ആവശ്യങ്ങൾ അംഗീകരിച്ചാൽ ചർച്ചയാകാമെന്ന് റഷ്യ
text_fieldsബർലിൻ: റഷ്യയുടെ എല്ലാ ആവശ്യങ്ങളും യുക്രെയ്ൻ അംഗീകരിച്ചാൽ ചർച്ചയാകാമെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ. ജർമൻ ചാൻസലർ ഒലാഫ് ഷോൾസുമായി ഒരു മണിക്കൂർ നീണ്ട സംഭാഷണത്തിലാണ് പുടിന്റെ പരാമർശം. അടുത്ത റൗണ്ട് ചർച്ചകളിൽ കിയവ് ക്രിയാത്മക നിലപാട് സ്വീകരിക്കുമെന്ന പ്രതീക്ഷ പുടിൻ പങ്കുവെച്ചു. സമാധാനം ആഗ്രഹിക്കുന്ന ആരുമായും ചർച്ചക്കുള്ള സന്നദ്ധത പുടിൻ പ്രകടിപ്പിച്ചതായും ജർമൻ സർക്കാർ വക്താവ് സ്റ്റെഫൻ ഹെബെസ്ട്രീറ്റ് പറഞ്ഞു.
വെള്ളിയാഴ്ച റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനെ വിളിച്ച് യുക്രെയ്ൻ പ്രതിസന്ധി ചർച്ച ചെയ്തതായി വക്താവ് പറഞ്ഞു. സൈനിക നടപടി അവസാനിപ്പിക്കാനും ഉടൻ വെടിനിർത്തൽ നടപ്പാക്കാനും അഭ്യർഥിച്ചു. ഒരു മണിക്കൂർ നീണ്ട സംഭാഷണത്തിൽ, എല്ലാ ശത്രുതകളും അവസാനിപ്പിക്കാനും സംഘർഷ പ്രദേശങ്ങളിൽ രക്ഷാപ്രവർത്തകർക്ക് പ്രവേശനം അനുവദിക്കാനും ആവശ്യപ്പെട്ടു. കൂടുതൽ ചർച്ച നടത്താൻ ഇരു നേതാക്കളും തീരുമാനിച്ചു. ഇന്റർഫാക്സ് വാർത്ത ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
യുദ്ധം ആരംഭിച്ച ശേഷം 1.2 ദശലക്ഷത്തിലധികം അഭയാർഥികൾ യുക്രെയ്നിൽ നിന്ന് പലായനം ചെയ്തതായി ഐക്യരാഷ്ട്രസഭ അറിയിച്ചു. റഷ്യൻ അധിനിവേശത്തിന്റെ തുടക്കം മുതൽ 331 പേർ കൊല്ലപ്പെട്ടു. 675 പേർക്ക് പരിക്കേറ്റു. ഇക്കാര്യം സ്ഥിരീകരിച്ചതായി യു.എൻ മനുഷ്യാവകാശ ഓഫിസ് വെള്ളിയാഴ്ച പുറത്തുവിട്ട വാർത്തക്കുറിപ്പിൽ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.