിർത്തിയിലെ കൂടിക്കാഴ്ചക്ക് ശേഷം റഷ്യ സൈനിക നടപടിയുടെ കാഠിന്യം കൂട്ടുന്ന കാഴ്ചയാണ് ചൊവ്വാഴ്ച ദൃശ്യമായത്.
ഖാർകിവിലെ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ റഷ്യൻ വിമാനങ്ങൾക്കും ഹെലികോപ്ടറുകൾക്കും പറക്കൽ നിരോധിത മേഖല (നോ ഫ്ലൈ സോൺ) ഏർപ്പെടുത്തണമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി ആവശ്യപ്പെട്ടു. വിഡിയോ ലിങ്ക് വഴി യൂറോപ്യൻ പാർലമെന്റിനെ അഭിസംബോധന ചെയ്ത സെലൻസ്കി, ജീവന് വേണ്ടിയാണ് തങ്ങൾ പൊരുതുന്നതെന്നും തങ്ങളെ തകർക്കാൻ ആർക്കും കഴിയില്ലെന്നും പ്രഖ്യാപിച്ചു. നിറഞ്ഞ കരഘോഷത്തോടെയാണ് പാർലമെന്റ് സെലൻസ്കിയുടെ പ്രഭാഷണത്തെ സ്വീകരിച്ചത്.
ഖാർകിവിന് നേരെ കിരാതമായ ആക്രമണമാണ് ഉണ്ടായതെന്ന് യുക്രെയ്ൻ വിദേശകാര്യമന്ത്രി ദിമിത്രി കുലേബയും വ്യക്തമാക്കി. റഷ്യയെ തടയാൻ കൂടുതൽ ഫലപ്രദമായ അന്താരാഷ്ട്ര ഉപരോധങ്ങൾ ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതിനിടെ, റഷ്യയുടെ എണ്ണ, വാതക മേഖലക്ക് യൂറോപ്യൻ യൂനിയൻ സമ്പൂർണ വിലക്ക് ഏർപ്പെടുത്തുന്ന കാര്യം ചർച്ച ചെയ്യാൻ യൂറോപ്യൻ പാർലമെന്റ് തീരുമാനിച്ചു. റഷ്യയുടെ സമ്പദ്ഘടനയെ ക്ഷീണിപ്പിക്കുന്ന തരത്തിൽ കടുത്ത ഉപരോധം ഏർപ്പെടുത്തണമെന്നും ഇ.യു ആവശ്യപ്പെട്ടു. പടിഞ്ഞാറൻ ഉപരോധങ്ങൾ റഷ്യയുടെ നിലപാടുകളെ ഒരിക്കലും സ്വാധീനിക്കില്ലെന്ന് ക്രെംലിൻ പ്രതികരിച്ചു. മോസ്കോയും കിയവും തമ്മിൽ നേരിട്ടുള്ള ചർച്ചകൾ ആരംഭിച്ചിട്ടുണ്ടെന്ന് പറഞ്ഞ ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് ഇരു പ്രസിഡന്റുമാരുടെയും ചർച്ച അജണ്ടയിൽ ഇല്ലെന്നും കൂട്ടിച്ചേർത്തു.
അധിനിവേശത്തെത്തുടർന്ന് ദശലക്ഷത്തിലേറെ സാധാരണക്കാർക്ക് വീടുവിട്ടുപോകേണ്ടി വന്നുവെന്ന് യു.എൻ റെഫ്യൂജി ഏജൻസി വിലയിരുത്തി. റഷ്യയുടെ യുദ്ധക്കുറ്റങ്ങൾക്ക് മേൽ അന്വേഷണം നടത്തുമെന്ന് അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രോസിക്യൂട്ടർ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.