റഷ്യയിൽ യൂനിവേഴ്സിറ്റിയിൽ വിദ്യാർഥിയുടെ വെടിവെപ്പ്; ആറു മരണം, 24 പേർക്ക് പരിക്ക്
text_fieldsമോസ്കോ: റഷ്യൻനഗരമായ പേമിലെ യൂനിവേഴ്സിറ്റിയിൽ വിദ്യാർഥി നടത്തിയ വെടിെവപ്പിൽ ആറു പേർ കൊല്ലപ്പെട്ടു. നിരവധിപേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെയാണ് ആയുധവുമായി ആക്രമി കാമ്പസിലെത്തി വെടിവെപ്പ് ആരംഭിച്ചത്. വിദ്യാർഥികളും അധ്യാപകരും ക്ലാസ്മുറികളിലും മറ്റും കയറി കതകടച്ചത് വൻ ദുരന്തമൊഴിവാക്കി. ചിലർ ജനൽവഴി താഴേക്കുചാടി രക്ഷപ്പെടാൻ ശ്രമിച്ച് പരിക്കേറ്റു. 24 പേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക റിപ്പോർട്ട്. വിദ്യാർഥികൾ ജനൽവഴി ചാടി രക്ഷപ്പെടുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.
ആക്രമിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും മതപരമോ രാഷ്ട്രീയമോ ആയ താൽപര്യങ്ങൾ കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് പറഞ്ഞു. ഇതേ യൂനിവേഴ്സിറ്റിയിലെ 18കാരനായ വിദ്യാർഥിയാണ് പ്രതിയെന്നും പിടികൂടാനുള്ള ശ്രമത്തിനിടെ ഇയാൾക്ക് പരിക്കേറ്റതായും പൊലീസ് അറിയിച്ചു. തോക്കും മറ്റ് ആയുധങ്ങളും പിടിച്ചുനിൽക്കുന്ന ഫോേട്ടാ വിദ്യാർഥി നേരത്തെ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തിരുന്നു.
12,000 വിദ്യാർഥികൾ പഠിക്കുന്ന വാഴ്സിറ്റിയിൽ 3000 പേരാണ് ഉണ്ടായിരുന്നത്. വെടിവെപ്പ് ആരംഭിച്ചയുടൻ വിദ്യാർഥികൾ കസേരകൾ കൂട്ടിവെച്ച് ബാരിക്കേഡ് തീർത്ത് സ്വയം പ്രതിരോധമൊരുക്കി. തോക്ക് ലൈസൻസിന് രാജ്യത്ത് കടുത്ത നിയന്ത്രണമുണ്ടെങ്കിലും വേട്ടക്കും മറ്റുമുള്ള തോക്ക് സ്വന്തമാക്കാൻ അനുമതിയുണ്ട്.കഴിഞ്ഞ മേയിൽ കാസാനിലെ സ്കൂളിൽ സമാനമായി കൗമാരക്കാരൻ നടത്തിയ വെടിവെപ്പിൽ ഒമ്പതു പേർ കൊല്ലപ്പെട്ടിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.