രക്തരൂഷിത പോരാട്ടത്തിനൊടുവിൽ സോളേദർ റഷ്യ പിടിച്ചു
text_fieldsകിയവ്/മോസ്കോ: തുടർച്ചയായ തിരിച്ചടികൾക്കൊടുവിൽ യുക്രെയ്ൻ യുദ്ധത്തിൽ നിർണായക നേട്ടം കൊയ്ത് റഷ്യ. ഒരു മാസത്തോളം നീണ്ട പോരാട്ടത്തിനുശേഷം കിഴക്കൻ യുക്രെയ്നിലെ നിർണായക പട്ടണമായ സോളേദറിന്റെ നിയന്ത്രണം റഷ്യ പിടിച്ചെടുത്തു. വ്യാഴാഴ്ച രാത്രിയോടെയാണ് ഉപ്പ് ഖനനത്തിന് പ്രശസ്തമായ സോളേദർ സ്വന്തമാക്കിയതെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം വക്താവ് ലെഫ്. ജനറൽ ഇഗോർ കൊനാഷെങ്കോവ് വ്യക്തമാക്കി. 2022 സെപ്റ്റംബറിൽ റഷ്യ കൂട്ടിച്ചേർത്ത നാലു യുക്രെയ്ൻ പ്രവിശ്യകളിലൊന്നായ ഡൊണെറ്റ്സ്കിന്റെ ഭാഗമാണ് സോളേദർ. അതേസമയം, സോളേദർ റഷ്യ പിടിച്ചെടുത്തത് യുക്രെയ്ൻ സ്ഥിരീകരിച്ചിട്ടില്ല.
സോളേദറിന്റെ നിയന്ത്രണത്തിലൂടെ ബക്മൂതിലെ യുക്രെയ്ൻ സൈനികർക്ക് ആയുധങ്ങളും ഭക്ഷണങ്ങളും എത്തിക്കുന്ന വിതരണ ശൃംഖല തകർക്കാൻ സാധിക്കുമെന്ന് റഷ്യൻ പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. ബക്മൂതിലെ യുക്രെയ്ൻ സൈനിക യൂനിറ്റുകളെ വളയാനും ഒറ്റപ്പെടുത്താനും കഴിയും.
അതേസമയം, യുദ്ധത്തിന്റെ ഏറ്റവും പ്രയാസകരമായ ഘട്ടമാണിതെന്നും ഞങ്ങൾക്കുതന്നെയായിരിക്കും വിജയമെന്നതിൽ സംശയമില്ലെന്നും യുക്രെയ്ൻ പ്രതിരോധ സഹമന്ത്രി ഹന്ന മാലിയർ പറഞ്ഞു. കിഴക്കൻ യുക്രെയ്നിലെ വിജയം ഉറപ്പാക്കാൻ റഷ്യ സൈന്യത്തിന്റെ വലിയൊരു ഭാഗത്തെയും നിയോഗിച്ചിരിക്കുകയാണ്. ഞങ്ങളുടെ ധീര സൈനികർ കടുത്ത പ്രതിരോധം ഉയർത്തുന്നുണ്ട് -അവർ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.