'പരമാധികാരം വിൽപനക്ക് വെച്ചതല്ല, അത് സംരക്ഷിക്കാനുള്ളതാണ്'; മയക്കുമരുന്നിനെ നേരിടാൻ നിങ്ങളുടെ സൈന്യത്തിന്റെ ആവശ്യമില്ലെന്ന് ട്രംപിനോട് മെക്സിക്കൻ പ്രസിഡന്റ്
text_fieldsമെക്സികോ സിറ്റി: രാജ്യത്തെ ലഹരിമരുന്ന് മാഫിയക്കെതിരായ പോരാട്ടത്തിന് സൈന്യത്തെ അയക്കാമെന്ന യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വാഗ്ദാനം നിരസിച്ചതായി മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോം.
ലഹരിമരുന്ന് സംഘങ്ങളെ നേരിടാൻ മെക്സികോയിലേക്ക് ട്രംപ് യു.എസ് സൈന്യത്തെ അയക്കാൻ പദ്ധതിയിടുന്നെന്ന വാൾ സ്ട്രീറ്റ് ജേണൽ പത്രത്തിലെ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് ഷെയിൻബോമിന്റെ പ്രതികരണം. ‘‘ലഹരി മാഫിയ സംഘങ്ങളെ നേരിടാൻ എന്തു സഹായമാണ് ചെയ്യേണ്ടത്. യു.എസ് സൈന്യം നിങ്ങളെ സഹായിക്കണമെന്നാണ് തന്റെ നിർദേശമെന്ന് ട്രംപ് പറഞ്ഞു’’. വേണ്ട, പ്രസിഡന്റ് ട്രംപ്. പരമാധികാരം വിൽപനക്ക് വെച്ചതല്ല. പരമാധികാരം സ്നേഹിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും ചെയ്യേണ്ടതാണെന്നും അദ്ദേഹത്തിന് മറുപടി നൽകിയതായും ഷെയിൻബോം പറഞ്ഞു.
കിഴക്കൻ മെക്സികോയിൽ അനുയായികളോട് സംസാരിക്കവേയായിരുന്നു ഷെയിൻബോമിന്റെ വിശദീകരണം. അനധികൃത കുടിയേറ്റം തടയാനുള്ള ട്രംപിന്റെ ഉത്തരവിനെത്തുടർന്ന് മെക്സികോയുടെ തെക്കൻ അതിർത്തിയിൽ യു.എസ് സൈനിക സാന്നിധ്യം വർധിപ്പിച്ചിട്ടുണ്ട്.
യു.എസിലേക്ക് ലഹരിമരുന്ന് കടത്തുന്ന നിരവധി സംഘങ്ങളെയും കാർട്ടലുകളെയും വിദേശ ഭീകര സംഘടനകളായി ട്രംപ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. യു.എസിലേക്കുള്ള അനധികൃത കുടിയേറ്റം തടയാൻ സഹകരിക്കാമെന്ന് മെക്സികോ നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഏകപക്ഷീയ സൈനിക ഇടപെടലിന് യു.എസ് നീക്കം നടത്തുന്നതിനെതിരെ ഷെയിൻബോമിന്റെ കടുത്ത നിലപാട് ട്രംപുമായി പുതിയ ഏറ്റുമുട്ടലിലേക്ക് നീങ്ങുന്നതിന്റെ സൂചനയാണ് നൽകുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.