യു.എസ് വെടിവെപ്പ്: രക്ഷപ്പെട്ട പ്രതിക്കായി തിരച്ചിൽ ഊർജിതം
text_fieldsവാഷിങ്ടൺ: അമേരിക്കൻ സംസ്ഥാനമായ മെയ്നെയിലെ ലൂയിസ്റ്റണിൽ വെടിവെപ്പ് നടത്തിയെന്ന് സംശയിക്കുന്ന റോബർട്ട് കാർഡിനുവേണ്ടി പൊലീസ് തിരച്ചിൽ ഊർജിതമാക്കി. ഒരു റസ്റ്റാറന്റിലും ബൗളിങ് കേന്ദ്രത്തിലുമുണ്ടായ വെടിവെപ്പിൽ 18 പേർ കൊല്ലപ്പെടുകയും 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
യു.എസ് സൈന്യത്തിലെ റിസർവ് യൂനിറ്റിൽ പ്രവർത്തിച്ചിരുന്ന ഇയാൾ അപകടകാരിയെന്നാണ് പൊലീസ് വിലയിരുത്തൽ. ആശങ്കജനകമായ സാഹചര്യം മുൻനിർത്തി പ്രദേശത്തെ സ്കൂളുകളും വ്യാപാര സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്.
വ്യാഴാഴ്ച രാത്രി പൊലീസ് ബൗഡോയ്നിലെ ഒരു വീട്ടിൽ തിരച്ചിൽ നടത്തി. റോബർട്ട് കാർഡിനോട് കീഴടങ്ങാൻ മെഗാഫോണിലൂടെ പൊലീസ് ആവശ്യപ്പെടുന്നുണ്ടായിരുന്നു. ഇയാൾ ഒളിച്ചിരിക്കുന്നുണ്ടെന്ന സംശയത്തെത്തുടർന്നായിരുന്നു പരിശോധന. എന്നാൽ, ഏതാനും മണിക്കൂറുകൾക്കുശേഷം പൊലീസ് സ്ഥലത്തുനിന്ന് പോയി.
അമേരിക്കയിലെ ഏറ്റവും ജനസാന്ദ്രത കുറഞ്ഞ സംസ്ഥാനമായ മെയ്നെയിലെ ഏറ്റവും ഭീകരമായ വെടിവെപ്പാണ് കഴിഞ്ഞ ദിവസമുണ്ടായത്. സംഭവത്തെത്തുടർന്ന്, തോക്ക് നിരോധനം നടപ്പാക്കണമെന്ന് സംസ്ഥാനത്തുനിന്നുള്ള യു.എസ് കോൺഗ്രസ് പ്രതിനിധി ജാറെഡ് ഗോൾഡൻ ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.