അമേരിക്കയുടെ തീരുവ യുദ്ധത്തിനിടെ റഷ്യൻ പ്രസിഡന്റ് പുടിൻ ഇന്ത്യയിലേക്ക്
text_fieldsറഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും
ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുവ യുദ്ധം മുറുകുന്നതിനിടെ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഇന്ത്യയിലേക്ക്. ഡിസംബറിൽ ഇന്ത്യയിലെത്തുമെന്ന് ക്രെംലിൻ വിദേശകാര്യ വിഭാഗം മേധാവി യുറി ഉഷകോവ് അറിയിച്ചു. അതിന് മുന്നോടിയായി തിങ്കളാഴ്ച ചൈനയിലെ ടിയാൻജിൻ സിറ്റിയിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിയിൽ മോദിയും പുടിനും കൂടികാഴ്ച നടത്തുന്നുണ്ട്. ഇന്ത്യ സന്ദർശനത്തിന്റെ തയ്യാറെടുപ്പിൽ ഈ കൂടികാഴ്ചയിൽ വിലയിരുത്തും.
റഷ്യയിൽ നിന്നും എണ്ണവാങ്ങുന്നതിന്റെ പേരിൽ ഇന്ത്യക്കെതിരെ ട്രംപ് ചുമത്തിയ ഇരട്ടി തീരുവ കഴിഞ്ഞ ദിവസം പ്രാബല്ല്യത്തിൽ വന്നിരുന്നു. പകരച്ചുങ്കത്തിന് പുറമെയാണ് റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിൽ 25 ശതമാനം പിഴചുങ്കവും അമേരിക്ക ഇന്ത്യക്കു മേൽ ചുമത്തിയത്. രണ്ട് നികുതികളുമുൾപ്പെടെ 50 ശതമാണ് ഇന്ത്യൻ ഉൽപന്നങ്ങൾക്ക് ചുമത്തി തുടങ്ങിയത്.
അമേരിക്കയുമായി വ്യാപാര മേഖലയിലെ അനിശ്ചിതത്വം സജീവമാകുന്നതിനിടെ റഷ്യയുമായും ചൈനയുമായും ശക്തമായ സൗഹൃദത്തിലേക്ക് നീങ്ങുന്ന ഇന്ത്യയുടെ നയതന്ത്രം ലോകരാജ്യങ്ങൾ സൂക്ഷ്മമായാണ് നിരീക്ഷിക്കുന്നത്. ഷാങ്ഹായ് ഉച്ചകോടിയുടെ ഭാഗമായി ശനിയാഴ്ച ചൈനയിലെത്തു പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടികാഴ്ച നടത്തും.
കഴിഞ്ഞ മേയിൽ പ്രധാനമന്ത്രിയുടെ മോസ്കോ സന്ദർശനത്തിനിടെ പ്രസിഡന്റ് പുടിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു. ക്ഷണം സ്വീകരിച്ച ശേഷം, ഇപ്പോഴാണ് സന്ദർശന തീയതി സ്ഥിരീകരിക്കുന്നത്.
2022ൽ റഷ്യ-യുക്രെയ്ൻ യുദ്ധം ആരംഭിച്ച ശേഷം, പ്രസിഡന്റ് പുടിൻ ആദ്യമായാണ് ഇന്ത്യയിലെത്തുന്നത്. ഇന്ത്യക്കെതിരായ അമേരിക്കൻ തീരുവ നീക്കതെ റഷ്യ രൂക്ഷമായി വിമർശിച്ചതും ശ്രദ്ധേയമായിരുന്നു. അമേരക്കൻ നടപടി ഇരട്ടത്താപ്പെന്ന് വ്യക്തമാക്കി അദ്ദേഹം, ഇന്ത്യൻ ഉൽപന്നങ്ങൾ അമേരിക്കയിലേക്ക് പോയില്ലെങ്കിൽ അവ റഷ്യയിലെത്തുമെന്നായിരുന്നു പുടിന്റെ മറുപടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.