ഖേഴ്സണിൽനിന്ന് സൈന്യത്തെ പിൻവലിക്കാൻ ഉത്തരവിട്ട് റഷ്യ
text_fieldsകിയവ്: പിടിച്ചെടുത്ത യുക്രെയ്നിലെ ഏക പ്രാദേശിക തലസ്ഥാനമായ ഖേഴ്സണിൽനിന്ന് പിൻവാങ്ങാൻ സൈന്യത്തോട് ഉത്തരവിട്ട് റഷ്യ. എന്നാൽ, റഷ്യൻ നടപടിയെ സംശയത്തോടെ കാണുന്ന യുക്രെയ്ൻ ഇക്കാര്യത്തിൽ കരുതലോടെയാണ് നീങ്ങുന്നത്. യുക്രെയ്ൻ സേനയെ ആകർഷിച്ച് കെണിയിലാക്കാനുള്ള തന്ത്രമാണെന്നാണ് വിലയിരുത്തൽ. ഇതുവരെ, റഷ്യ പൂർണമായി നഗരം വിട്ടുപോകുന്നതിന്റെ സൂചനകളില്ലെന്ന് യുക്രെയ്ൻ പ്രസിഡൻറിന്റെ ഉപദേഷ്ടാവ് മൈഖൈലോ പോഡോലിയാക് അറിയിച്ചു.
ബുധനാഴ്ച റഷ്യ നിയോഗിച്ച ഖേഴ്സണിലെ പ്രാദേശിക ഭരണകൂടത്തിലെ ഉദ്യോഗസ്ഥനായ കിറിൽ സ്ട്രെമോസോവ് കാറപകടത്തിൽ കൊല്ലപ്പെട്ട് മണിക്കൂറുകൾക്കകമാണ് തീരുമാനം വന്നത്. മരണം റഷ്യ നിയോഗിച്ച ഗവർണർ വ്ലാദിമിർ സാൽഡോ സ്ഥിരീകരിച്ചു. ആഗസ്റ്റിൽ സാൽഡോയെ വിഷം ഉള്ളിൽ ചെന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. റഷ്യൻ സൈന്യത്തിൽ ചില പ്രശ്നങ്ങളുണ്ടെന്നതിന്റെ തെളിവാണിതെന്ന് വൈറ്റ് ഹൗസിൽ വാർത്തസമ്മേളനത്തിൽ സംസാരിക്കവെ യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു.
ജി20 ഉച്ചകോടിയിൽ പുടിൻ പങ്കെടുക്കില്ല
ജകാർത്ത: ഈമാസം 15ന് ഇന്തോനേഷ്യയിൽ ആരംഭിക്കുന്ന ജി20 ദ്വിദിന ഉച്ചകോടിയിൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ പങ്കെടുക്കില്ലെന്ന് ഇന്തോനേഷ്യൻ സർക്കാർ ഉദ്യോഗസ്ഥൻ വ്യാഴാഴ്ച പറഞ്ഞു. പകരം ഉന്നത റഷ്യൻ ഉദ്യോഗസ്ഥനെത്തുമെന്നും ഔദ്യോഗികമായി അറിയിച്ചതായി ജി20 പരിപാടികളുടെ ചുമതലയുള്ള ലുഹുത് ബിൻസാർ പണ്ട്ജൈതൻ പറഞ്ഞു.
യുക്രെയ്നിൽ റഷ്യൻ സേനക്ക് കനത്ത തിരിച്ചടി നേരിട്ട സാഹചര്യത്തിലാണ് ജി20ൽ പങ്കെടുക്കേണ്ടെന്ന് പുടിൻ തീരുമാനിച്ചതെന്നാണ് വിലയിരുത്തൽ. യു.എസ് പ്രസിഡന്റ് ജോ ബൈഡൻ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് അടക്കം ലോകനേതാക്കളും പങ്കെടുക്കും. റഷ്യ യുക്രെയ്ൻ ആക്രമണം ആരംഭിച്ചശേഷം ബൈഡനും പുടിനും ഒരുമിച്ച് വേദി പങ്കിടേണ്ടിയിരുന്ന ആദ്യ സമ്മേളനമാണിത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.