ഹൂതി ആക്രമണ ഭീതി: സൗദി അരാംകോ ആസ്ഥാനത്ത് നിന്ന് ജീവനക്കാരോട് ഒഴിഞ്ഞുപോകാൻ നിർദേശം
text_fieldsസൗദി അറേബ്യയുടെ കിഴക്കൻ എണ്ണ ഹബ്ബായ ദഹ്റാനിലുള്ള തങ്ങളുടെ പ്രധാന ആസ്ഥാന മന്ദിരത്തിൽ നിന്ന് ജീവനക്കാരെ അടിയന്തരമായി ഒഴിപ്പിച്ചുകൊണ്ട് ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ സൗദി അരാംകോ. സമീപ പ്രദേശമായ ദമ്മാമിലെ വിമാനത്താവളത്തിന് നേരെ നടന്ന ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ജീവനക്കാരോട് ഓഫീസ് ഒഴിയാനും വീട്ടിലിരുന്ന് ജോലി ചെയ്യാനും കമ്പനി കർശന നിർദ്ദേശം നൽകിയത്. ഇറാൻ യുദ്ധം ആരംഭിച്ചതിനു ശേഷം ഇതാദ്യമായാണ് അരാംകോ തങ്ങളുടെ പ്രധാന ആസ്ഥാനത്ത് നിന്ന് ജീവനക്കാരെ പൂർണമായി ഒഴിപ്പിക്കുന്ന അടിയന്തര നടപടിയിലേക്ക് കടക്കുന്നത്.
വൻ നാശനഷ്ടങ്ങൾക്ക് പിന്നാലെ പുതിയ നീക്കം; വിമാനത്താവളത്തിലും ആക്രമണം
ആഗോള എണ്ണവിപണിയുടെ നിയന്ത്രണ കേന്ദ്രമായ അരാംകോയുടെ ഓപ്പറേഷൻസ് സെന്റർ സ്ഥിതി ചെയ്യുന്നത് ഈ ആസ്ഥാനത്താണ്. കരയിലെയും കടലിലെയും എണ്ണക്കിണറുകൾ, റിഫൈനറികൾ, കയറ്റുമതി ടെർമിനലുകൾ, ആയിരക്കണക്കിന് കിലോമീറ്റർ നീളമുള്ള എണ്ണ പൈപ്പ് ലൈനുകൾ എന്നിവ ഏകോപിപ്പിക്കുന്നത് ഇവിടെ നിന്നാണ്.
യെമനിലെ ഹൂതികൾ ഈ മാസമാദ്യം ദഹ്റാനിലെ അരാംകോ ആസ്ഥാന മന്ദിരത്തിന് നേരെ നടത്തിയ ആക്രമണത്തിൽ കെട്ടിടത്തിന് വൻ നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു. കെട്ടിടത്തിന്റെ നിരവധി നിലകളിൽ അന്ന് തീ പടർന്നിരുന്നു. ദഹ്റാനിൽ നിന്ന് 15 കിലോമീറ്റർ അകലെയുള്ള ദമ്മാമിലെ കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ബുധനാഴ്ച വൈകുന്നേരമുണ്ടായ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സൗദി സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റി സ്ഥിരീകരിച്ചു. തെക്കുകിഴക്കൻ മേഖലയിലുള്ള അരാംകോയുടെ പ്രമുഖ എണ്ണപ്പാടമായ ഷൈബയിലെ കേന്ദ്രം ലക്ഷ്യമിട്ടെത്തിയ ഡ്രോൺ സൗദി വ്യോമപ്രതിരോധ സേന തകർത്തെങ്കിലും ഇതിന്റെ അവശിഷ്ടങ്ങൾ പതിച്ച് രണ്ട് പേർ കൊല്ലപ്പെട്ടതായി സൗദി ഊർജ്ജ മന്ത്രാലയവും അറിയിച്ചു.
ഹൂതികളുടെ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾക്ക് മറുപടിയായി അവരുടെ ലോഞ്ചർ താവളങ്ങൾക്ക് നേരെ സൗദി അറേബ്യ ശക്തമായ വ്യോമാക്രമണങ്ങൾ തുടരുകയാണ്.
നയതന്ത്ര ഉദ്യോഗസ്ഥരുടെ കുടുംബങ്ങളെ തിരിച്ചുവിളിച്ച് വാഷിംഗ്ടൺ
മേഖലയിലെ സംഘർഷം അതിരൂക്ഷമായതോടെ, സൗദി അറേബ്യയിലെ തങ്ങളുടെ എംബസികളിൽ നിന്നും കോൺസുലേറ്റുകളിൽ നിന്നും ചില നയതന്ത്ര ഉദ്യോഗസ്ഥരോടും അവരുടെ കുടുംബാംഗങ്ങളോടും രാജ്യം വിടാൻ യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഉത്തരവിട്ടു. പശ്ചിമേഷ്യൻ മേഖലയിലെ മറ്റ് ചില യു.എസ് മിഷനുകളിൽ നിന്നും ഉദ്യോഗസ്ഥരുടെ കുടുംബങ്ങളെ തിരിച്ചുവിളിക്കാൻ അമേരിക്ക നടപടികൾ ആരംഭിച്ചു.
ഹൂതികൾക്കെതിരായ പോരാട്ടത്തിൽ സഖ്യകക്ഷികളുടെ പിന്തുണ തേടാൻ റിയാദ് ശ്രമിക്കുന്നുണ്ടെങ്കിലും, സൗദി മുന്നണിയിൽ നേരിട്ട് പങ്കാളിയാകാനുള്ള നീക്കങ്ങളോട് അമേരിക്കൻ ഭരണകൂടം ഇതുവരെയും വിമുഖതയാണ് കാട്ടുന്നത്.

