തകർന്നടിഞ്ഞ ഗസ്സയിൽ പ്രത്യാശയുടെ വെളിച്ചം; 'റിയാദ് മോഡൽ സ്കൂൾ' പണിയാൻ സൗദി അറേബ്യ
text_fieldsകെ.എസ്.റിലീഫ് ഓപറേഷൻസ് ആൻഡ് പ്രോഗ്രാംസ് വിഭാഗം അസി. സൂപ്പർവൈസർ ജനറൽ അഹമ്മദ് അൽ-ബൈസ് ധാരണപത്രത്തിൽ ഒപ്പിടുന്നു
റിയാദ്: ഗസ്സ മുനമ്പിലെ ദെയർ അൽബലഹ് നഗരത്തിൽ ‘റിയാദ് മോഡൽ സ്കൂൾ’ നിർമിച്ച് പ്രവർത്തിപ്പിക്കുന്നതിനായി കിങ് സൽമാൻ റിലീഫ് കേന്ദ്രവും സൗദി പൈതൃക സാംസ്കാരിക കേന്ദ്രവും തമ്മിൽ സംയുക്ത സഹകരണ കരാർ ഒപ്പുവെച്ചു. കെ.എസ്.റിലീഫ് ഓപ്പറേഷൻസ് ആൻന്റ് പ്രോഗ്രാംസ് വിഭാഗം അസിസ്റ്റന്റ് സൂപ്പർവൈസർ ജനറൽ അഹമ്മദ് അൽ ബൈസും സൗദി സെന്റർ ഫോർ കൾച്ചർ ആൻഡ് ഹെറിറ്റേജ് ചെയർമാൻ ഇസ്സാം അബു ഖലീലും വീഡിയോ കോൺഫറൻസിംഗിലൂടെയാണ് സഹകരണ കരാറിൽ ഒപ്പുവെച്ചത്.
ഗസ്സ മുനമ്പിൽ യുദ്ധം മൂലം ദുരിതമനുഭവിക്കുന്ന കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം പുനരാരംഭിക്കുന്നതിന് സഹായിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഇതിനായി പ്രവിശ്യയിലെ നിലവിലെ സാഹചര്യങ്ങൾക്ക് അനുയോജ്യമായി ദിവസേന രണ്ട് ഷിഫ്റ്റുകളിലായി ഒന്നാം ക്ലാസ് മുതൽ ആറാം ക്ലാസ് വരെയുള്ള 720 വിദ്യാർഥികൾക്ക് പഠനം ഉറപ്പാക്കാൻ എല്ലാവിധ സജ്ജീകരണങ്ങളോടെ ഒരു സ്കൂൾ ഒരുക്കും.
പദ്ധതിയിൽ സ്കൂളിന്റെ സജ്ജീകരണവും പ്രവർത്തനപരവും സാങ്കേതികവുമായ അടിസ്ഥാന സൗകര്യ വികസനവും ക്ലാസ് മുറികൾ, ഫർണിച്ചറുകൾ, പഠന സഹായികൾ എന്നിവ ലഭ്യമാക്കലും, വെള്ളം, ശുചീകരണം, സൗരോർജ്ജം, ഇന്റർനെറ്റ്, വെന്റിലേഷൻ, നിരീക്ഷണ കാമറകൾ എന്നിവയുൾപ്പെടെയുള്ള സൗകര്യങ്ങളുടെ നവീകരണവും പൂർത്തീകരണ ജോലികളും ഇതിൽ ഉൾക്കൊള്ളുന്നു.
പ്രത്യേക ഗ്രൂപ്പ്, വ്യക്തിഗത സെഷനുകൾ എന്നിവയിലൂടെ യുദ്ധം ബാധിച്ച കുട്ടികളുടെ മാനസികാരോഗ്യവും സാമൂഹിക സ്ഥിരതയും മെച്ചപ്പെടുത്തുന്നതും പദ്ധതിയിലുണ്ട്. ലക്ഷ്യമിടുന്ന പ്രായവിഭാഗത്തിന് അനുയോജ്യമായ വിനോദ, വിദ്യാഭ്യാസ പ്രവർത്തനങ്ങൾ സംഘടിപ്പിക്കും. വിദ്യാഭ്യാസ, ഭരണ, സേവന മേഖലകളിൽ 22 തൊഴിലവസരങ്ങൾ ഈ പദ്ധതി നൽകും.
വിദ്യാർഥികളുടെയും അധ്യാപകരുടെയും കുടുംബങ്ങളിൽ നിന്നുള്ള 3,715 വ്യക്തികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഗസ്സ മുനമ്പിൽ യുദ്ധം ബാധിച്ച കുട്ടികൾക്ക് സുരക്ഷിതവും സുസ്ഥിരവുമായ ഒരു വിദ്യാഭ്യാസ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനും തകർന്ന പ്രദേശങ്ങളിലെ വിദ്യാഭ്യാസ മേഖലയെ പന്തുണയ്ക്കുന്നതിനുമുള്ള കിങ് സൽമാൻ റിലീഫ് കേന്ദ്രത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ കരാർ വരുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

