കിയവിൽ റഷ്യയുടെ മിസൈൽ വർഷം; യുക്രെയ്നിൽ രണ്ടുമരണം, അഞ്ചുകുട്ടികളടക്കം 34 പേർക്ക് പരിക്ക്
text_fieldsകിയവ്: യുദ്ധം അവസാനിപ്പിക്കാനുള്ള ത്രികക്ഷി ചർച്ചകൾ പുനരാരംഭിക്കുമെന്ന പ്രതീക്ഷകൾക്കിടെ യുക്രെയ്ൻ തലസ്ഥാനമായ കിയവിൽ മണിക്കൂറുകൾ നീണ്ട മിസൈൽ ആക്രമണവുമായി റഷ്യ. ബുധനാഴ്ച രാത്രിയും വ്യാഴാഴ്ച പുലർച്ചയുമായി യുക്രെയ്നിലെ 12 മേഖലകളിലുണ്ടായ റഷ്യൻ ആക്രമണങ്ങളിൽ രണ്ടുപേർ കൊല്ലപ്പെടുകയും അഞ്ചു കുട്ടികളടക്കം 34 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി അറിയിച്ചു. അതേസമയം, മോസ്കോ ഉൾപ്പെടെ നഗരങ്ങളെ ലക്ഷ്യമിട്ടെത്തിയ 808 യുക്രെയ്ൻ ഡ്രോണുകൾ വെടിവെച്ചിട്ടതായി റഷ്യ അവകാശപ്പെട്ടു.
മൂന്ന് ഘട്ടങ്ങളിലായി 21 ബാലിസ്റ്റിക് മിസൈലുകളാണ് കിയവിലേക്ക് എത്തിയതെന്ന് സെലൻസ്കി പറഞ്ഞു. പാർപ്പിട സമുച്ചയങ്ങൾ, ഊർജനിലയങ്ങൾ, റെയിൽവേ സ്റ്റേഷൻ, മെട്രോ സംവിധാനം, വ്യാപാരകേന്ദ്രങ്ങൾ എന്നിവ ആക്രമണത്തിനിരയായി. തലസ്ഥാനത്ത് ഒരാൾ കൊല്ലപ്പെട്ടു. കിഴക്കൻ നഗരമായ ഖാർകിവിലും സമീപപ്രദേശങ്ങളിലുമുണ്ടായ ആക്രമണങ്ങളിൽ ഒരാൾ മരിക്കുകയും 13 പേർക്കെങ്കിലും പരിക്കേൽക്കുകയും ചെയ്തതായി യുക്രെയ്ൻ അടിയന്തരസേവന വിഭാഗം അറിയിച്ചു. റഷ്യ, യുക്രെയ്ൻ, അമേരിക്ക എന്നീ രാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുക്കുന്ന ചർച്ചകൾ പുനരാരംഭിക്കാൻ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ബുധനാഴ്ച തത്ത്വത്തിൽ സമ്മതിച്ചിരുന്നു. സെന്റ് പീറ്റേഴ്സ്ബർഗിൽ യു.എസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ദൂതൻ സ്റ്റീവ് വിറ്റ്കോഫുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു തീരുമാനം. എന്നാൽ, ചർച്ചയുടെ തീയതി നിശ്ചയിച്ചിട്ടില്ല. തലേദിവസം നോർവേയിൽ വിറ്റ്കോഫ് സെലൻസ്കിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.
കടുത്ത ശൈത്യകാലം അടുത്തിരിക്കെ യുക്രെയ്നിലെ വൈദ്യുതിവിതരണ സംവിധാനങ്ങൾക്കുനേരെ റഷ്യ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. അതിനിടെ, ഒറ്റരാത്രികൊണ്ട് 808 യുക്രെയ്ൻ ഡ്രോണുകൾ തകർത്തതായി റഷ്യൻ പ്രതിരോധമന്ത്രാലയം അറിയിച്ചു. രണ്ടുപേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. ബുധനാഴ്ച രാത്രി മുതൽ വ്യാഴാഴ്ച പുലർച്ചവരെ മോസ്കോയെ ലക്ഷ്യമിട്ട് 630 ഡ്രോണുകളെത്തിയതായി മേയർ സെർഗെയ് സോബ്യാനിൻ പറഞ്ഞു.

