യുക്രെയ്നിൽ റഷ്യൻ മിസൈലാക്രമണം; ആറു മരണം
text_fieldsകിയവ്: യുക്രെയ്നിലെ തെക്കൻ നഗരമായ ഒഡേസയിലും കിഴക്കൻ നഗരമായ ഡോണട്സ്കിലും ബുധനാഴ്ച റഷ്യൻസേന നടത്തിയ മിസൈലാക്രമണത്തിൽ ആറു പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ ഒട്ടേറെ വീടുകൾ തകർന്നതായി യുക്രെയ്ൻ അധികൃതർ അറിയിച്ചു.
ഒഡേസയിൽ ഭക്ഷ്യസംഭരണശാലയിലെ മൂന്നു ജീവനക്കാരാണ് മിസൈലാക്രമണത്തിൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ 13 പേർക്ക് പരിക്കേറ്റു. വീടുകളും കടകളും കഫെകളും ആക്രമണത്തിൽ തകർന്നതായി പ്രാദേശിക ഭരണകൂടം അറിയിച്ചു. തകർന്ന ഭക്ഷ്യസംഭരണശാലയിൽ മറ്റാരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് പരിശോധന നടത്തുന്നുണ്ട്. നാലു കാലിബർ മിസൈലുകൾ ഉപയോഗിച്ചാണ് റഷ്യൻ ആക്രമണമെന്നും പ്രാദേശിക ഭരണകൂടം ആരോപിച്ചു.
ഡോണട്സ്ക് പ്രവിശ്യയിലെ ക്രമറ്റോർസ്ക് നഗരത്തിൽ രണ്ടുപേരും കൊസ്ത്യന്റിനിവ്കയിൽ ഒരാളും മിസൈലാക്രമണങ്ങളിൽ കൊല്ലപ്പെട്ടതായി ഗവർണർ പാവ്ലോ കിയിർലങ്കോ പറഞ്ഞു. ഒട്ടേറെ വീടുകൾക്ക് നാശമുണ്ടായിട്ടുണ്ട്.
ഇരുനഗരങ്ങളിലുമായി 90ഓളം വീടുകൾക്ക് നാശമുണ്ടായതായി യുക്രെയ്ൻ പ്രസിഡന്റിന്റെ ഓഫിസ് അറിയിച്ചു. ഒരു വർഷത്തിലധികമായി തുടരുന്ന യുദ്ധത്തിൽ റഷ്യൻ സേന വ്യോമാക്രമണം കടുപ്പിച്ചിരിക്കുകയാണെന്ന് യുക്രെയ്ൻ കുറ്റപ്പെടുത്തി.
അതേസമയം, റഷ്യൻ നിയന്ത്രണത്തിലുള്ള രാജ്യത്തിന്റെ അഞ്ചിലൊന്ന് ഭാഗം തിരിച്ചുപിടിക്കുന്നതിനുള്ള പ്രത്യാക്രമണത്തിൽ യുക്രെയ്ൻ ചെറിയതോതിൽ നേട്ടമുണ്ടാക്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ രാജ്യം പതിയെ മുന്നേറുകയാണെന്ന് യുക്രെയ്ൻ ഉപ പ്രതിരോധമന്ത്രി ഹന്ന മലിയർ പറഞ്ഞു. ഡോണട്സ്കിലെ ബഖ്മുതിൽ 500 മീറ്റർ ദൂരവും തെക്കൻ മേഖലയിലെ സപോറിഷ്യയിൽ 350 മീറ്ററും മുന്നേറ്റം നടത്തി. റഷ്യൻ വ്യോമാക്രമണത്തിനിടയിലും യുക്രെയ്ൻ മുന്നേറ്റം തുടരുകയാണെന്നും ഹന്ന അവകാശപ്പെട്ടു.
അതേസമയം, നിയന്ത്രണം വീണ്ടെടുക്കാനുള്ള യുക്രെയ്നിന്റെ ശ്രമം ഫലം കാണാൻ വർഷങ്ങളെടുക്കുമെന്നാണ് പടിഞ്ഞാറൻ നിരീക്ഷകരുടെയും സൈനിക അധികൃതരുടെയും നിഗമനം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.