ഷാങ്ഹായ് സഹകരണ ഉച്ചകോടി 31 മുതൽ: പുടിൻ, മോദി, ഉർദുഗാൻ തുടങ്ങി 20 രാഷ്ട്രനേതാക്കൾ സംബന്ധിക്കും
text_fieldsബെയ്ജിങ്: ഷാങ്ഹായ് സഹകരണ സംഘടന ഉച്ചകോടി ആഗസ്റ്റ് 31, സെപ്റ്റംബർ ഒന്ന് തീയതികളിൽ ചൈനയിൽ നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ, തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ, മലേഷ്യ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം തുടങ്ങി 20 രാഷ്ട്രനേതാക്കളും യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസും സംബന്ധിക്കും.
യു.എസിന്റെ തീരുവ ഭീഷണിക്കെതിരെ സഹകരണം ശക്തമാക്കാൻ നീക്കമുള്ളതിനാൽ ഇത്തവണത്തെ ഉച്ചകോടിക്ക് സവിശേഷ പ്രാധാന്യമുണ്ട്. 2001ൽ ചൈന, റഷ്യ, കസാഖ്സ്താൻ, ഉസ്ബകിസ്താൻ, തജികിസ്താൻ, കിർഗിസ്താൻ എന്നിവ ചേർന്ന് രൂപവത്കരിച്ച സംഘടനയിൽ 2017ൽ ഇന്ത്യയെയും പാകിസ്താനെയും 2023ൽ ഇറാനെയും 2024ൽ ബെലറൂസിനെയും ഉൾപ്പെടുത്തുകയായിരുന്നു. ഭൂമിശാസ്ത്രപരമായ വ്യാപ്തിയും ജനസംഖ്യയും കണക്കിലെടുക്കുമ്പോൾ ലോകത്തിലെ ഏറ്റവും വലിയ പ്രാദേശിക സംഘടനയാണിത്. ശ്രീലങ്ക, തുർക്കിയ, കംബോഡിയ, അസർബൈജാൻ, നേപ്പാൾ, അർമേനിയ, ഈജിപ്ത്, ഖത്തർ, സൗദി അറേബ്യ, ബഹ്റൈൻ, കുവൈത്ത്, മ്യാന്മർ, മാലദ്വീപ്, യു.എ.ഇ എന്നീ രാജ്യങ്ങൾ സംഭാഷണ പങ്കാളികളാണ്.
ലോകത്തിലെ മൊത്തം വിസ്തൃതിയുടെ ഏകദേശം 24 ശതമാനം, ജനസംഖ്യയുടെ 42 ശതമാനം ഉൾക്കൊള്ളുന്നതാണ് ഷാങ്ഹായ് സഹകരണ സംഘടന. ഉച്ചകോടിക്കിടെ മോദി ഷി ജിൻപിങ്, പുടിൻ തുടങ്ങിയവരുമായി പ്രത്യേക കൂടിക്കാഴ്ച നടത്തും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.