യുദ്ധത്തിൽ റഷ്യ വിജയിക്കുന്നു; 'തീവ്രവാദികളുമായി' ചർച്ചക്കില്ലെന്ന് പുടിൻ
text_fieldsവ്ലാദിമിർ പുടിൻ
ബിഷ്കെക്ക്: യുക്രെയ്ൻ യുദ്ധത്തിൽ റഷ്യ വിജയിച്ചുകൊണ്ടിരിക്കുകയാണെന്നും, യുക്രെയ്ൻ നേതൃത്വം മോസ്കോയുമായി ചർച്ച നടത്താൻ സാധിക്കാത്ത വിധം 'തീവ്രവാദികളായി' മാറിയിരിക്കുകയാണെന്നും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ വ്യക്തമാക്കി. കിർഗിസ്ഥാനിൽ നടന്ന ഉച്ചകോടിക്കു ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് പുടിൻ യുദ്ധത്തെക്കുറിച്ചുള്ള തന്റെ ഏറ്റവും വിശദമായ നിലപാടുകൾ പങ്കുവെച്ചത്.
യുക്രെയ്ൻ റഷ്യക്കുള്ളിൽ നടത്തുന്ന ആക്രമണങ്ങൾ യഥാർത്ഥ നാശനഷ്ടങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെന്നും, പ്രത്യേകിച്ച് ഡ്രോണുകൾ വലിയ വെല്ലുവിളിയാണ് ഉയർത്തുന്നതെന്നും പുടിൻ സമ്മതിച്ചു. രാജ്യത്തിന്റെ സുരക്ഷക്ക് ഈ ഡ്രോണുകൾ വലിയൊരു വെല്ലുവിളി തന്നെയാണെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ യുദ്ധരംഗത്ത് റഷ്യ മുന്നേറിക്കൊണ്ടിരിക്കുകയാണെന്നും, ശത്രുക്കൾ തകർന്നടിയുമെന്നതിൽ എനിക്ക് യാതൊരു സംശയവുമില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എങ്കിലും ഈ വിജയം എപ്പോഴായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. റഷ്യ പുതിയ സൈനിക സമാഹരണത്തിന് ഉത്തരവിടുമെന്ന പ്രചാരണം തികഞ്ഞ അസംബന്ധമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. കഴിഞ്ഞ ആഗസ്റ്റിൽ കിഴക്കൻ യുക്രെയ്നിലെ ഡൊനെറ്റ്സ്ക് മേഖലയിൽ 270 ചതുരശ്ര കിലോമീറ്റർ പ്രദേശം റഷ്യൻ സൈന്യം പിടിച്ചെടുത്തതായും, ഒരു വലിയ യുക്രെയ്ൻ സൈനിക സംഘത്തെ വളഞ്ഞതായും പുടിൻ അവകാശപ്പെട്ടു.
സ്ലൊവ്യാംസ്ക്, ക്രമാറ്റോർസ്ക് എന്നീ നഗരങ്ങളിലേക്ക് റഷ്യൻ മുന്നേറ്റം തുടരുകയാണെന്നും, യുക്രെയ്നിലെ ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ കനത്ത ആക്രമണങ്ങൾ അഴിച്ചുവിടാൻ മോസ്കോയുടെ സേന തയാറെടുക്കുകയാണെന്നും പുടിൻ കൂട്ടിച്ചേർത്തു. യുക്രെയ്ൻ ഡ്രോണുകൾ റഷ്യൻ വ്യോമാതിർത്തി അടച്ചുപൂട്ടുമെന്ന യുക്രെയ്ൻ പ്രസിഡന്റ് വ്ലോദിമിര് സെലൻസ്കിയുടെ മുന്നറിയിപ്പ് "രാഷ്ട്രീയ തീവ്രവാദത്തിന്" തുല്യമാണെന്നും, ഇത്തരം നീതിരഹിത നടപടികൾ ഉണ്ടായാൽ മോസ്കോ ശക്തമായി പ്രതികരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
തീവ്രവാദികളുമായി ചർച്ച സാധ്യമല്ലെന്ന് കർശന നിലപാട് വ്യക്തമാക്കിയെങ്കിലും, യുക്രെയ്ൻ സംഘർഷം പരിഹരിക്കുന്നതിനായി പുതിയ ക്രിയാത്മക നീക്കങ്ങൾ ഉണ്ടായാൽ ചർച്ചകൾക്ക് മോസ്കോ ഇപ്പോഴും തുറന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും പുടിൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

