ശബ്ദാതിവേഗ മിസൈൽ വർഷിച്ച് റഷ്യ; മരിയുപോളിൽ പട്ടാള ക്യാമ്പിൽ ആക്രമണം
text_fieldsകിയവ്: അധിനിവേശം തുടങ്ങി ആദ്യമായി യുക്രെയ്നിൽ ശബ്ദാതിവേഗ കിൻസാൽ മിസൈൽ വർഷിച്ച് റഷ്യ. റുമേനിയ അതിർത്തിയോടു ചേർന്ന ഇവാനോ ഫ്രാൻകീവ്സ് മേഖലയിലെ ഡെലിയാറ്റിൻ ആയുധ കേന്ദ്രത്തിന് നേരെയാണ് റഷ്യ കിൻസാൽ ഹൈപർസോണിക് മിസൈൽ വർഷിച്ചത്. മിസൈലുകളും വെടിക്കോപ്പുകളും സംഭരിക്കുകയും യുദ്ധവിമാനങ്ങളുടെ അറ്റകുറ്റപ്പണി നടത്തുകയും ചെയ്തിരുന്ന ഭൂഗർഭ കേന്ദ്രത്തിനു നെരെയായിരുന്നു ആക്രമണം.
അതിമാരക പ്രഹരശേഷിയുള്ള കിൻസാൽ ഹൈപർസോണിക് മിസൈലുകൾ ശബ്ദത്തെക്കാൾ 10 ഇരട്ടി വേഗത്തിൽ സഞ്ചരിക്കുന്നതാണ്. മിഗ്-31 വിമാനങ്ങൾ വഹിക്കുന്ന ഇവയെ വ്യോമ നിരീക്ഷണ സംവിധാനങ്ങൾക്ക് കണ്ടെത്താൻ സാധ്യമല്ല. ആക്രമണത്തിൽ കനത്ത ആയുധ നഷ്ടം കണക്കാക്കുന്നു. ആൾനാശത്തിന്റെ കണക്കുകൾ പുറത്തുവരുന്നേയുള്ളൂ. ആക്രമണം യുക്രെയ്നും സ്ഥിരീകരിച്ചിട്ടുണ്ട്.
അതിനിടെ, രൂക്ഷ പോരാട്ടം തുടരുന്ന തന്ത്ര പ്രധാന നഗരമായ മരിയുപോളിൽ റഷ്യൻ സേന തുറമുഖം പിടിച്ചെടുത്തു. ഇതോടെ അസോവ് കടലുമായി യുക്രെയ്ന് ബന്ധം നഷ്ടമായി. കരിങ്കടലിലേക്ക് തുറക്കുന്ന യുക്രെയ്നിലെ പ്രധാന തുറമുഖമാണിത്. പട്ടണത്തിൽ പ്രവർത്തിക്കുന്ന യൂറോപിലെ ഏറ്റവും വലിയ ഉരുക്കുനിർമാണ ഫാക്ടറികളിലൊന്നായ അസോവ്സ്റ്റാൽ പ്ലാന്റ് റഷ്യ ഷെല്ലുകൾ വർഷിച്ച് തകർത്തു. ഫാക്ടറി പിടിക്കാൻ റഷ്യൻ സേനയുടെ ശ്രമങ്ങൾ അവസാന ഘട്ടത്തിലാണെന്നാണ് സൂചന.
കഴിഞ്ഞ ദിവസം ഇവിടെ 1,000 ത്തോളം പേർ അഭയം തേടിയ തിയറ്റർ ആക്രമിക്കപ്പെട്ടിരുന്നു. 130 പേരെയാണ് ഇതുവരെ രക്ഷിക്കാനായത്. അവശേഷിക്കുന്നവർക്കായി തിരച്ചിൽ പുരോഗമിക്കുകയാണ്. നിരവധി പേർ ഇവിടെ കൊല്ലപ്പെട്ടതായി കണക്കാക്കുന്നു.
സമാനമായി, വടക്കൻ മേഖലയിലെ മികോലേവിൽ പട്ടാള ബാരക്കിനുനേരെയുണ്ടായ ആക്രമണത്തിൽ നിരവധി യുക്രെയ്ൻ സൈനികർ കൊല്ലപ്പെട്ടു. 200 ഓളം പേർ ഈ സമയം ബാരക്കിലുണ്ടായിരുന്നതായാണ് നിഗമനം. തകർന്ന കെട്ടിടാവശിഷ്ടങ്ങളിൽനിന്ന് 50 സൈനികരുടെ മൃതദേഹം കണ്ടെടുത്തിട്ടുണ്ട്. 57 പേരെയാണ് ഇതുവരെ രക്ഷപ്പെടുത്താനായത്. അവശേഷിക്കുന്നവർക്കായി തിരച്ചിൽ തുടരുകയാണ്. ഒഡേസയിൽ സൈനിക റേഡിയോ, നിരീക്ഷണ കേന്ദ്രങ്ങൾ തകർത്ത റഷ്യ കിയവ്, ചെർണോബ്, സിറ്റോമിർ മേഖലകളിലും പടിഞ്ഞാറൻ നഗരമായ ലിവിവിലും ശനിയാഴ്ച കനത്തആക്രമണം നടത്തി.
അതിനിടെ, കിഴക്കൻ മേഖലയിലെ ഡോണെറ്റ്സ്കിൽ ശനിയാഴ്ച അഭയാർഥികൾക്ക് നാടുവിടാനായി മാനുഷിക ഇടനാഴി അനുവദിച്ചു. രാവിലെ ഒമ്പതുമുതലാണ് റഷ്യൻ അനുകൂല ഭരണകൂടം ഇളവ് പ്രഖ്യാപിച്ചത്.
14,000ൽ ഏറെ റഷ്യൻ സൈനികർ ഇതുവരെ കൊല്ലപ്പെട്ടതായി യുക്രെയ്ൻ സർക്കാർ വൃത്തങ്ങൾ പറയുന്നു. അത്രയും പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. മാർച്ച് തുടക്കം വരെ 500 സൈനികരെ നഷ്ടപ്പെട്ട കണക്കു മാത്രമേ റഷ്യ സ്ഥിരീകരിച്ചിട്ടുള്ളൂ. മറുവശത്ത്, 2870 യുക്രെയ്ൻ സൈനികർ കൊല്ലപ്പെട്ടിട്ടുണ്ട്. റഷ്യൻ ആക്രമണത്തിൽ ഇതുവരെ 120 കുട്ടികൾ കുരുതിക്കിരയായതായി യുക്രെയ്ൻ വ്യക്തമാക്കി. അതേ സമയം, റഷ്യക്ക് സഹായം നൽകുന്നതുമായി ബന്ധപ്പെട്ട് ചൈനീസ് പ്രസിഡന്റ് ഷി ജിങ്പിങ്ങും യു.എസ് പ്രസിഡന്റ് ജോ ബൈഡനും സംഭാഷണം നടത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.