3000 കാറുകളുമായി കപ്പലിന് തീപിടിച്ചു
text_fieldsആംസ്റ്റർഡാം: 3000 കാറുകളുമായി വന്ന കപ്പലിന് ഡച്ച് തീരത്തിനടുത്ത് തീപിടിച്ചു. കപ്പൽ ജീവനക്കാരിലൊരാൾ പൊള്ളലേറ്റ് മരിച്ചു. 23 പേരായിരുന്നു കപ്പലിൽ ഉണ്ടായിരുന്നത്. ഏഴുപേർ പരിക്കുകളോടെ കടലിൽ ചാടി. ബാക്കിയുള്ളവരെ ഹെലികോപ്ടറിൽ രക്ഷിച്ചു. പുക ശ്വസിച്ചും പൊള്ളലേറ്റും എല്ലൊടിഞ്ഞുമാണ് ജീവനക്കാർക്ക് പരിക്കേറ്റത്. രക്ഷാപ്രവർത്തനത്തിനെത്തിയ മറ്റൊരു കപ്പലിൽനിന്ന് വെള്ളമടിച്ച് തീകെടുത്താൻ ശ്രമിച്ചെങ്കിലും കൂടുതൽ വെള്ളം അടിച്ചാൽ കപ്പൽ മുങ്ങാനുള്ള സാധ്യതയുള്ളതിനാൽ പിൻവാങ്ങി. ജർമനിയിൽനിന്ന് ഈജിപ്തിലേക്ക് പോവുകയായിരുന്ന പാനമയിൽ രജിസ്റ്റർ ചെയ്ത കപ്പലിനാണ് ചൊവ്വാഴ്ച രാത്രി തീപിടിച്ചത്. ബുധനാഴ്ച വൈകീട്ടും തീയണക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോർട്ട്. ഇലക്ട്രിക് കാറിൽനിന്നാണ് തീപിടിച്ചതെന്ന് ഡച്ച് തീരസംരക്ഷണ സേന വക്താവ് വാർത്ത ഏജൻസിയോട് പറഞ്ഞു. ഈ മാസം ആദ്യം യു.എസിലെ ന്യൂജഴ്സിയിൽ കാറുകൾ കൊണ്ടുപോയ കപ്പലിന് തീപിടിച്ച് ഒരാൾ മരിക്കുകയും അഞ്ചുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ പോർചുഗൽ തീരത്ത് ആഡംബര കാറുകളുമായി പോയ കപ്പലിന് തീപിടിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.